ad
Deshabhimani

ചരിത്രമായി പൂരം 223-ാം പതിപ്പ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 15, 2020, 11:15 PM | 0 min read

തൃശൂർ
കോവിഡിനു കീഴടങ്ങി തൃശൂർ പൂരം പൂർണമായി ഉപേക്ഷിക്കുമ്പോൾ ചരിത്രത്തിൽ ഇടംനേടുന്നത് പൂരത്തിന്റെ 223–ാം പതിപ്പ്. ഇതിനുമുമ്പ് അഞ്ചുതവണ പൂരം ഒരാനപ്പുറത്ത് എഴുന്നള്ളിപ്പോടെ ചടങ്ങിലൊതുക്കിയിട്ടുണ്ട്. 
1939ൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോഴും 1948ൽ ഗാന്ധിജി വധിക്കപ്പെട്ടപ്പോഴും 1956ൽ വെടിക്കെട്ടിന് നിയന്ത്രണം ഏർപ്പെടുത്തിയപ്പോഴും 1962ൽ പൂരം പ്രദർശനത്തിന്റെ വിഹിതം ദേവസ്വങ്ങൾക്ക് സംഘാടകരായ സ്റ്റേഡിയം കമ്മിറ്റി തടഞ്ഞപ്പോഴും 1963ൽ ഇന്ത്യ‐ചൈന യുദ്ധകാലത്തുമായിരുന്നു അത്.  മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് പൂരം നടത്താറുള്ളത്. ഇത് മാറ്റിവച്ച ചരിത്രമില്ല.  മെയ് രണ്ടിനാണ് പൂരം.  
തിരുവമ്പാടിയുടെ മഠത്തിൽനിന്നുവരവും പഞ്ചവാദ്യവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും  ഇലഞ്ഞിത്തറ മേളവും ഇരുവിഭാഗത്തിന്റെയും ഒന്നരമണിക്കൂർ നീണ്ട കുടമാറ്റവും    കരിമരുന്നുപ്രയോഗവും  വിടചൊല്ലലും    പൂരപ്രേമികളുടെ മതിവരാക്കാഴ്‌ചകളാണ്. എട്ടുഘടകപൂരങ്ങളുടെ ആതിഥേയ ക്ഷേത്രമായ വടക്കുന്നാഥനിലേക്കുള്ള എഴുന്നള്ളിപ്പും വാദ്യമേളങ്ങളും വേറെയും. മൊത്തം നൂറോളം ആനകൾ അണിനിരന്ന് ഇത്രയും കൃത്യതയോടെ നടത്തുന്ന മറ്റൊരുത്സവമില്ല.  
  കൊച്ചി മഹാരാജാവായിരുന്ന രാമവർമയുടെ (ശക്തൻ തമ്പുരാൻ 1751 ‐1805) സംഭാവനയാണ് തൃശൂർ പൂരം. രാജാവ് മരിക്കുന്നതിന് ആറുവർഷം മുമ്പ് പൂരം തുടങ്ങിയെന്നാണ് കണക്കാക്കുന്നത്. പൂരം രണ്ടു നൂറ്റാണ്ടു പിന്നിട്ടുവെങ്കിലും കുടമാറ്റം ആരംഭിച്ചത് 1921ലാണ്‌. ഒരു സെറ്റുകുടയിൽ നിന്നാണ്  60  സെറ്റ് കുടകളിലേക്ക്‌  വികസിച്ചത്.  വെടിക്കെട്ട്  ആകർഷകമായത് കഴിഞ്ഞ അരനൂറ്റാണ്ടിനിടെയാണ്.  എളിയ നിലയിൽ തുടങ്ങിയ  പൂരം ആഘോഷങ്ങളുടെ അവസാനവാക്കായി ലോക ടൂറിസം ഭൂപടത്തിൽ വരെ ഇടം നേടി.  വിദേശസഞ്ചാരികളടക്കം നിരവധി പേർഎത്തുന്ന പൂരമാണ്‌ ഇക്കുറി ചടങ്ങുപോലുമില്ലാതെ കടന്നുപോകുക.
 
ഗവ. ചീഫ് വിപ്പ് കെ രാജൻ, ടി എൻ പ്രതാപൻ എംപി, മേയർ അജിത ജയരാജൻ, കലക്ടർ എസ് ഷാനവാസ്, തീരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം മാധവൻകുട്ടി, പ്രസിഡന്റ് പ്രൊഫ. കെ ചന്ദ്രശേഖരൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്, പ്രസിഡന്റ് സതീഷ്മേനോൻ, കൊച്ചി ദേവസ്വം അസി. കമീഷ്ണർ എ ജയകുമാർ തുടങ്ങിയവർ  ആലോചനായോഗത്തിൽ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home