27 July Saturday
ജില്ലയുടെ സമഗ്രവികസനം

പദ്ധതി നിർവഹണം വേഗത്തിലാക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022
 
കൽപ്പറ്റ 
ജില്ലയിലെ വികസന പദ്ധതികളുടെ നിർവഹണവും അനുവദിക്കപ്പെട്ട ഫണ്ടുകളുടെ വിനിയോഗവും വേഗത്തിലാക്കണമെന്ന് ജില്ലാ വികസന സമിതി നിർദേശിച്ചു. ആസൂത്രണ ഭവൻ എപിജെ ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ വിവിധ വകുപ്പുകളുടെ പ്ലാൻ ഫണ്ട് വിനിയോഗവും നിർവഹണ പുരോഗതിയും വിലയിരുത്തി. ബജറ്റ് വിഹിതം ലഭിച്ച് ആറുമാസം പിന്നിടുമ്പോൾ തുക വിനിയോഗം 50 ശതമാനത്തിൽ താഴെയുള്ള വകുപ്പുകൾ കാര്യക്ഷമമായി ഇടപെടണമെന്ന് കലക്ടർ എ ഗീത പറഞ്ഞു. വയനാട് പാക്കേജിൽപ്പെടുത്തി 75 കോടി രൂപയുടെ പദ്ധതികൾക്ക് സംസ്ഥാന സർക്കാർ ഉടൻ അംഗീകാരം നൽകുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഇതിനുപുറമെ ആസ്പിരേഷണൽ ജില്ലാ പദ്ധതിയിൽപ്പെട്ട പദ്ധതികളുടെ നിർവഹണവും സമയബന്ധിതമായി പൂർത്തിയാക്കണം. 
മൂപ്പൈനാട്, പടിഞ്ഞാറത്തറ പഞ്ചായത്തുകളിൽ ചില സ്വകാര്യ റിസോർട്ട് നടത്തിപ്പുകാർ വനം ഭൂമി കൈയേറിയ വിഷയത്തിൽ വനംവകുപ്പ് സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്ന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ യോഗത്തിലാവശ്യപ്പെട്ടു. ഇവർക്കെതിരെ കേസെടുത്തതായി വനംവകുപ്പ് അധികൃതർ യോഗത്തെ അറിയിച്ചു.
ഗോത്രസാരഥി പദ്ധതിയുടെ നടത്തിപ്പിനർഹരായ 14099 കുട്ടികൾക്കായി 12.57 കോടിരൂപ ആവശ്യമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ യോഗത്തെ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും. പട്ടികവർഗ വിഭാഗക്കാരുടെ പ്രവൃത്തി പൂർത്തിയായ വീടുകളിൽ കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കുന്നതിനുളള നടപടികൾ സ്വീകരിച്ച് വരുന്നുണ്ട്‌. പരൂർക്കുന്ന്, വെള്ളപ്പൻകണ്ടി പുനരിധിവാസ മേഖലകളിൽ ഈ മാസം അവസാനത്തോടെ വൈദ്യുതി ലഭ്യമാക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ജലജീവൻ മിഷൻ പദ്ധതിയിൽ ടെൻഡർ ചെയ്ത പുതിയ പ്രവൃത്തികൾ ഒക്‌ടോബർ ആദ്യവാരത്തിൽ തുടങ്ങുമെന്ന് ജല അതോറിറ്റി അറിയിച്ചു. 
എന്റെ ജില്ല മൊബൈൽ ആപ്ലിക്കേഷൻ സംബന്ധിച്ച റിപ്പോർട്ട് എഡിഎം എൻ ഐ ഷാജു അവതരിപ്പിച്ചു. ജില്ലാ പ്ലാനിങ്‌ ഓഫീസർ ആർ മണിലാൽ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top