Deshabhimani

സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്‌ ദേശീയ അംഗീകാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2024, 09:57 AM | 0 min read

കോഴിക്കോട്‌> ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ സാങ്കേതികവിദ്യ പുരസ്‌കാരം കോഴിക്കോട്‌ ആസ്ഥാനമായുള്ള  ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്‌. ഇവിടെ വികസിപ്പിച്ച ഔഷധഗുണമുള്ള പാൽ ഉൽപ്പന്നങ്ങൾ നിർമിക്കാനുള്ള സാങ്കേതികവിദ്യക്കാണ്‌ ദേശീയ അംഗീകാരം.

മഞ്ഞൾ ചേർത്ത പാലുൽപ്പന്നങ്ങളുടെ നിർമാണത്തിനായുള്ള സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത പാൽപ്പൊടി മിശ്രിതമാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ 96ാം സ്ഥാപിതദിനാചരണത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചടങ്ങിൽ  കേന്ദ്ര മന്ത്രി  ശിവരാജ് സിങ് ചൗഹാനിൽനിന്ന്‌  ഡോ. ഇ ജയശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി.

ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഹോർട്ടികൾച്ചർ സയൻസസ് വിഭാഗത്തിന് കീഴിലെ മികച്ച അഞ്ച്‌ സാങ്കേതികവിദ്യകളിൽ ഒന്നായാണ് അംഗീകാരം.

ഇഞ്ചി, മഞ്ഞൾ, തിപ്പലി, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളിലെ രാസഘടകങ്ങൾ വേർതിരിച്ച്‌ പാലുൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിനാണ്‌ ഈ സാങ്കേതികവിദ്യ. മഞ്ഞൾ വെള്ളത്തിലും പാലിലും പൂർണമായി ലയിക്കില്ല എന്നതിനാൽ വാണിജ്യപരമായ ഉൽപ്പാദനത്തിന് പരിമിതിയുണ്ടായിരുന്നു. ഇത്‌ മറികടക്കുന്നതാണ്‌ പുതിയ സാങ്കേതികവിദ്യ. മിൽമ മലബാർ മേഖലാ യൂണിയന് കൈമാറിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ഗോൾഡൻ മിൽക്ക്, ഗോൾഡൻ മിൽക്ക് മിക്സ് എന്നീ ഉൽപ്പന്നങ്ങൾ വിപണിയിലുണ്ട്. ഡോ. ഇ ജയശ്രീ, ഡോ. കെ അനീസ്, ഡോ. പി രാജീവ്, ഡോ. ഇ രാധ, ഡോ. സി കെ തങ്കമണി എന്നിവരാണ് ഗവേഷണസംഘാംഗങ്ങൾ.

 



deshabhimani section

Related News

View More
0 comments
Sort by

Home