'സീൻ' ബോക്സ് ഓഫീസിൽ കുതിക്കുന്നു; 264 കോടി കളക്ഷൻ നേടി സൂര്യ ചിത്രം

സീൻ സിനിമയുടെ പോസ്റ്റർ | Photo: SocialMedia
ചെന്നൈ : ആഗോള ബോക്സ് ഓഫീസിൽ 264.24 കോടി രൂപയുടെ കളക്ഷൻ പിന്നിട്ട് സൂര്യ നായകനായ ജിത്തു മാധവൻ ചിത്രം 'സീൻ'. റിലീസ് ചെയ്ത് 17 ദിവസം പിന്നിടുമ്പോഴാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിൽ നിന്ന് 150.64 കോടി രൂപ നെറ്റ് കളക്ഷനും വിദേശ വിപണികളിൽ നിന്ന് 89.25 കോടി രൂപ ഗ്രോസ് കളക്ഷനുമാണ് നേടിയത്.
17-ാം ദിവസമായ ഞായറാഴ്ച ഇന്ത്യയിൽ നിന്ന് 1.57 കോടി രൂപയാണ് ചിത്രം നേടിയത്. തമിഴ് പതിപ്പിൽ നിന്ന് 1.28 കോടി രൂപയും തെലുങ്ക് പതിപ്പിൽ നിന്ന് 29 ലക്ഷം രൂപയുമാണ് ലഭിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ ഗ്രോസ് കളക്ഷൻ 174.99 കോടി രൂപയായി. മൂന്നാം വാരാന്ത്യത്തിലും മികച്ച പ്രേക്ഷകപിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്.
നവംബർ ആറിന് തീയറ്ററുകളിലെത്തിയ ചിത്രത്തിൽ ഡിഎസ്പി ഇമ്പരാജ് എന്ന കഥാപാത്രമായാണ് സൂര്യ എത്തുന്നത്. ഈശ്വരനായി നസ്‌ലനും മായയായി നസ്രിയ നസീമും അഭിനയിക്കുന്നു. ആനന്ദ്‌രാജ്, ലാൽ, ജോൺ വിജയ്, രാജ്പ്രിയൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
പഴയൊരു കേസിന്റെ അന്വേഷണത്തിലേക്ക് വീണ്ടും എത്തിപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്. സൂര്യ, ജ്യോതിക, ജയശ്രീ ദാമോദരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.








0 comments