ശ്രീകൃഷ്ണപുരം
വെള്ളിനേഴി പഞ്ചായത്തിലെ 11 വാർഡുകളിലും കോൺഗ്രസും ബിജെപിയും ഒരു മുന്നണിയായി മത്സരിക്കുന്നു. ഇരുവർക്കും സംയുക്ത സ്ഥാനാർഥികളാണുള്ളത്. ബിജെപി മത്സരിക്കുന്ന 2, 13 വാർഡുകളിൽ കോൺഗ്രസിനും കോൺഗ്രസ് മത്സരിക്കുന്ന 4, 9 വാർഡുകളിൽ ബിജെപിക്കും സ്ഥാനാർഥികളില്ല. 6, 12 വാർഡുകളിൽ മാത്രമാണ് കോൺഗ്രസും ബിജെപിയും സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്. മറ്റിടങ്ങളിൽ ഇരു പാർടികളും പരസ്‌പര ധാരണയിൽ മത്സരിക്കുന്നു.
1, 3, 5, 7, 8, 10, 11 വാർഡുകളിൽ കോൺഗ്രസും ബിജെപിയും സ്വതന്ത്രരെ രംഗത്തിറക്കി പിന്തുണ നൽകുന്നു. ബിജെപി വെള്ളിനേഴി പഞ്ചായത്ത് സെക്രട്ടറി ഏഴാം വാർഡിൽ കോൺഗ്രസ് പിന്തുണയോടെയാണ് സ്വതന്ത്രനായി മത്സരിക്കുന്നത്.
സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫിലെ സിഎംപി (സി പി ജോൺ വിഭാഗം) സി രാധാകൃഷ്ണൻ ഏഴാം വാർഡിൽ വിമതനാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇരുനൂറിലേറെ വോട്ട് ലഭിച്ച വാർഡാണിത്.
പതിനൊന്നാം വാർഡിൽ മഹിളാ കോൺഗ്രസ് നേതാവ് ഒ പി കൃഷ്ണകുമാരി ബിജെപി പിന്തുണയോടെ സ്വതന്ത്രയായി മത്സരിക്കുന്നു.
നേതാക്കളും സജീവ പ്രവർത്തകരും ഉണ്ടായിട്ടും വാർഡുകളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്താത്ത കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിനെതിരെ അണികളുടെ പ്രതിഷേധം ശക്തം.
ബിജെപി പിന്തുണ കിട്ടാൻ തങ്ങളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് നിരവധി കോൺഗ്രസുകാർ പാർടി വിടാനൊരുങ്ങുന്നു.
എൽഡിഎഫിനെതിരെ മുന്നേറ്റമുണ്ടാക്കാൻ കഴിയില്ല എന്ന പേടിയിലാണ് കോൺഗ്രസ് ബിജെപിയുടെ സഹായം തേടുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വെള്ളിനേഴി പഞ്ചായത്തിൽ 3,000 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.
പഞ്ചായത്തിലെ 13 വാർഡുകളിലും സിപിഐ എം മത്സരിക്കുന്നു. കോൺഗ്രസിന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു വാർഡ് മാത്രമാണ് ലഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..