24 January Friday

വ്യവസായത്തിന്‌ ഹൈടെക് വാതില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

നവീകരിച്ച ഒല്ലൂർ വ്യവസായ എസ്റ്റേറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മന്ത്രി ഇ പി ജയരാജനെ വേദിയിലേക്ക് സ്വീകരിച്ചാനയിക്കുന്നു

ഒല്ലൂർ
സിഡ്കോ നേരിട്ട് പണംമുടക്കി നവീകരിച്ച ഒല്ലൂർ വ്യവസായ എസ്റ്റേറ്റ് ജനങ്ങൾക്കായി സമർപ്പിച്ചു. 1.33 കോടി ചെലവിലാണ് ആധുനികവൽക്കരണം പൂർത്തിയാക്കിയത്‌. മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലെ സിഡ്കോ എസ്റ്റേറ്റിന്റെ 70 ലക്ഷംരൂപയുടെ നവീകരണപ്രവൃത്തികളുടെ നിർമാണ ഉദ്ഘാടനവും നടന്നു.
 
 വ്യവസായ വകുപ്പിനു കീഴിലുള്ള സിഡ്കോയുടെ ഒല്ലൂർ എസ്റ്റേറ്റിന്റെ  ഇരുഭാഗങ്ങളിലും ആധുനികമാതൃകയിൽ ആകർഷകമായ ഗേറ്റുകളും സെക്യൂരിറ്റി ക്യാബിനുകളും എടിഎം, സിഡിഎം കൗണ്ടർ എന്നിവയുമുണ്ട്‌. ടോയ്‌‌ലെറ്റുകളും നിർമിച്ചു. നിലവിലുള്ള വാട്ടർടാങ്കിന്റെ ചോർച്ച അടച്ചു. ക്ലീനിങ്, പാച്ച്പ്ലാസ്റ്ററിങ്, പെയിന്റിങ് എന്നിവ നടത്തി.
 
 ഒല്ലൂരിൽ ജനകീയ റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിനായി എസ്റ്റേറ്റിന് നടുവിലൂടെ റോഡ് നിർമിച്ചു. ഇതോടെ എസ്റ്റേറ്റ് രണ്ടു ഭാഗങ്ങളായി. 
 
ഈ രണ്ടുഭാഗങ്ങളിലും മതിലുകൾ പുതുക്കിപ്പണിതു. സൈൻബോർഡുകൾ, പച്ചപ്പുൽ വച്ചുപിടിപ്പിക്കൽ, കാനനിർമാണം, ഗേറ്റുകളിൽ ബൂം ബാരിയർ, സിസിടിവി ക്യാമറകൾ, പഞ്ചിങ് സിസ്റ്റം, ജനറേറ്റർ, തെരുവുവിളക്കുകൾ, മിനി മാസ്റ്റ് ലൈറ്റുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
 
  ഡിജിറ്റൽ സർവേ വഴി വ്യവസായ എസ്റ്റേറ്റുകളിലെ അധികഭൂമി കണ്ടെത്തിയിരുന്നു. ഈ ഭൂമി വ്യവസായ യൂണിറ്റുകൾക്ക് അനുവദിച്ചതിലൂടെ ലഭിച്ച വരുമാനത്തിന്റെ 50 ശതമാനം ഉപയോഗിച്ചാണ് എസ്റ്റേറ്റ്‌ നവീകരണം. ഇടതുപക്ഷ സർക്കാരിന്റെയും സിഡ്കോയുടെ പുതിയ മാനേജ്മെന്റിന്റെയും പുത്തൻ ദിശാബോധത്തിലാണ് ഇത് യാഥാർഥ്യമായത്.
 
ചടങ്ങിൽ ഗവ. ചീഫ് വിപ്പ് കെ രാജൻ അധ്യക്ഷനായി. സിഡ്കോ എംഡി കെ ബി ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. 
 
ചെയർമാൻ നിയാസ് പുളിക്കലകത്ത് ആമുഖപ്രഭാഷണം നിർവഹിച്ചു. എംഎസ്എംഇ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം പളനിവേൽ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ് സജി, കൗൺസിലർമാരായ സി പി പോളി, ബിന്ദു കുട്ടൻ, സിഡ്കോ ഡയറക്ടർമാരായ ടി വി ഗോവിന്ദൻ, എ പി രാഗേഷ്, ഏറ്റുമാനൂർ എസ്റ്റേറ്റ് അസോ. പ്രസിഡന്റ് മാത്തുക്കുട്ടി മാങ്കോട്ടിൽ, കെഎസ്എസ്ഐഎ പ്രസിഡന്റ് നോബി ജോസഫ് എന്നിവർ സംസാരിച്ചു. ഒല്ലൂർ ഇൻഡസ്‌ട്രിയലിസ്റ്റ് അസോ. പ്രസിഡന്റ് ആന്റോ റപ്പായി സ്വാഗതവും സിഡ്കോ മാനേജർ ജെസ്റ്റിൻ ജോസ് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top