27 July Saturday
കൽമണ്ഡപം കവർച്ച

പ്രതികളുമായി തമിഴ്‌നാട്ടിൽ തെളിവെടുപ്പ്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023
പാലക്കാട്‌
കൽമണ്ഡപത്ത്‌ വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥയെ കെട്ടിയിട്ട്‌ 57 പവനും ഒന്നരലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളെ തമിഴ്‌നാട്ടിലെത്തിച്ച്‌ കസബ പൊലീസ്‌ തെളിവെടുപ്പ്‌ നടത്തി. 
കഴിഞ്ഞ ദിവസം കസ്‌റ്റഡിയിൽ വാങ്ങിയ സ്വർണം വിൽക്കാൻ സഹായിച്ച പ്രതികളായ വടവന്നൂർ കുത്തൻപാക്കം വീട്ടിൽ സുരേഷ്‌(34), വിജയകുമാർ (42), നന്ദിയോട്‌ അയ്യപ്പൻചള്ള വീട്ടിൽ റോബിൻ(31), വണ്ടിത്താവളം പരുത്തിക്കാട്ടുമട പ്രദീപ്‌ (38) എന്നിവരെയാണ്‌  കോയമ്പത്തൂരിലെത്തിച്ച്‌ വെള്ളിയാഴ്‌ച ഉച്ചയോടെ തെളിവെടുപ്പ്‌ നടത്തിയത്‌. സ്വർണം വിറ്റെന്നു പറയുന്ന കട അടഞ്ഞുകിടക്കുകയായിരുന്നു. കടക്കാരന്റെ വീട്ടിൽ പൊലീസെത്തിയപ്പോൾ വീടും പൂട്ടിയിരുന്നു. പൊലീസിനെ പേടിച്ച്‌ മുങ്ങിയതാകാമെന്നു കരുതുന്നു. സ്വർണം കണ്ടെത്താനായില്ല. കസ്‌റ്റഡിയിൽ വാങ്ങിയ നാലു പ്രതികളെയും ശനിയാഴ്‌ച കോടതിക്ക്‌ കൈമാറും.
13നാണ്‌ കൽമണ്ഡപം പ്രതിഭനഗർ അൻസാരി മൻസിലിൽ എം എ അൻസാരിയുടെ ഭാര്യ ഷഫീനയെ ആക്രമിച്ച്‌ മോഷണം നടത്തിയത്‌. സംഭവത്തിലെ മുഖ്യപ്രതി പുതുനഗരം സ്വദേശി അജീഷ്‌ (23) ഒളിവിലാണ്‌. കഞ്ചാവ്‌, മോഷണം തുടങ്ങി പതിനൊന്ന്‌ കേസ്‌ ഇയാളുടെ പേരിലുണ്ടെന്ന്‌ കസബ സിഐ എൻ എസ്‌ രാജീവ്‌ പറഞ്ഞു. 
സംഭവത്തിനുശേഷം പ്രദേശത്തുനിന്ന്‌ മുങ്ങുകയായിരുന്നു. എന്നാൽ, വ്യക്തമായ വിവരം പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. ഇയാളോടൊപ്പമുണ്ടായിരുന്ന പ്രതികളായ വിമൽകുമാറും ബഷീറുദ്ദീനും റിമാൻഡിലാണ്‌. തെളിവെടുപ്പിന്‌ സിഐ എൻ എസ്‌ രാജീവിനൊപ്പം എസ്‌സിപിഒമാരായ കെ വിമൽകുമാർ, ആർ രജീബ്‌ എന്നിവരും ടി കെ സുധീഷും ഒപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top