ഭരണം പോകുംമുമ്പ് ചെന്നിത്തലയുടെ സഹായം ആര്‍എസ്എസുകാര്‍ക്കെതിരായ യുഎപിഎ ഒഴിവായി

കണ്ണൂര്‍> കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തി ആര്‍എസ്എസിനു ഒത്താശ ചെയ്ത രമേശ് ചെന്നിത്തല തൊഴിലാളിയെ പട്ടണമധ്യത്തില്‍ ജനങ്ങള്‍ കാണ്‍കെ ബോംബെറിഞ്ഞും വെട്ടിയും കൊന്ന കേസില്‍ ചുമത്തിയ യു എപിഎ ഒഴിവാക്കിക്കൊടുത്തതായി വ്യക്തമായി. ചിറ്റാരിപ്പറമ്പിലെ ഒ പ്രേമന്‍ എന്ന തൊഴിലാളിയെ കൊന്ന കേസിലാണ് ചെന്നിത്തല യുഎപിഎ ഒഴിവാക്കി കൊടുത്തത്.
ഭരണം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് 2016 ഏപ്രില്‍ 18 നു ഇറക്കിയ ഉത്തരവിലൂടെയാണ് ആര്‍എസ്എസിന്റെ ആവശ്യം സാധിച്ചു കൊടുത്തത്.
അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.
സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കിയതിനെ തുടര്‍ന്ന് തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍പാകെയുള്ള പ്രേമന്‍ വധക്കേസ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി.കേസില്‍ കൊലപാതകത്തിനുള്ള ഐ.പി.സി 302 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ മാത്രമേ ഇനി നിലനില്‍ക്കുകയുള്ളൂവെന്നതിനാല്‍ തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തുടര്‍ നടപടികള്‍ സ്വീകരിക്കാതെ കേസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവാകുകയായിരുന്നു.കൊലപാതക കേസുകള്‍മജിസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ച ശേഷം മാത്രമേ സെഷന്‍സ് കോടതിക്ക് മുന്‍പാകെ വരാനുള്ള അനുമതിയുള്ളൂ. മജിസ്ട്രേറ്റ് കോടതി മറ്റ് നടപടികള്‍ക്ക് ശേഷം കേസ് വീണ്ടും സെഷന്‍സ് കോടതിക്ക് വിടും.
2015 ഫെബ്രുവരി 25 ന് രാത്രിയാണ് കള്ളുഷാപ്പ് ജീവനക്കാരനായ പ്രേമനെ കാറിലെത്തിയ അക്രമി സംഘം ബോംബെറിഞ്ഞ ശേഷം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ പ്രേമന്‍ ഫെബ്രുവരി 26 ന് പുലര്‍ച്ചെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ മരിച്ചു. ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരായ കണ്ടോത്ത് പി.എം സജേഷ്(26) കെ.വി നിധീഷ്(26)എന്‍.നിഖില്‍(25),രഞ്ജിത്ത് രമേശ്(29) ഉള്‍പ്പെടെ 11 പ്രതികളാണ് കേസിലുള്ളത്.









0 comments