ad
Deshabhimani

ഇടപ്പള്ളി സ്‌റ്റേഷനിൽ ഇനി കളിക്കാം, ജയിക്കാം ; കുസാറ്റിന്റെ ഗെയ്‌മിഫിക്കേഷന്‌ തുടക്കമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2021, 06:49 AM | 0 min read


കളമശേരി
ഇടപ്പള്ളി മെട്രോ സ്‌റ്റേഷനിലെത്തുന്നവർക്ക്‌ രസകരമായ പലതരം കളികളിൽ ഏർപ്പെടാം. വിജയികൾക്ക്‌ സമ്മാനങ്ങൾ നേടാം. യാത്രക്കാർ ശരിയായ രീതിയിലാണോ മാസ്‌ക്‌ ധരിച്ചിരിക്കുന്നതെന്ന്‌ പരിശോധിക്കാൻ ഒരാളെ ഏർപ്പെടുത്തിയിട്ടുണ്ട്‌. യെല്‍ദോ മാര്‍ ബസേലിയോസ് കോളേജ് വികസിപ്പിച്ചെടുത്ത സാബ റോബോട്ട്. കക്ഷി യാത്രക്കാർ മാസ്ക് ധരിച്ചത് പരിശോധിച്ച് സാനിറ്റൈസറും ആവശ്യമെങ്കിൽ മാസ്കും നൽകും.  

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗെയ്‌മിഫിക്കേഷന്‍ പരിപാടിയിലാണ് യാത്രക്കാർ പങ്കെടുത്ത കളികള്‍കൊണ്ട് സ്റ്റേഷൻ സജീവമായത്. കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ  ഗയിമിഫിക്കേഷൻ അധ്യാപകൻ ഡോ. മനു മെല്‍വിന്‍ ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മത്സര-വിനോദ ഉപാധികള്‍ക്ക് തുടക്കമിട്ടത്. ആസ്റ്റര്‍ മെഡ്‌സിറ്റി, കോതമംഗലം യെല്‍ദോ മാര്‍ ബസേലിയോസ് കോളേജ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. 15 വരെ എല്ലാദിവസവും വൈകുന്നേരം അഞ്ചുമുതല്‍ ഏഴുവരെ സ്‌റ്റേഷനിൽ കളികളുണ്ടാകും. യാത്രക്കാർക്കായി നാല്  ഗെയിമുകളാണ് ഒരുക്കിയത്. ഒന്നാമത്തെ ഗെയിം ‘സ്‌ക്വാറ്റ് കോര്‍ണറില്‍’ മുന്നിലെ ചിത്രത്തെ നോക്കി കൈകള്‍ മുമ്പോട്ട് നീട്ടി 30 സിറ്റ് - അപ്പുകള്‍ എടുക്കുന്നവര്‍ വിജയികളാകും. പല കഷണങ്ങളാക്കി മുറിച്ച മഹാന്‍മാരുടെയും ദേശീയ സ്മാരകങ്ങളുടെയും ചിത്രങ്ങള്‍ ഒരു മിനിറ്റുകൊണ്ട് കൃത്യമായി യോജിപ്പിക്കാനുള്ളതാണ് രണ്ടാമത്തെ ഗെയിമായ ‘പസില്‍ കോര്‍ണര്‍’. മൂന്നാം ഗെയിമായ ‘ഹെല്‍ത്തി സ്റ്റെയേഴ്‌സ്', സ്‌റ്റേഷനിലെ 45 പടികള്‍ ഉപയോഗിച്ചുള്ളതാണ്. യാത്രക്കാര്‍ ഉപേക്ഷിക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് നടത്തുന്ന ‘വോട്ട് ഫോര്‍ യുവര്‍ ഹീറോ'യാണ് നാലാമത്തെ ഗെയിം.

മത്സര വിജയികൾക്ക് 50 രൂപ വിലയുള്ള സൗജന്യ മെട്രോ ടിക്കറ്റ് നേടാം. അല്ലെങ്കില്‍ തുക കളമശേരിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി പുസ്തകങ്ങള്‍ വാങ്ങാൻ സംഭാവന ചെയ്യാം. അതോടൊപ്പം അവര്‍ക്ക് ഹെല്‍ത്ത് -സോഷ്യല്‍ ഹീറോ ബാഡ്ജുകളും നല്‍കും. കുസാറ്റ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ആര്‍ ശശിധരന്‍ സ്‌ക്വാറ്റ് ഗെയ്‌മില്‍ പങ്കെടുത്ത് സോഷ്യല്‍ ഹീറോ ബാഡ്ജ് സ്വന്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home