27 July Saturday

എം കെ സ്‌റ്റാലിൻ ഇന്ന്‌ ജാനകിയുടെ 
 കുടുംബവീട്‌ സന്ദർശിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023
വൈക്കം
തമിഴ്നാട്   മുൻ   മുഖ്യമന്ത്രി എം ജി ആറിന്റെ ഭാര്യയും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന പരേതയായ ജാനകി രാമചന്ദ്രന്റെ നൂറാം   ജന്മദിനം വിപുലമായി ആഘോഷിക്കാൻ ഒരുങ്ങുകയാണ് കുടുംബം. ശനിയാഴ്ച   സർക്കാരിന്റെ   വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്ന തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ,  കുടുംബത്തിന്റെ ക്ഷണം സ്വീകരിച്ച് വൈക്കം വലിയ കവലയിലെ ജാനകിയുടെ കുടുംബ വീടായ മണിമന്ദിരത്തിലെത്തും. തുടർന്ന് എംജിആറിന്റെയും  -ജാനകിയുടെയും  പ്രതിമയിൽ പുഷ്പാർച്ചന നടത്തും . 
    ജാനകിയുടെ സഹോദരൻ മണിയുടെ ഏഴ് മക്കളും മറ്റു കുടുംബാംഗങ്ങളും പങ്കെടുക്കും.  സംഗീതജ്ഞൻ തമിഴ്നാട് സ്വദേശി രാജഗോപാൽ അയ്യരുടെയും വൈക്കം സ്വദേശിനി നാരായണിയമ്മയുടെയും മകളായി 1923 നവംബർ 30നാണ്‌  ജാനകി വൈക്കത്ത്‌  ജനിച്ചു . പിന്നീട് അച്ഛനൊപ്പം മദ്രാസിലെത്തിയ ജാനകി 1948ൽ എം ജി രാമചന്ദ്രന്റെ നായികയായി "മോഹിനി' എന്ന സിനിമയിൽ അഭിനയിച്ചു. 1962 ജൂലൈ മൂന്നിന് ഇരുവരും വിവാഹിതരായി.1988ൽ ജാനകി തമിഴ്നാട് മുഖ്യമന്ത്രിയായി.1996ൽ ആയിരുന്നു ജാനകിയുടെ അന്ത്യം. എം ജി ആറിന്റെയും ജാനകിയുടെയും ഓർമകളെ ഇന്ന് വൈക്കത്തിന്റെ മണ്ണുമായി ബന്ധിപ്പിക്കുന്നത് സഹോദരൻ മണിയുടെ മക്കളായ ലത,ഗീത, സുധ, ജാനകി, രാമചന്ദ്രൻ, ഭാനു, മനു എന്നിവരിലൂടെയാണ്.  
ചെന്നൈയിൽ സ്ഥിരതാമസമായ ഇവർ ഇടയ്‌ക്ക് വൈക്കത്തെ വീട്ടിൽ എത്തും. ഇവരിൽ ആദ്യ നാല് പേരും ഇന്നും  എംജിആറിന്റെ വസതിയിൽ തന്നെയാണ് മറ്റ്‌ കുടുംബാംഗങ്ങൾക്കൊപ്പം  താമസിക്കുന്നത്. ചെറുപ്പം മുതൽ തന്നെ എംജിആറിന്റെയും ജാനകിയുടെയും വാത്സല്യത്തിൽ വളർന്ന ഓർമ്മകളും ഇവർ പങ്കുവയ്‌ക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top