Deshabhimani

‘പല മണ്ഡലങ്ങളിലും കോൺഗ്രസ്-ബിജെപി ഡീൽ’; ഗുരുതര ആരോപണവുമായി യൂത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2024, 12:39 PM | 0 min read

പാലക്കാട്‌ > പാലക്കാട്ടെ കോൺഗ്രസിൽ പൊട്ടിത്തെറി. ഡോ. പി സരിൻ സിപിഐ എമ്മിനോടൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചതിന്‌ പിന്നാലെയാണ് നിരവധിപേർ കോൺഗ്രസ്‌ വിടാനുള്ള തീരുമാനത്തിലെത്തിയത്‌. യൂത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറിയും കെഎസ്‌യു മുൻ ജില്ലാ പ്രസിഡന്റുമായ എ കെ ഷാനിബാണ്‌ ഇപ്പോൾ കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചിരിക്കുന്നത്‌. വാർത്താസമ്മേളനത്തിലൂടെയാണ്‌ ഷാനിബ്‌ കാര്യങ്ങൾ വ്യക്തമാക്കിയത്‌. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയും അവരുമായി ഡീലുണ്ടാക്കിയവരും തോൽക്കണം എന്നാണാഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ്‌-ബിജെപി ബന്ധത്തെ കുറിച്ചുള്ള വളരെ ഗുരുതരമായ ആരോപണങ്ങളാണ്‌ എ കെ ഷാനിബ്‌ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്‌. പാലക്കാട്‌, വടകര, ആറന്മുള കരാറിന്റെ രക്തസാക്ഷിയാണ്‌ മുൻ കെപിസിസി അധ്യക്ഷൻ കെ മുരളീധരൻ എന്ന്‌ വാർത്താ സമ്മേളനത്തിൽ ഷാനിബ്‌ പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ കോൺഗ്രസ്‌ വിജയിക്കുമെന്നും, അത്‌ ബിജെപിയുടെ വോട്ട്‌ വാങ്ങിയിട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇങ്ങനെ പല മണ്ഡലങ്ങളിലും കോൺഗ്രസ്‌-ബിജെപി ധാരണയുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

തുടർച്ചയായി ഭരണം നഷ്‌ടപ്പെട്ടിട്ടും കോൺഗ്രസ്‌ തിരുത്താൻ തയ്യാറാകുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില കമ്മ്യൂണിറ്റികളിൽ നിന്ന്‌ വരുന്ന നേതാക്കളെ കോൺഗ്രസ്‌ തഴയുന്നുവെന്നും ഷാനിബ്‌ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

‘വി ഡി സതീശൻ-ഷാഫി പറമ്പിൽ എന്നിവരടങ്ങുന്ന നെക്‌സസാണ്‌ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്‌. അന്തരിച്ച കോൺഗ്രസ്‌ നേതാവ്‌ ഉമ്മൻ ചാണ്ടിയുടെ പേരിൽ ഇവർ നടത്തുന്ന നാടകങ്ങൾ കണ്ട്‌ സഹിക്കാൻ സാധിക്കുന്നില്ല. മുഖ്യമന്ത്രിയാകാൻ വി ഡി സതീശൻ ആർഎസ്‌എസിന്റെ കാൽ പിടിക്കുന്നു.’- എ കെ ഷാനിബ്‌ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത്‌ കോൺഗ്രസ്‌ അധ്യക്ഷനായത്‌ വ്യാജ തിരിച്ചറിയൽ കാർഡ്‌ ഉപയോഗിച്ചാണ്‌ എന്നുള്ള ആരോപണങ്ങളും ഷാനിബ്‌ ശരിവച്ചു.



deshabhimani section

Related News

0 comments
Sort by

Home