Deshabhimani

രണ്ടായ നിന്നെ, ഒന്നെന്ന്‌ തോന്നി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2020, 10:29 PM | 0 min read

 
തൃശൂർ
വേദിയിൽ യുവമാന്ത്രികൻ ജാലവിദ്യ അവതരിപ്പിച്ചുകൊണ്ടിരുന്നു. ഇയാൾ വേദിയുടെ പിൻഭാഗത്തേക്ക്‌ മാറിയ ഉടൻ  മറുഭാഗത്ത്‌ യുവമാന്ത്രികൻ പ്രത്യക്ഷപ്പെട്ടു. അത്ഭുത മാന്ത്രികവിദ്യ കണ്ട്‌ ജനങ്ങളുടെ കൈയടി ഉയർന്നു. അൽപ്പനിമിഷങ്ങൾക്കുശേഷം  രണ്ടുമാന്ത്രികരും ഒന്നിച്ച്‌ വേദിയിൽ എത്തിയപ്പോൾ ജനം ഞെട്ടി. അപ്പോൾ അവർ പറഞ്ഞു. ‘ഞങ്ങൾ ഒന്നല്ല. രണ്ടാണ്‌. കേരളത്തിലെ ആദ്യത്തെ മാജിക്‌ ഇരട്ട സഹോദരങ്ങൾ.  സജിൻ നന്തിപുലം ആൻഡ്‌ സബിൻ നന്തിപുലം’.
മാജിക്കിനെ ഹൃദയത്തോട്‌ ചേർത്ത കേരളത്തിലെ ആദ്യ ഇരട്ടകളാണിവർ. തൃശൂർ നന്തിപുലം  പ്ലാവീടൻ തങ്കപ്പന്റെയും സരോജിനിയുടെയും മക്കൾ. സബിനേക്കാളും അഞ്ചുമിനിറ്റ്‌ മുമ്പാണ്‌ സജിന്റെ ജനനം.   ഏഴാംക്ലാസിൽ പഠിക്കുമ്പോൾ അവധിക്കാലത്ത്‌  അസോസിയേഷൻ ഓഫ്‌ സോഷ്യൽ കൈന്റ്‌നെസ്‌ എന്ന കലാകാര സംഘടന കലാക്യാമ്പ്‌ സംഘടിപ്പിച്ചിരുന്നു.  ചിത്രരചന, സംഗീതം, നൃത്തം, മാജിക്‌ തുടങ്ങി ഏതെങ്കിലും ഒന്ന്‌ സൗജന്യമായി പഠിക്കാൻ അവസരമൊരുക്കി. ചിത്രരചന പഠിക്കാനാണ്‌   സജിനും‌ സബിനും എത്തിയത്‌.   കൗതുകം തോന്നി മാജിക്‌ പഠിച്ചു. പിന്നീട്‌ കൂടുതൽ ഇനങ്ങൾ കൈമുതലാക്കി.   
ആദ്യം സ്‌കൂളിൽ അവതരിപ്പിച്ചു. പിന്നീട്‌ നാട്ടിലെ ക്ഷേത്രങ്ങളിലും തുടർന്ന്‌  ഒറ്റയ്‌ക്കും ഒന്നിച്ചും  മാജിക്‌ഷോകൾ അവതരിപ്പിച്ചു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ  പ്രൊഫ. സി രവീന്ദ്രനാഥിന്റെ പ്രചാരണത്തിന്‌ മാജിക്‌ അവതരിപ്പിച്ചിരുന്നു.  ജനങ്ങളുടെ ദുരിതങ്ങൾ 
ഒന്നൊന്നായി എഴുതിയ  കടലാസ്‌ ചുക്കിച്ചുരുട്ടി നശിപ്പിക്കും. പിന്നീടത്‌  നിവർത്തുമ്പോൾ ‘എൽഡിഎഫ്‌ വരും എല്ലാം ശരിയാകും’  എന്ന വരികൾ തെളിയുന്ന  മാജിക്‌. കേരളത്തിനകത്തും പുറത്തും പരിപാടി അവതരിപ്പിക്കാറുള്ളതായി സബിൻ പറഞ്ഞു.  
മലയാളി മാജിക്‌ അസോസിയേഷനിൽ  ഇരട്ടകൾ തങ്ങളാണ്‌. കോവിഡ്‌ പ്രതിസന്ധിയിൽ പരിപാടികൾ ലഭിക്കാതായി. വിവാഹം,  പിറന്നാൾ തുടങ്ങി ചെറിയ പരിപാടികളാണ്‌ ഇപ്പോൾ ലഭിക്കുന്നത്‌. നല്ലൊരു കാലം തിരിച്ചുവരുമെന്നാണ്‌ പ്രതീക്ഷയെന്നും  പറഞ്ഞു.  സജിൻ നേഴ്‌സാണ്‌,  സബിൻ  ഗ്രാഫിക്‌ ഡിസൈനറും‌.  അതുകൊണ്ട്‌ ജീവിതം മുന്നോട്ടുപോവുന്നു. അച്ഛൻ  തങ്കപ്പൻ കൂലിപ്പണിക്കാരനാണ്‌. സരിത, സുധിൻ എന്നീ സഹോദരങ്ങളുണ്ട്‌.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home