‘മേള’യുടെ ഓർമയിൽ മേളയെത്തുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 10, 2021, 11:29 PM | 0 min read

തലശേരി
കെ ജി ജോർജിന്റെ ‘മേള’യിലാണ്‌ ആ പേര്‌ ആദ്യമായി വെള്ളിത്തിരയിൽ തെളിഞ്ഞത്‌. കഥ, തിരക്കഥ, സംഭാഷണം–-ശ്രീധരൻ ചമ്പാട്‌. തമ്പിന്റെ കഥയെഴുതിയ ശ്രീധരൻ ചമ്പാട്‌ അങ്ങനെ മലയാള സിനിമയുടെ ഭാഗമായി. തിരക്കഥയിലും സംഭാഷണത്തിലും കെ ജി ജോർജിന്റെ പങ്കാളിത്തമുണ്ടായെങ്കിലു കഥ ശ്രീധരന്റേത്‌ തന്നെ.
മമ്മൂട്ടിയുടെയും ശ്രീനിവാസന്റെയും അഭിനയജീവിതത്തിൽ വഴിത്തിരിവായ സിനിമയായിരുന്നു 1980ൽ പുറത്തിറങ്ങിയ മേള. രഘു എന്ന ശശിധരൻ നായകനായ ചലച്ചിത്രത്തിൽ വിജയൻ എന്ന മോട്ടോർ സൈക്കിൾ അഭ്യാസിയുടെ വേഷത്തിലായിരുന്നു മമ്മൂട്ടി. പാനൂരിനടുത്ത ചെണ്ടയാട്‌ നവോദയക്കുന്നിലായിരുന്നു ചിത്രീകരണം.
‘തമ്പി’ൽ തുടങ്ങിയ 
സിനിമാ ജീവിതം  
1978ൽ പുറത്തിറങ്ങിയ ദേശീയ പുരസ്‌കാരം നേടിയ  ജി അരവിന്ദന്റെ തമ്പ്‌ മുതൽ സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഈ ചമ്പാടുകാരനുണ്ട്‌. 
ശ്രീധരന്റെ സർക്കസ്‌ കഥകളാണ്‌ അരവിന്ദനെ തമ്പിലേക്ക്‌ ആകർഷിച്ചത്‌. ആദ്യചർച്ചയിലും ചിത്രീകരണത്തിലും ശ്രീധരൻ ചമ്പാടും ഒപ്പമുണ്ടായി.
‘പ്രത്യേക തിരക്കഥയൊന്നും തമ്പിനുണ്ടായിരുന്നില്ല. അരവിന്ദേട്ടന്റെ മനസിലായിരുന്നു കഥയും തിരക്കഥയും . ആക്‌ഷനും കട്ടുമില്ലാതെയുള്ള ഷൂട്ടിങ്ങ്‌. പൊളിഞ്ഞ സർക്കസ്‌ കമ്പനിയുടെ സാമഗ്രികളാണ്‌ ഉപയോഗിച്ചത്‌. 
കുറ്റിപ്പുറം തിരുനാവായയിലായിരുന്നു ലൊക്കേഷൻ –-ശ്രീധരൻ ചമ്പാട്‌ ഓർത്തെടുത്തു.
സർക്കസ്‌ ചലച്ചിത്രങ്ങളുടെ അവിഭാജ്യഘടകമായിരുന്ന ഒരുകാലത്ത്‌  കൂടാരത്തിന്റെ കഥപറഞ്ഞവരെല്ലാം ഈ തലശേരിക്കാരനെ തേടിയെത്തി. സർക്കസിന്റെ ഉള്ളറിഞ്ഞ്‌ ജീവിച്ച്‌, അവരുടെ കഥപറഞ്ഞ എഴുത്തുകാരൻ.
 പ്രീ യൂണിവേഴ്‌സിറ്റി പഠനം പാതിവഴിയിൽ നിർത്തിയാണ്‌ കൊൽക്കത്തക്കടുത്ത ഹൗറയിൽ കൂടാരമടിച്ച റെയ്‌മെൻ സർക്കസിൽ ശ്രീധരൻ ചേർന്നത്‌. നാല്‌ വർഷം അവിടെയുണ്ടായി. ആ കാലത്തെ അനുഭവങ്ങളാണ്‌ സർക്കസ്‌ കഥകളായി പുറത്തുവന്നത്‌. ലോഹിതദാസിന്റെ ജോക്കർ ഉൾപ്പെടെ ഏതാനും ചിത്രങ്ങളിൽ പിന്നീടും  സഹകരിച്ചു. പാട്യത്തിനടുത്ത പത്തായക്കുന്ന്‌ ‘ശ്രീവത്സ’ത്തിലാണ്‌ താമസം.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home