ബിസ്‌ലെരിക്കെതിരെ നിയമനടപടി; വെള്ളം സുരക്ഷിതമല്ല, ബ്രോമേറ്റിന്റെ അളവ് പരിധിക്ക് മുകളിൽ

ന്യൂഡൽഹി: സുരക്ഷിതമല്ലാത്ത പാക്ക് ചെയ്ത കുടിവെള്ളം വിറ്റതുമായി ബന്ധപ്പെട്ട് ബിസ്‌ലെരി ഇന്റർനാഷണലിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകി.ബിസ്‌ലെരി വെള്ളത്തിന്റെ പ്രാഥമിക പരിശോധനയിൽ, ബ്രോമേറ്റിന്റെ അളവ് നിശ്ചിത പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തി. ഇതിനെത്തുടർന്ന്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ആക്റ്റ്, 2006 പ്രകാരം ഈ വെള്ളം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. ബ്രോമേറ്റ് അളവും പോളി ന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) കണ്ടെത്തലും ഉൾപ്പെടുന്ന ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭക്ഷ്യ സുരക്ഷാ റെഗുലേറ്റർ നടപടികൾ ആരംഭിച്ചിരിക്കുന്നത്.
തുടർന്ന് കമ്പനിയുടെ അപ്പീലിൽ കൂടുതൽ പരിശോധനയ്ക്കായി സാമ്പിൾ ഒരു റഫറൽ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു. എന്നാൽ, രണ്ടാമത്തെ ലബോറട്ടറി പരിശോധനയിലും ഈ വെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തുകയും, അതിൽ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ബ്രോമേറ്റും പിഎഎച്ചുകളും (PAHs) കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളാണ്.
2006-ലെ എഫ്എസ്എസ് നിയമപ്രകാരം, സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ ലബോറട്ടറി കണ്ടെത്തലുകളിലൂടെ തെളിയിക്കപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ, 'ബിസ്‌ലെരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡി'നെതിരെ 2006-ലെ എഫ്എസ്എസ് നിയമപ്രകാരം നിയമനടപടികൾ സ്വീകരിക്കാൻ അനുമതി നൽകിയിട്ടുണ്ട്' - ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.
ഉത്പ്പന്നത്തിന്റെ ലേബലിംഗ്, ഘടകങ്ങൾ, സുരക്ഷ എന്നിവയെക്കുറിച്ച് ലബോറട്ടറി പരിശോധനകളിൽ ആശങ്കകൾ ഉയർന്നതിനെത്തുടർന്ന്, 'ആശ കൺഫെക്ഷനറി'യുടെ മുൻകൂട്ടി പാക്ക് ചെയ്ത, ചോക്ലേറ്റ് നിറച്ച കുക്കികൾ തിരികെ വിളിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവിട്ടിട്ടുണ്ട്. ലേബലിൽ രേഖപ്പെടുത്താത്ത കൃത്രിമ നിറമായ കാർമോസിൻ കുക്കികളിൽ അടങ്ങിയിരിക്കുന്നതായി ലബോറട്ടറി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.








0 comments