13 September Friday
കേന്ദ്ര ബജറ്റ്‌

ജില്ലയ്‌ക്ക്‌ വട്ടപ്പൂജ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024
കൽപ്പറ്റ
കേരളത്തെ അവഗണിച്ച കേന്ദ്രബജറ്റിൽ വയനാടിന്റെ ആവശ്യങ്ങളും കേന്ദ്ര എൻഡിഎ സർക്കാർ തള്ളി. ജില്ലയുടെ ജീവൽ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള വകയിരുത്തൽ ഒന്നുപോലുമുണ്ടായില്ല. വന്യമൃഗശല്യ പ്രതിരോധം,  വയനാട്‌ തുരങ്കപാത,  റെയിൽവേ എന്നിവയെല്ലാം അവഗണിച്ചു. സംസ്ഥാനം കേന്ദ്രത്തിന്‌ സമർപ്പിച്ച പാക്കേജിൽ തുരങ്കപാത നിർമാണത്തിന്‌ 5000 കോടി രൂപയുടെ സഹായമാണ്‌ ആവശ്യപ്പെട്ടിരുന്നത്‌. കേരളം പ്രതീക്ഷയോടെയാണ്‌  കേന്ദ്രബജറ്റ്‌ കാത്തത്‌. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ്‌ അവതരിപ്പിച്ചതോടെ പ്രതീക്ഷകൾ തകർന്നടിഞ്ഞു. കേരളത്തിന്റെ പേരുപോലും ധനമന്ത്രി പരമാർശിച്ചില്ല. സംസ്ഥാനത്തെ പൂർണമായും തള്ളിയപ്പോൾ  ജില്ലയുടെ ആവശ്യങ്ങളും അവഗണനയുടെ പടുകുഴിയിലായി. 
 
തുരങ്കപാത
ചോദിച്ചത്‌ 5000 കോടി;
നയാപൈസ നൽകിയില്ല
കൽപ്പറ്റ
ജില്ലയുടെ  യാത്രാദുരിതം പരിഹരിക്കുന്നതിനായി വിഭാവനം ചെയ്‌തിട്ടുള്ള ആനക്കാംപൊയിൽ –കള്ളാടി–-മേപ്പാടി തുരങ്കപാതയ്‌ക്ക്‌ 5000 കോടി രൂപയുടെ സഹായമാണ്‌ സംസ്ഥാനം കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടത്‌.  എന്നാൽ ബജറ്റിൽ ഒരുരൂപയുടെ വകയിരുത്തലുണ്ടായില്ല. 
സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ വയനാട്‌ തുരങ്കപാത നിർമാണം  ഈ വർഷംതന്നെ തുടങ്ങാനുള്ള നടപടികളുമായാണ്‌ സംസ്ഥാന സർക്കാർ മുമ്പോട്ടുപോകുന്നത്‌.   കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പാതയുടെ ടെൻഡർ ഇറക്കുകയും വി‍ജ്ഞാപനം പുറപ്പെടുവിക്കുകയും ടെക്നിക്കൽ ബിഡിന്റെ പരിശോധന ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 
 കൊങ്കൺ റെയിൽ കോർപറേഷൻ നിർമിക്കുന്ന പാതയ്‌ക്കായി വയനാട്‌, കോഴിക്കോട്‌ ജില്ലകളിൽ സ്ഥലമെടുപ്പും പൂർത്തിയായതാണ്‌.  സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ പുതുചരിത്രമെഴുതുന്ന പാതയ്‌ക്ക്‌  2043.7 കോടി രൂപയാണ് നിർമാണച്ചെലവ്‌ കണക്കാക്കുന്നത്‌. ആനക്കാംപൊയിൽ  മാരിപ്പുഴയിൽനിന്ന്‌ തുടങ്ങി വയനാട്‌ മേപ്പാടി മീനാക്ഷിപ്പുഴ പാലത്തിൽ അവസാനിക്കുന്ന രീതിയിലാണ്‌ പാത നിർമിക്കുന്നത്‌. ഇതിനുള്ള സഹായമായാണ്‌ കേന്ദ്രത്തോട്‌ ചോദിച്ചിരുന്നത്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top