27 July Saturday

പുനഃസംഘടനാ പട്ടിക നൽകാനാവാതെ ഡിസിസി

സ്വന്തം ലേഖകൻUpdated: Thursday Mar 16, 2023
കോഴിക്കോട്‌
നേതാക്കളുടെ തർക്കം അയവില്ലാതെ തുടരുകയും അസ്വാരസ്യം മൂർച്ഛിക്കുകയും ചെയ്‌തതിനാൽ ഡിസിസി പുനഃസംഘടനാ പട്ടിക കെപിസിസിക്ക്‌ കൈമാറാൻ ജില്ലാ നേതൃത്വത്തിന്‌ കഴിഞ്ഞില്ല.  ബുധനാഴ്‌ച പട്ടിക നേതൃത്വത്തിന്‌ കൈമാറുമെന്നായിരുന്നു ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺ കുമാർ ചൊവ്വാഴ്‌ച വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്‌. 
മുൻ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, എംപിമാരായ കെ മുരളീധരൻ, എം കെ രാഘവൻ എന്നിവരുമായി കൂടുതൽ ചർച്ച നടത്തി പട്ടിക കൈമാറാനാണ്‌ ഒടുവിലത്തെ തീരുമാനം. ബുധനാഴ്‌ച വൈകിട്ട്‌ മുല്ലപ്പള്ളിയുമായി ജില്ലയുടെ സംഘടനാചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമും ഡിസിസി പ്രസിഡന്റും സംസാരിച്ചെങ്കിലും മുല്ലപ്പള്ളി  വീട്ടുവീഴ്‌ചക്ക്‌ തയ്യാറായില്ല.  വെള്ളിയാഴ്‌ച അദ്ദേഹത്തെ വീട്ടിൽ പോയി കാണുമെന്ന്‌ ഡിസിസി പ്രസിഡന്റ്‌  പറഞ്ഞു.  എ ഗ്രൂപ്പ്‌ പേര്‌ നൽകിയില്ലെങ്കിലും നേതാക്കൾ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്‌.  കഴിഞ്ഞതവണ 17 എ ഗ്രൂപ്പുകാരാണ്‌ ഉണ്ടായിരുന്നത്‌. പുനഃസംഘടനയിൽ പേര്‌ നിർദേശിക്കേണ്ടതില്ലെന്ന നിലപാടാണ്‌ അവർ സ്വീകരിച്ചത്‌.  
കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനുമായി കെ സി വേണുഗോപാൽ ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. ഇതിലെ നിർദേശങ്ങളും മുതിർന്ന നേതാക്കൾ നൽകുന്ന ലിസ്‌റ്റും കൂടി ചേർത്ത്‌ അടുത്തദിവസം പട്ടിക കൈമാറിയേക്കും. പട്ടിക കെ മുരളീധരൻ അംഗീകരിച്ചെന്നും എം കെ രാഘവന്‌ ലിസ്‌റ്റ്‌ വ്യാഴാഴ്‌ച കൈമാറുമെന്നും പറയുന്നുണ്ട്‌.    
വേണുഗോപാലുമായുള്ള ചർച്ചയിൽ എംപിമാരായ കെ മുരളീധരനും എം കെ രാഘവനും ഡിസിസി, കെപിസിസി നേതൃത്വങ്ങൾക്കെതിരെ രൂക്ഷവിമർശമാണ്‌ നടത്തിയത്‌.  സഹകരിച്ചുപോവാൻ കഴിയില്ലെന്ന്‌ കട്ടായം പറഞ്ഞതോടെയാണ്‌ ഡിസിസി നേതൃത്വം വീണ്ടും ചർച്ചക്ക്‌ തയ്യാറായത്‌. 35 ഡിസിസി ഭാരവാഹികളെയും 26 ബ്ലോക്ക്‌ പ്രസിഡന്റുമാരെയുമാണ്‌ നിശ്ചയിക്കേണ്ടത്‌. ഡിസിസിയിലേക്ക്‌ 63 അംഗങ്ങളുടെ പട്ടികയും ബ്ലോക്ക്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌  46 പേരുടെ പട്ടികയുമാണ്‌ തയ്യാറാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top