പിടിക്കപ്പെടുന്നതെല്ലാം സ്വന്തക്കാരും ബന്ധുക്കളും, രണ്ടാം ഘട്ടത്തിന് നാഥനുമില്ല; കാറ്റുപോയി തൂഫാന്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വിശ്വസ്തന്റെ എംഡിഎംഎ കേസിൽ നിശബ്ദമായി പോയ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം പ്രഖ്യാപിച്ചിട്ടും കാറ്റുപോയ അവസ്ഥയിലാണ്. തദ്ദേശ സ്ഥാപനങ്ങളുമായി കൈകോർത്ത് ആയിരത്തിൽപരം വാർഡുകളിൽ തൂഫാൻ സമിതികൾ രൂപീകരിച്ചുള്ള പ്രവർത്തനങ്ങളായിരിക്കും നടക്കുക എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, പ്രഖ്യാപനം വാക്കുകളിൽ മാത്രമായി ഒതുങ്ങി. ലഹരിക്കേസുകൾ വർധിക്കുന്നതിനൊപ്പം കോൺഗ്രസ് നേതാക്കള്‍ കൂടി പ്രതിചേർക്കപ്പെട്ടതോടെ പദ്ധതി നോക്കുകുത്തിയായി മാറി.
ഒന്നാം ഘട്ടം കാറ്റുപോയതിനാൽ ജനങ്ങളെ കബളിപ്പിക്കാൻ രണ്ടാം ഘട്ടമെന്ന ഗിമ്മിക്കുമായി എത്തിയതായിരുന്നു ആഭ്യന്തര മന്ത്രി. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോ - ഓഡിനേറ്ററായിരുന്ന മുഹമ്മദ് ഹുസൈന്‍റെ ഫോണ്‍ പോലും പരിശോധിക്കാതെ പ്രതിക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കി നല്‍കുകയായിരുന്നു ആഭ്യന്തര വകുപ്പും എക്സൈസും ചെയ്തത്.
ജനങ്ങൾക്കിടയിലേക്കിറങ്ങി ബോധവത്ക്കരണം നടത്തുമെന്നതടക്കം രണ്ടാം ഘട്ടത്തിന്റെ പ്രഖ്യാപനത്തിൽ രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാൽ ഓപ്പറേഷനായി വിവിധ സംഘങ്ങള്‍ രൂപീകരിക്കുന്നതല്ലാതെ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. സെപ്തംബർ 28 ന് രണ്ടാംഘട്ടം ആരംഭിക്കുമെന്ന് അറിയിച്ചിട്ടും തയ്യാറെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
ജനങ്ങൾക്കിടയിൽ കാമ്പയിൻ നടത്തുന്ന രണ്ടാം ഘട്ടത്തിനായി ഒരു ഒരുക്കവും താഴേത്തട്ടിൽ ഇതുവരെ ആരംഭിച്ചിട്ടില്ല. കാമ്പയിന് ആര് നേതൃത്വം നൽകും, എങ്ങനെയാണ് അത് പ്രാവർത്തികമാക്കുക, ആരെല്ലാം പങ്കാളികളാകും തുടങ്ങിയ കാര്യങ്ങളിൽ ഒരു വ്യക്തതയുമില്ല. അതിനിടെയാണ് അന്തര്‍ സംസ്ഥാന ലഹരി സംഘങ്ങളിലേക്കുള്ള അന്വേഷണത്തിന് ആന്റി നാര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ രൂപീകരിച്ചത്. കേരളത്തിനുള്ളിലെ കേസുകളിൽ കൃത്യമായ ധാരണയില്ലാതെ മുന്നോട്ട് പോകുന്നതിനിടെയാണിത്.
ആദ്യഘട്ടത്തിൽ തന്നെ ഗണ്യമായ മുന്നേറ്റം നടത്താൻ കഴിഞ്ഞുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, തൂഫാന്റെ പേരിൽ പിടികൂടിയ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ ചെറിയ രീതിയില്‍ മാത്രം വിൽപ്പന നടത്തുന്നവരുമായിരുന്നു. യഥാർത്ഥ പ്രതികളായവരെ കെണിയിലാക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. അതിന് ശ്രമിക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമമെന്ന് കാസർഗോഡ് എംഡിഎംഎ കേസിൽ വ്യക്തമായതാണ്. തൂഫാൻ ഒന്നാം ഘട്ടം നന്നായി കൊണ്ടു പോകാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ പുട്ട വിമലാധിത്യയെ നേതൃസ്ഥാനത്തു നിന്ന് മാറ്റി പകരം ഐജി ആർ നിശാന്തിനിയെ നിയമിച്ചതിലും സർക്കാർ പ്രതികരിച്ചിട്ടില്ല.
പുട്ട വിമലാധിത്യയ്ക്ക് പകരമെത്തിയ നിശാന്തിനിയുടെ പ്രവർത്തനങ്ങലെക്കുറിച്ചോ നിർദേശങ്ങലെക്കുറിച്ചോ ഇതുവരെ വാർത്തകളൊന്നും വന്നിട്ടില്ല. ഉത്തരവാദിത്വം തന്നിലേൽപ്പിച്ചെന്ന് അറിയുകപോലും ചെയ്തിട്ടില്ല എന്ന സ്ഥിതിയാണ് നിശാന്തിനിക്കുള്ളത്. ഇതിനിടെയാണ് കുട്ടികൾക്കടക്കം ലഹരി വിതരണം ചെയ്ത കേസിലെ പ്രതിയോടൊപ്പമുള്ള ഒ ജെ ജനീഷ് മന്ത്രിയുടെ ചങ്ങാത്തം പുറത്തുവരുന്നത്. എന്താണ് തൂഫാന്റെ ലക്ഷ്യമെന്ന് പദ്ധതി ആവിഷ്കരിച്ചവർക്ക് പോലും ധാരണയില്ല എന്നതാണ് വാസ്തവം.









0 comments