സിംപിളാണ് പവർഫുള്ളും

കണ്ണൂർ
വേമ്പനാട് കായലിൽ വാട്ടർ കളറിങ് മത്സരം നടത്തിയാലോ? ചോദ്യം കേട്ട് തെറ്റിദ്ധരിക്കേണ്ട ഓന്തിനെപ്പോലെ നിറം മാറി മാറി ഒഴുകുന്ന വേമ്പനാട്ട് കായലിനെക്കുറിച്ചാണ് പറയുന്നത്.
മൊബൈൽ ഫോണിൽ ഇൻസ്റ്റാൾചെയ്ത ആപ്പിലൂടെ ജലത്തിന്റെ തെളിമയും നിറവും പരിശോധിക്കാമെന്ന പുതിയ അറിവും പകർന്നാണ് സയൻസ് സ്ലാമിൽ ആൻസി സ്റ്റോയി പ്രബന്ധാവതരണത്തിന് തുടക്കമിട്ടത്.
വെയിൽച്ചൂടിൽനിന്ന് രക്ഷപ്പെടാൻ നമുക്ക് സൺ സ്ക്രീനുപയോഗിക്കാം മരത്തണലുതേടി പോകാം എന്നാൽ, പൊരിവെയിലത്ത് നിൽക്കുന്ന സസ്യങ്ങളോ? അതിന് സസ്യങ്ങൾക്ക് ഒരു രഹസ്യമുണ്ട്. അതായിരുന്നു ഡോ. യദുകൃഷ്ണൻ സ്ലാമിൽ അവതരിപ്പിച്ചത്. കാന്തത്തിന്റെ ‘തനിസ്വഭാവം' കാണിക്കാത്ത കാന്തങ്ങളുണ്ടോ ഉണ്ടെന്നാണ് നയനദേവരാജ് തന്റെ അവതരണത്തിൽ പറഞ്ഞുവച്ചത്.
ഒരു മഴയിൽ വെള്ളക്കെട്ടുണ്ടാകുന്ന നഗരങ്ങളെ തിരിച്ചുപിടിക്കാനുള്ള വഴികളാണ് പി അമ്പിളിക്ക് അവതരിപ്പിക്കാനുണ്ടായിരുന്നത്. അർബുദ ചികിത്സയിൽ സാങ്കേതികവിദ്യകളെ ഒഴിച്ചുനിർത്താനാവില്ല എന്നത് സത്യം, എന്നാൽ, സ്വയം നിയന്ത്രിതയന്ത്രങ്ങളേക്കാൾ ഫലപ്രദമാണ് മനുഷ്യനിയന്ത്രിത ചികിത്സാരീതികളെന്ന് യുക്തിസഹമായി അവതരിപ്പിക്കുകയായിരുന്നു വെങ്കിടേഷ് തൃത്താമര ഗംഗാധരൻ.
ഇവയുൾപ്പടെ അവതരിപ്പിച്ച 19 ഗവേഷണ അവതരണങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. ശാസ്ത്രത്തിന്റെ ‘വിരസത'കളില്ലാതെ സാങ്കേതിക പദാവലികളുടെ ബാഹുല്യമില്ലാതെ മികച്ച അവതരണംകൊണ്ടും സരസമായ പ്രതിപാദനംകൊണ്ടും മുഴുവൻ അവതരണങ്ങളും നിറഞ്ഞ കൈയടിയോടെ സദസ് സ്വീകരിച്ചു. അതിൽ ഏറ്റവും മികച്ച അഞ്ച് അവതരണങ്ങളാണ് ഫൈനൽ മത്സരത്തിനായി തെരഞ്ഞെടുത്തത്. 14ന് പാലക്കാട് ഐഐടിയിലാണ് ഫൈനൽ.
Tags
Related News

0 comments