ഈ തെളിനീരിന് നൂറ്റാണ്ടിന്റെ നിറവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 26, 2017, 05:42 PM | 0 min read

 മലപ്പുറം > വരള്‍ച്ച രൂക്ഷമായ നഗരത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് ദാഹജലം നല്‍കി നൂറ്റാണ്ടിന്റെ പഴക്കമുള്ള 'അത്ഭുതകിണര്‍'. വലിയങ്ങാടിയിലുള്ള പഴയ കിണറാണ് വറ്റാത്ത ഉറവയുമായി നാട്ടുകാര്‍ക്ക് ആശ്വാസമേകുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് 1916-ലാണ് താലൂക്ക്ബോര്‍ഡ് കിണര്‍ നിര്‍മിച്ചത്. കഴിഞ്ഞവര്‍ഷം ഇതിന്റെ ശതാബ്ദി നാട്ടുകാര്‍ വിപുലമായി ആഘോഷിച്ചിരുന്നു. 

മലപ്പുറം നഗരസഭാ 24-ാം വാര്‍ഡിലെ ഈ ജലസ്രോതസ്സില്‍ നിന്നാണ് സമീപത്തെ പാറമ്മല്‍ കുടിവെള്ള പദ്ധതിക്ക് വെള്ളമെടുക്കുന്നത്. അറുപത് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പദ്ധതിയാണിത്. റവന്യൂ ഭൂമിയിലുള്ള കിണറില്‍ നിന്ന് സ്വകാര്യ ടാങ്കറുകളും വെള്ളം കൊണ്ടുപോകുന്നുണ്ട്. സിമന്റ് ഉപയോഗിക്കാതെയാണ് കിണറിന്റെ കല്‍ക്കെട്ട് ബലപ്പെടുത്തിയിരിക്കുന്നത്. കിണറിനടുത്തെത്താന്‍ ഇരുപതിലധികം പടികളും കെട്ടിയിരുന്നു. കല്ലുകൊണ്ടുള്ള ഈ പടികളില്‍ മനോഹരമായ കൊത്തുപണികളുണ്ടായിരുന്നു. എന്നാല്‍ റോഡ് വികസനത്തിനും ഓഡിറ്റോറിയം നിര്‍മാണത്തിനുമായി സ്ഥലമേറ്റെടുത്തപ്പോള്‍ അവ മൂടിപ്പോയി. ആറു മീറ്ററിലധികം ആഴമുള്ള കിണറില്‍ വേനല്‍ക്കാലത്ത് സദാ ഒരാള്‍പൊക്കത്തില്‍ വെള്ളമുണ്ടാകും.  
  വാട്ടര്‍ അതോറിറ്റി വെള്ളമെടുക്കുന്ന കടവുകള്‍ വറ്റിയതോടെ സ്വകാര്യകുളങ്ങളും കിണറുകളുമാണ് ജലവിതരണത്തിനും മറ്റും ആശ്രയിക്കുന്നത്. ചാമക്കയത്തെ  കടവില്‍നിന്ന് വെള്ളമെടുക്കാമെന്ന് വാട്ടര്‍ അതോറിറ്റി പറഞ്ഞെങ്കിലും നഗരസഭാ അധികൃതര്‍ ഗൌനിച്ചിട്ടില്ല.  പുഴയുടെ നടുവില്‍ മോട്ടോര്‍ ഘടിപ്പിക്കാന്‍ പ്രയാസമാണെന്നാണ് വാദം. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളുവെന്നും നഗരസഭ അതിനായി ശ്രമിക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home