പ്രൊഫ. വി അരവിന്ദാക്ഷന്‍ അന്തരിച്ചു

തൃശൂര്‍> പ്രമുഖ മാര്‍ക്സിറ്റ് ചിന്തകനും എഴുത്തുകാരനും പ്രഭാഷകനും പത്രപ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന പ്രൊഫ. വി അരവിന്ദാക്ഷന്‍ (85) അന്തരിച്ചു. ശനിയാഴ്ച രാത്രി 9.30ന് തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ഹൈടെക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. അസുഖം കൂടിയതിനാല്‍ ആശുപത്രിയില്‍ എത്തിച്ച ഉടന്‍ അന്ത്യം സംഭവിച്ചു. ഞായറാഴ്ച രാവിലെ 10 മുതല്‍ 11 വരെ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 12ന് ലാലൂര്‍ ശ്മശാനത്തില്‍ സംസ്കരിക്കും.
കൊടുങ്ങല്ലൂരില്‍ മാനാരിപ്പറമ്പില്‍ നാരായണമേനോന്‍റെയും വെള്ളാപ്പിള്ളില്‍ കുഞ്ഞുലക്ഷ്മിയമ്മയുടെയും മകനായി 1930 ഒക്ടോബര്‍ 17ന് ജനിച്ചു. കൊടുങ്ങല്ലൂര്‍ സര്‍ക്കാര്‍ ബോയ്സ് ഹൈസ്കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, തൃശൂര്‍ സെന്‍റ് തോമസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
ബിഎ പാസായി എട്ടു വര്‍ഷം ഉത്തരേന്ത്യയില്‍ ജോലിചെയ്തു. 1951ല്‍ കൊല്‍ക്കത്തയിലേക്കാണ് ആദ്യം പോയത്. അവിടെനിന്ന് മുംബൈയിലെത്തി. ഇന്‍ഷുറന്‍സ് കമ്പനിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. അക്കാലത്ത് പി ജെ ആന്‍റണിയുടെയും പ്രേംജിയുടെയും ബാബുരാജിന്‍റെയും സഹചാരിയായി നാടകപ്രസ്ഥാനവുമായി സഹകരിച്ചു.
തിരിച്ച് ദില്ലിയിലെത്തി 'ന്യൂ ഏജി'ല്‍ പാര്‍ട്ടൈം പത്രപ്രവര്‍ത്തകനായി. ടൈഫോയ്ഡ് പിടിപെട്ട് മടങ്ങി. ചികിത്സ കഴിഞ്ഞ് മടക്കയാത്രക്കുള്ള ഒരുക്കത്തിനിടെ സിപിഐ നേതാവായിരുന്ന സി ജനാര്‍ദനന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുഖപത്രമായിരുന്ന 'നവജീവ'നില്‍ എത്തിച്ചു. കേരളരാഷ്ട്രീയത്തില്‍ കോളിളക്കവും വിവാദവും സൃഷ്ടിച്ച് കേരള കോണ്‍ഗ്രസിന്‍റെ പിറവിക്ക് വഴിവച്ച 'പി ടി ചാക്കോ സംഭവം' നവജീവനില്‍ 'ബ്രേക്ക് ന്യൂസ്' ആയി നല്‍കിയത് അരവിന്ദാക്ഷന്‍ മാസ്റ്ററായിരുന്നു.
കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭിന്നിപ്പോടെ പത്രപ്രവര്‍ത്തനം മടുത്ത് സെന്‍റ് തോമസില്‍ എംഎക്ക് ചേര്‍ന്നു. അവിടെത്തന്നെ അധ്യാപകനുമായി. കമ്യൂണിസ്റ്റ് ബന്ധത്തിന്‍റെ പേരില്‍ അവിടെനിന്ന് ഒഴിവാക്കി. 67ല്‍ കേരളവര്‍മയില്‍ അധ്യാപകനായി. 1997ല്‍ സര്‍വവിജ്ഞാനകോശം ഡയറക്ടറായി. 'ദൃശ്യകല' മാസികയുടെ എഡിറ്ററുമായി.
2002ല്‍ സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നല്‍കി. അബുദാബി ശക്തി തായാട്ട് അവാര്‍ഡും ലഭിച്ചു. അസുഖബാധിതനായതിനാല്‍ ദേശാഭിമാനി റസിഡന്‍റ് എഡിറ്റര്‍ വീട്ടിലെത്തി പുരസ്കാരം കൈമാറിയിരുന്നു. ഭാര്യ: ഇന്ദിര. മക്കള്‍: മീര, നന്ദിനി, രഘുരാജ്. മരുമക്കള്‍: ഗോപിനാഥ്, പരമേശ്വരന്‍, വിജയലക്ഷ്മി.









0 comments