വെന്തുരുകി കേര‌ളം; 35 പേർക്ക‌് പൊള്ളലേറ്റു; ജാഗ്രതാനിർദേശം ശനിയാഴ‌്ച വരെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 26, 2019, 07:46 PM | 0 min read

തിരുവനന്തപുരം
മീനച്ചൂടിൽ വലയുന്ന കേരളത്തിൽ സൂര്യാതപമേൽക്കുന്നവരുടെ എണ്ണം ഉയരുന്നു. ചൊവ്വാഴ‌്ച മാത്രം സംസ്ഥാനമൊട്ടാകെ  35 പേർക്ക‌് പൊള്ളലേറ്റു.  എറണാകുളത്ത‌് മത്സ്യബന്ധനത്തിടെ തൊഴിലാളി കുഴഞ്ഞുവീണ‌് മരിച്ചതും സൂര്യാതപത്താലെന്ന‌് സംശയിക്കുന്നു. 

കെടാമംഗലം തുണ്ടിപ്പുരയിൽ വേണു (50)വാണ‌് മരിച്ചത‌്. പോസ‌്റ്റ‌്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക‌്തമാകൂ. സംസ്ഥാനത്തെങ്ങും  പകൽ ശരാശരി താപനില 35 ഡിഗ്രി സെൽഷ്യസിന‌് മുകളിലാണ‌്. തൃശൂർ വെള്ളാനിക്കര 40.4 ഡിഗ്രിസെൽഷ്യസ‌്,  പുനലൂർ 39.5, കോട്ടയം 37 , തിരുവനന്തപുരം 35.4, കണ്ണൂർ 36.7, കൊച്ചി 37.1 ഡിഗ്രി സെൽഷ്യസ‌് മറ്റിടങ്ങളിലെ താപനില. ചൂട‌് കൂടുന്നതിനാൽ ജാഗ്രതനിർദേശം ശനിയാഴ‌്ച വരെ നീട്ടിയിട്ടുണ്ട‌്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്,  കോഴിക്കോട് എന്നീ  ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും  നാലുഡിഗ്രി വരെ കൂടാൻ സാധ്യതയുണ്ട‌്.

പത്തനംതിട്ട , എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട‌് ജില്ലകളിൽ 3  ഡിഗ്രി വരെയും  ഉയരും. ജനജീവിതം ദുസ്സഹമാക്കി പാലക്കാട‌് ജില്ലയിൽ ചൂട‌് 41 ഡിഗ്രിയിൽ തുടരുകയാണ‌്. മുണ്ടൂർ ഐആർടിസിയിലെ മാപിനിയിൽ 41  ഡിഗ്രി സെൽഷ്യസ‌് രേഖപ്പെടുത്തി. തുടർച്ചയായി രണ്ടാം ദിനവും മാസത്തിൽ മൂന്നാം തവണയുമാണ‌് മുണ്ടൂരിൽ 41 ഡിഗ്രി രേഖപ്പെടുത്തുന്നത‌്. 

ചൊവ്വാഴ‌്ച ജില്ലയിൽ രണ്ടു പേർക്ക‌് സൂര്യാതപമേറ്റു. കിണാശേരി സ്വദേശി മുത്തുക്കുട്ടി (46), കാരക്കാട‌് സ്വദേശി അഫ‌്സൽ എന്നിവർക്കാണ‌് സൂര്യാതപമേറ്റത‌്. എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ കാവുങ്കര പൂവൻവീട്ടിൽ സേവിയുടെ ഭാര്യ ലിജിക്കും ഓട്ടോ ഓടിക്കുന്നതിനിടെ  ചിറ്റാറ്റുകര മുണ്ടുരുത്തി മണപ്പുറത്ത് ശിവദാസിനുംപൊള്ളലേറ്റു.

ആലുവ എടയപ്പുറം മനയ‌്ക്കാഴത്ത‌് ഷംസുവിന്റെ കാള ചത്തു.  ചൊവ്വാഴ‌്ച മാത്രം  ആലപ്പുഴ ജില്ലയിൽ ഒമ്പതുപേർക്ക‌് പൊള്ളലേറ്റു. പുളിങ്കുന്നിൽ നാലുപേർക്കും ആറാട്ടുപുഴയിൽ രണ്ടുപേർക്കും ചെറിയനാട്, അരൂർ, അമ്പലപ്പുഴ വടക്ക് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ‌് സൂര്യാതപമേറ്റത‌്. മലപ്പുറം ആലങ്കോട് അട്ടേക്കുന്നിലെ കരിങ്കൽ തൊഴിലാളി കൊച്ചൻപറമ്പിൽ അഷ‌്റഫ‌് (47), അരീക്കോട‌് സൗത്ത‌് പുത്തലത്തെ പടിക്കൽതൊടി  രാംദാസ‌് കള്ളിത്തൊടി (59) എന്നിവർക്ക‌് പൊള്ളലേറ്റു.

കോട്ടയം ജില്ലയിൽ ബാലികയടക്കം അഞ്ചുപേർക്ക‌് സൂര്യാതപമേറ്റു. ഏറ്റുമാനൂരിനടുത്ത‌് പട്ടിത്താനം, കുറുമുള്ളൂർ എന്നിവിടങ്ങളിലായി രണ്ടുപേർക്കും കോട്ടയം,  ഉദയനാപുരം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ‌് സൂര്യാതപമേറ്റത‌്. കോട്ടയം നഗരസഭാ ശുചീകരണവിഭാഗം തൊഴിലാളി കലക്ടറേറ്റിനുസമീപം മുട്ടമ്പലം പൊന്നമ്പലം പി എം ശേഖർ, മരപ്പണിക്കാരായ ഏറ്റുമാനൂർ പട്ടിത്താനം പഴമയിൽ തങ്കച്ചൻ, കുറുമുള്ളൂർ സ്വദേശി സജി,  കാഞ്ഞിരപ്പള്ളി സ്വദേശിനി ആദിയ(നാല്),  ഉദയനാപുരം സ്വദേശി അരുൺ എന്നിവർക്കാണ് പൊള്ളലേറ്റത്.  ഇടുക്കി രാജാക്കാട്ടിൽതകിടിയേൽ മാത്യു പൊള്ളലേറ്റ‌് ചികിത്സ തേടി. പത്തനംതിട്ട ജില്ലയിൽ ആറുപേർക്ക‌് സൂര്യാതപമേറ്റു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home