Deshabhimani

കോമളപുരം സ്‌പിന്നിങ് മില്ലിന്‌ പുതുജീവൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2019, 11:58 PM | 0 min read

ആലപ്പുഴ
കോമളപുരം സ്‌പിന്നിങ് മില്ലിൽ ഉൽപ്പാദനം പുനരാരംഭിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ. പ്രവർത്തന മൂലധനമായി കോമളപുരം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ 17 മില്ലുകൾക്കായി  പത്തുകോടി രൂപ നൽകാൻ സർക്കാർ തീരുമാനിച്ചു. ഹാൻടെക്‌സ്‌ ഉൾപ്പെടെയുള്ളവർക്ക്‌ നൂലുനൽകിയ വകയിൽ കോമളപുരത്തിന്‌ ലഭിക്കാനുള്ള പണത്തിൽ മൂന്നരക്കോടി രൂപ ഉടൻ നൽകാനും തീരുമാനമായി. 
 വ്യവസായമന്ത്രി ഇ പി ജയരാജൻ, ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ എന്നിവരുടെ ഇടപെടലിനെത്തുടർന്നാണ്‌  നടപടി. രണ്ടുവർഷമായി മുടങ്ങിക്കിടക്കുന്ന സ്‌പിന്നിങ്‌, ടെക്‌സ്‌റ്റൈൽ മേഖലകളിലെ ശമ്പളം പരിഷ്‌രിക്കാനും തൊഴിൽ വകുപ്പിനു കീഴിലെ വ്യവസായ ബന്ധ സമിതി (ഐആർസി) യോഗത്തിൽ ധാരണയായി. 4300 രൂപയോളം വേതനത്തിൽ വർധനവുണ്ടാകും. ഈ മാസം ഇത്‌ പ്രാബല്ല്യത്തിൽ വരും. ഈ തീരുമാനവും ഏറ്റവുമധികം ഗുണം ചെയ്യുക കോമളപുരം മില്ലിനാണ്‌. 
   സ്വകാര്യമേഖലയിലായിരുന്ന മിൽ തൊഴിലാളികളെ വഴിയാധാരമാക്കി പൂട്ടിയപ്പോഴാണ്‌ 2011ൽ എൽഡിഎഫ്‌ സർക്കാർ ഏറ്റെടുത്തത്‌. തൊഴിലാളികൾക്ക്‌ നൽകാനുള്ള 5.18 കോടി രൂപയുടെ ആനുകൂല്യ കുടിശിക തീർത്തു നൽകി. എന്നാൽ, പിന്നാലെവന്ന ഉമ്മൻചാണ്ടി സർക്കാർ മിൽ അടച്ചുപൂട്ടി. തുടർന്ന്‌ വന്ന എൽഡിഎഫ്‌ സർക്കാർ നവീകരണം ഏറ്റെടുത്തു. അഞ്ച‌് വർഷത്തിലേറെ പ്രവർത്തന രഹിതമായി കിടന്നതിനാൽ തുരുമ്പെടുത്തു കിടന്ന പഴയ മെഷീനുകളെല്ലാം മാറ്റി പുതിയവ സ്ഥാപിച്ചു. സർക്കാർ ഏറ്റെടുത്തശേഷം 19 സ്‌പിന്നിങ്ങ്‌ മെഷീനുകളിൽ അഞ്ചെണ്ണമാണ്‌ പ്രവർത്തിപ്പിച്ചത്‌. കുടുതൽ മെഷീനുകൾ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതിശേഷിക്കായി കെഎസ്‌ഇബിക്ക്‌ അപേക്ഷിച്ചിട്ടുണ്ട്‌. വൈദ്യുതി കുടിശിക അടച്ചുതീർക്കാനുള്ള നടപടിയും തുടങ്ങി. 
വസ്‌തുതകൾ ഇതായിരിക്കെ മില്ലിനും സർക്കാരിനുമെതിരെ വ്യാപകമായ നുണ പ്രചാരണമാണ്‌ നടത്തുന്നത്‌. മില്ലിനെയും തൊഴിലാളികളെയും സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ളവർ തന്നെയാണ്‌ സങ്കുചിതമായ രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കുവേണ്ടി ഈ നുണ പ്രചാരണം നടത്തുന്നത്‌. ഒരു വിഭാഗം മാധ്യമങ്ങളെയും ഇവർ ഇതിന്‌ ഉപയോഗിക്കുന്നുണ്ട്‌. 
സാമ്പത്തിക പ്രതിസന്ധിമൂലം രാജ്യത്തെ മില്ലുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ 17 മില്ലുകൾക്കായി എൽഡിഎഫ്‌ സർക്കാർ പത്തുകോടി രൂപ അനുവദിച്ചത്‌. പഞ്ഞി വാങ്ങുന്നതിനു പുറമെ കോമളപുരത്ത്‌ ഒരുമാസം കുടിശികയായ ശമ്പളം നൽകാനും ഈ പണം വിനിയോഗിക്കും. നൂലുവിറ്റ പണംകൂടി ലഭിക്കുന്നതോടെ പ്രതിസന്ധികൾ പൂർണമായും അവസാനിക്കും. ഇതിനൊപ്പം വേതന പരിഷ്‌കരണം കൂടി നടപ്പാക്കുന്നതോടെ കോമളപുരം സ്‌പിന്നിങ്‌ ആൻഡ്‌ വീവേഴസ് മില്ലിന്റെ പ്രവർത്തനം ടോപ്പ്‌ ഗിയറിലാകും.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home