09 September Monday

കോവിഡ് 19 പ്രതിരോധം: സാനിറ്റൈസര്‍, മാസ്‌ക്, ഓക്‌സിജന്‍, ഗ്ലൗസ് എന്നിവ വ്യവസായ വകുപ്പ് ലഭ്യമാക്കും

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

തിരുവനന്തപുരം > കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാനത്തിന് ആവശ്യമായ ഹാന്‍ഡ് സാനിറ്റൈസര്‍, മെഡിക്കല്‍ ഗ്ലൗസ്, മെഡിക്കല്‍ മാസ്‌ക്, ഓക്സിജന്‍ തുടങ്ങിയവ വ്യവസായ വകുപ്പ് ലഭ്യമാക്കും. വ്യവസായ മന്ത്രി ഇ പി ജയരാജനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും തമ്മില്‍ ശനിയാഴ്ച നടന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് നിലവില്‍ ആവശ്യമായതും ഒപ്പം അടുത്ത ആഴ്ചകളില്‍ ആവശ്യമായ അളവിലും ഈ വസ്തുക്കള്‍ ലഭ്യമാക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ ഉറപ്പു നല്‍കി.

ആരോഗ്യ വകുപ്പിന് മാര്‍ച്ച് 31 വരെ ഒന്നേ കാല്‍ ലക്ഷം ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ആവശ്യമുണ്ട്. വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെ എസ് ഡി പി) ആവശ്യമായ അളവില്‍ സാനിറ്റൈസര്‍ നിര്‍മ്മിച്ച് നല്‍കും. നിലവില്‍ ദിവസം ഒരു ലക്ഷം ലിറ്റര്‍ കെ എസ് ഡി പി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന് ആവശ്യമായ അളവ് നല്‍കിയ ശേഷമേ കെ എസ് ഡി പി സാനിറ്റൈസര്‍ മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യൂ. അനൗദ്യോഗികമായി പലരും നിലവാരമില്ലാത്ത ഹാന്‍ഡ് സാനിറ്റൈസര്‍ തയ്യാറാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മാര്‍ച്ച് 31 വരെ 10 ലക്ഷം മെഡിക്കല്‍ ഗ്ലൗസാണ് ആരോഗ്യ വകുപ്പിന് ആവശ്യം. എറണാകുളം ഇരപുരത്തെ കിന്‍ഫ്രയുടെയും റബര്‍ ബോര്‍ഡിന്റെയും സംയുക്ത സംരംഭമായ റബര്‍ പാര്‍ക്കിലുള്ള സ്ഥാപനത്തില്‍ നിന്ന് ഗ്ലൗസ് ലഭ്യമാക്കും. ദിവസം ഒന്നേ മുക്കാല്‍ ലക്ഷം ജോടിയാണ് സ്ഥാപനത്തിന്റെ ഉല്‍പ്പാദനക്ഷമത. നിലവില്‍ അഞ്ചു ലക്ഷം ജോടി ഗ്ലൗസ് സ്റ്റോക്കുണ്ട്. ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നതനുസരിച്ച് ഗൗസ് ഇവിടെ നിന്ന് ലഭ്യമാക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ ഓക്സിജന്റെ അഭാവത്തിന് സാധ്യതയുണ്ട്. ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്ന അളവില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ഓക്സിജന്‍ ലഭ്യമാക്കും. സംസ്ഥാനത്തെ പ്രമുഖ വിതരണക്കാരില്‍ നിന്ന് ഓക്സിജന്‍ ലഭ്യമാക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി. ഓക്സിജന്‍ വിതരണത്തിന് സിലിണ്ടര്‍ കൂടുതലായി ലഭ്യമാക്കുന്നതും വ്യവസായ വകുപ്പ് ആലോചിക്കും.

മെഡിക്കല്‍ മാസ്‌കുകള്‍ക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. സാധാരണ തുണി കൊണ്ടുള്ള മാസ്‌ക് രോഗപ്രതിരോധത്തിന് പര്യാപ്തമല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഈ സാഹചര്യത്തില്‍ എന്‍ 95 മാസ്‌ക്, ട്രിപ്പിള്‍ ലെയര്‍ മെഡിക്കല്‍ മാസ്‌ക്, ഡബിള്‍ ലെയര്‍ മെഡിക്കല്‍ മാസ്‌ക് എന്നിവയാണ് ആരോഗ്യ വകുപ്പിന് ആവശ്യം. ഇത്തരം മെഡിക്കല്‍ മാസ്‌കുകള്‍ ലഭ്യമാക്കാന്‍ തമിഴ്നാട്ടിലും മറ്റുമുള്ള കമ്പനികളുമായി വ്യവസായ വകുപ്പ് ബന്ധപ്പെട്ടു. അനുകൂല പ്രതികരണമാണ് ഉണ്ടായത്. ആശുപത്രികളില്‍ കൊവിഡ് 19 രോഗികള്‍ ഉപയോഗിച്ച ബെഡ്ഷീറ്റുകളും മറ്റും നശിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബെഡ്ഷീറ്റുകളും മറ്റും കൂടുതലായി ആവശ്യമാണ്. വ്യവസായ വകുപ്പിനു കീഴിലെ കൈത്തറി, ഖാദി മേഖലകളുമായി ബന്ധപ്പെട്ട് ആശുപത്രികള്‍ക്ക് ആവശ്യമായ ബെഡ്ഷീറ്റുകള്‍, തോര്‍ത്ത് തുടങ്ങിയവ ലഭ്യമാക്കുമെന്നും മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top