Deshabhimani

ഇബ്‌നു സൗദിന്‌ കണ്ണീരിൽ 
കുതിർന്ന യാത്രാമൊഴി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2023, 01:04 AM | 0 min read

കൊല്ലം
ലോകം ശ്രദ്ധിച്ച  മലയാളി ശാസ്ത്രജ്ഞന്‌ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും ശിഷ്യരുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഗവേഷക വിദ്യാർഥികൾക്ക്‌ ഏതു സംശയങ്ങൾക്കും ഉത്തരം നൽകിയിരുന്ന ഡോ. ഇബ്രാഹിം ഇബ്‌നു സൗദിന്റെ മൃതദേഹം വ്യാഴം വൈകിട്ട്‌ പോളയത്തോട്‌ വിശ്രാന്തിയിൽ സംസ്‌കരിച്ചു.
രസതന്ത്രത്തിൽ മൂന്ന്‌ പതിറ്റാണ്ടോളം ബുദ്ധികൊണ്ട്‌ യുദ്ധംചെയ്ത തന്ത്രജ്ഞനായിരുന്നു മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന്‌ റിട്ടയർചെയ്‌ത പത്തനാപുരം നടുക്കുന്ന് തമീം മൻസിലിൽ ഡോ. ഇബ്രാഹിം ഇബ്‌നു സൗദ്‌. കേരളത്തിലെ ഗവേഷണ ലാബിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ഏഴ്‌ യുഎസ് പേറ്റന്റും എട്ട്‌ ഇന്ത്യൻ പേറ്റന്റും ഇബ്‌നു സൗദിന്റെ പേരിലുണ്ട്‌. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നടന്ന ഇന്റർനാഷണൽ കെമിസ്ട്രി കോൺഗ്രസിൽ ഇബ്‌നുവും അഞ്ച്‌ ഗവേഷകരും ചേർന്ന് രചിച്ച പ്രബന്ധം 276 എൻട്രികളിൽ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടു. ഇബ്‌നുവിന്റെ നേതൃത്വത്തിൽ 2009ൽ എംജി സർവകലാശാലയിൽ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്റഗ്രേഡ്‌ പ്രോഗ്രാംസ്‌ ആൻഡ്‌ റിസർച്ച്‌ ഇൻ ബേസിക്‌ സയൻസ്‌ (ഐഐആർബിഎസ്‌) രാജ്യത്തെതന്നെ പ്രധാന കേന്ദ്രമാണിപ്പോൾ. 
കുടംപുളിയിൽ (ഗാർസീനിയ കംബോജിയ) കണ്ടെത്തിയ ഹൈഡ്രോക്സി സിട്രിക് ആസിഡ് വേർതിരിച്ച് അതിൽനിന്ന് മറ്റു രാസവസ്തുക്കൾ നിർമിക്കാനുള്ള സാധ്യത അന്വേഷിച്ചാണ് ഇബ്‌നു ഗവേഷണം ആരംഭിച്ചത്. ഇബ്‌നുവും വിദ്യാർഥികളും ആസിഡുകൾ വേർതിരിച്ച് രാസവസ്തുക്കൾ ഉണ്ടാക്കി ‘മത്തിപ്പുളി', ‘കുടംപുളി', ‘പണച്ചം' തുടങ്ങിയ വ്യത്യസ്ത പുളിച്ച പഴങ്ങളിലേക്കുള്ള ഗവേഷണം വിപുലീകരിച്ചു. യുഎസ് പേറ്റന്റും ഇന്ത്യൻ പേറ്റന്റും ഇബ്‌നുവും സംഘവും കൊയ്തത് ഈ പരിശ്രമത്തിലാണ്. നല്ലൊരു കർഷകൻ കൂടിയായിരുന്നു ഡോ. ഇബ്‌നു. മണ്ണിൽ അടിയുറച്ചല്ലാതെ ഒരു ഗവേഷണവും തഴച്ചുവളരില്ലെന്ന് ഇബ്‌നു പറയുമായിരുന്നു. 
മൂന്നുദിവസം പഴക്കമുള്ള മൃതദേഹം വീടിനു സമീപത്തെ കൃഷിത്തോട്ടത്തിൽ ബുധൻ പകൽ 12ന്‌ സമീപവാസികൾ കണ്ടെത്തുകയായിരുന്നു. കൊല്ലം ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിൽ  ഹൃദയാഘാതമാണ്‌ മരണകാരണമെന്ന്‌ കണ്ടെത്തി. ഭാര്യ: പ്രൊഫ. പ്രിയ പ്രശസ്ത സാഹിത്യകാരനായ വൈക്കം ചന്ദ്രശേഖരൻനായരുടെ മകളാണ്‌.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home