സെൻകുമാറിനായി ചെന്നിത്തല സീനിയോറിറ്റിയും മറികടന്നു; ഒറ്റരാത്രികൊണ്ട് ഡിജിപിയാക്കി

തിരുവനന്തപുരം > സീനിയർ ഉദ്യോഗസ്ഥനെ മറികടന്നായിരുന്നു ടി പി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതെന്ന് ഒടുവിൽ തുറന്നുസമ്മതിച്ച് രമേശ് ചെന്നിത്തല. യുഡിഎഫ് ഭരണകാലത്ത് സീനിയറായിരുന്ന മഹേഷ്‌കുമാർ സിംഗ്ലയെ മറികടന്നാണ് അന്ന് അഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തല സെൻകുമാറിനെ പൊലീസ് മേധാവിയാക്കിയത്. അതിനെതിരെ വിമർശനമുയർന്നപ്പോൾ ന്യായീകരിച്ച ചെന്നിത്തല സെൻകുമാർ സംഘപരിവാർ പാളയത്തിൽ എത്തിയപ്പോഴും മുൻ നിലപാടിൽ ഉറച്ചുനിന്നു. ഒടുവിൽ ഗത്യന്തരമില്ലാതെയാണ് ഇപ്പോൾ തെറ്റ് സമ്മതിച്ചത്.
കെ എസ് ബാലസുബ്രഹ്മണ്യൻ വിരമിച്ച ഒഴിവിലാണ് ജയിൽ മേധാവിയായിരുന്ന ടി പി സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചത്. 1982 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ മഹേഷ്‌കുമാർ സിംഗ്ല ആയിരുന്നു സീനിയർ. കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന സിംഗ്ല ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തലയെ കണ്ട് കേരള സർവീസിലേക്ക് മടങ്ങിവരാൻ കത്തും നൽകി. ഘടക കക്ഷിയായ മുസ്ലിംലീഗടക്കം സിംഗ്ലയുടെ നിയമനത്തിന് അനുകൂലവുമായിരുന്നു. എന്നാൽ, ഒറ്റരാത്രികൊണ്ട് തീരുമാനം അട്ടിമറിച്ചു. സിംഗ്ലയെ ഒഴിവാക്കി 1983 ബാച്ച് ഐപിഎസുകാരനായ സെൻകുമാറിനെ പൊലീസ് മേധാവിയാക്കി. സംഘപരിവാർ കേന്ദ്രങ്ങളും ഒരു സമുദായനേതാവും ഇതിന് സർക്കാരിൽ സമ്മർദം ചെലുത്തിയതായി ആരോപണമുണ്ടായിരുന്നു.
എൽഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ സെൻകുമാറിനെ നീക്കി. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, സെൻകുമാറിനെ പിന്തുണച്ച് നിയമസഭയ്‌ക്കകത്തും പുറത്തും പ്രതിപക്ഷം ശക്തമായി വാദിച്ചു. സർക്കാർ തീരുമാനത്തിനെതിരെ അടിയന്തരപ്രമേയ നോട്ടീസ് നൽകി വാക്കൗട്ടും നടത്തി. ഏറ്റവും സമർഥനായ ഉദ്യോഗസ്ഥനെന്നായിരുന്നു നാടാകെ ഓടിനടന്ന് ചെന്നിത്തല സെൻകുമാറിനെ വിശേഷിപ്പിച്ചത്.
‘സെൻകുമാർ, ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നിടത്തല്ല’ എന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നിത്തലയെ ഓർമിപ്പിച്ചതുമാണ്. എന്നാൽ, സെൻകുമാറിനെപ്പോലെ മിടുമിടുക്കനായ ഉദ്യോഗസ്ഥനെ ആർഎസ്‌എസ് ആക്കാമോ എന്നായിരുന്നു ചെന്നിത്തല ചോദിച്ചത്. സർക്കാരിനെതിരെ സെൻകുമാർ കോടതിയിൽ പോയപ്പോഴും യുഡിഎഫ് ഒന്നടങ്കം പിന്തുണയുമായി രംഗത്തെത്തി.









0 comments