അത്യാധുനിക റൈസ് മിൽ മാർച്ചിൽ

ആലത്തൂർ
കാവശേരി കല്ലേപ്പുള്ളി കെൽപാമിന് പുതുജീവനേകി അത്യാധുനിക റൈസ് മിൽ മാർച്ച് ആദ്യവാരം പ്രവർത്തനം ആരംഭിക്കും.
പട്ടികജാതി വികസന വകുപ്പിൽനിന്ന് 9.5 കോടി രൂപ ചെലവഴിച്ചാണ് നിർമാണം നടത്തുന്നത്. മന്ത്രി എ കെ ബാലന്റെ ശ്രമഫലമായാണ് തരൂർ മണ്ഡലത്തിന് അഭിമാനമാകുന്ന ബൃഹദ്‌പദ്ധതി തുടങ്ങുന്നത്.
കല്ലേപ്പുള്ളിയിലെ കെൽപാമിന്റെ ഒന്നര ഏക്കർ സ്ഥലത്ത് മേൽക്കൂര നിർമാണം ഉൾപ്പെടെയുള്ള പ്രവൃത്തി വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് റൈസ് മില്ലിന് അത്യാധുനികയന്ത്രം കൊണ്ടുവന്ന് കരസ്പർശം ഏൽക്കാത്ത സപ്ലൈകോ മുഖേന അരി വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. രണ്ടര ടണ്ണിലധികം ഉൽപ്പാദനം പ്രതീക്ഷിക്കുന്നു. നിരവധിപേർക്ക് ജോലി ലഭിക്കും.
കൂടാതെ നിലവിലുള്ള പന ഉൽപ്പന്ന വിപണനവും ശക്തിപ്പെടുത്തും.
തിരുവനന്തപുരത്തെ കെൽപാം യൂണിറ്റിലേക്ക് പനംനൊങ്ക് കയറ്റി അയക്കുന്നതും തുടരും.
ആലത്തൂർ താലൂക്കിൽ പൊതുമേഖലയിലെ ആദ്യ വ്യവസായ യൂണിറ്റായി 1985ൽ ആരംഭിച്ച പനനാര് സംസ്‌കരണ ശാലയിൽ 2010ഓടു കൂടി പനന്തടി ഫർണീച്ചർനിർമാണകേന്ദ്രവും തുറന്നു. ക്രമേണ പനനാര്, പനന്തടി എന്നിവയുടെ ലഭ്യതക്കുറവ് കാരണം യൂണിറ്റ് പൂട്ടുകയായിരുന്നു.
യുഡിഎഫ് സർക്കാർ സ്ഥാപനം തുറക്കാൻ നടപടിയെടുത്തില്ല. ഇടത് സർക്കാർ അധികാരത്തിലെത്തിയതോടെ സ്ഥാപനം പ്രവർത്തിപ്പിക്കാൻ ആലോചന ആരംഭിച്ചു. 2017 ഏപ്രിലിലാണ് മന്ത്രി എ കെ ബാലൻ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം ചെയ്‌തത്.









0 comments