Deshabhimani

മദ്യപിച്ചയാൾ ഓടിച്ച വാഹനമിടിച്ചാലും ഇരയ്‌ക്ക്‌
ഇൻഷുറൻസ്‌ കമ്പനി നഷ്ടപരിഹാരം നൽകണം : ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 02, 2023, 01:02 AM | 0 min read


കൊച്ചി
മദ്യപിച്ച് വാഹനമോടിക്കുന്നത്  ഇൻഷുറൻസ്‌ പോളിസി നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെന്ന് വ്യവസ്ഥയുണ്ടെങ്കിലും അപകടത്തിന്‌ ഇരയാകുന്നയാൾക്ക്‌ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനി  ബാധ്യസ്ഥമാണെന്ന്‌ ഹൈക്കോടതി. മഞ്ചേരി മോട്ടോർ ആക്‌സിഡന്റ്സ്‌ ക്ലെയിം ട്രിബ്യൂണൽ (എംഎസിടി) നൽകിയ നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് കാണിച്ച്‌ നിലമ്പൂർ നടുവക്കാട്‌ മുഹമ്മദ്‌ റാഷിദ്‌ നൽകിയ  അപ്പീൽ ഹർജിയിലാണ്‌ ജസ്‌റ്റിസ്‌ സോഫി തോമസിന്റെ ഉത്തരവ്‌.

2013ൽ  ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ ഒന്നാംപ്രതി ഗിരിവാസൻ ഓടിച്ച കാറിടിച്ച്‌ പരാതിക്കാരന്‌ ഗുരുതരമായി പരിക്കേറ്റു.  ഏഴുദിവസം ആശുപത്രിയിൽ  ചികിത്സയിലായിരുന്നു.  തുടർന്ന്‌ ആറുമാസം വിശ്രമിക്കണമെന്നും പറഞ്ഞു.   12,000 രൂപ മാസവരുമാനമുള്ള   ഡ്രൈവറായ ഹർജിക്കാരൻ നാലുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്   ട്രിബ്യൂണലിനെ  സമീപിച്ചതിനെ തുടർന്ന്‌  2.4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി.  നഷ്ടപരിഹാരത്തുകയും 12,000 രൂപ മാസവരുമാനമുള്ള ഹർജിക്കാരന്റെ വരുമാനം 7000 രൂപയായി നിശ്‌ചയിച്ചതും കുറഞ്ഞുപോയെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്‌.

അപകടത്തിനിടയാക്കിയ കാർ ഇൻഷുർ ചെയ്‌തിട്ടുണ്ടെങ്കിലും ഡ്രൈവർ മദ്യപിച്ചിരുന്നതിനാൽ നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്ന് ഇൻഷുറൻസ് കമ്പനി വാദിച്ചു. ഇത്‌ വാഹന ഉടമയോ ഡ്രൈവറോ ചോദ്യംചെയ്‌തിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ,  പോളിസിയനുസരിച്ചുള്ള ബാധ്യത നിയമപരമായ സ്വഭാവമുള്ളതാണെന്നും  നഷ്ടപരിഹാരം നൽകുന്നതിൽനിന്ന് കമ്പനി ഒഴിവാക്കപ്പെടില്ലെന്നും കോടതി വ്യക്തമാക്കി. അതിനാൽ, ഇരയ്‌ക്ക്‌ നഷ്ടപരിഹാരം നൽകാൻ കമ്പനി ബാധ്യസ്ഥമാണെന്നും ഇത്‌ ഡ്രൈവറിൽനിന്നും ഉടമയിൽനിന്നും   ഈടാക്കാമെന്നും കോടതി വ്യക്തമാക്കി. അതിനാൽ, ട്രിബ്യൂണൽ അനുവദിച്ച തുകയ്‌ക്കുപുറമെ 39,000 രൂപ വർഷം ഏഴുശതമാനം പലിശനിരക്കിൽ  ഹർജിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ രണ്ടുമാസത്തിനകം നിക്ഷേപിക്കാൻ കോടതി നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home