ad
Deshabhimani

"വിസാറ്റ് ' : വിക്ഷേപണത്തിനൊരുങ്ങി എൽബിഎസ് വനിതാ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിനികൾ നിർമിച്ച സാറ്റലൈറ്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2023, 05:30 PM | 0 min read

തിരുവനന്തപുരം > തിരുവനന്തപുരം എൽബിഎസ് വനിതാ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥിനികളും അധ്യാപകരും ചേർന്ന് നിർമിച്ച വിമൺ  എൻജിനീയേർഡ് സാറ്റലൈറ്റ് "വിസാറ്റ്" വിക്ഷേപണത്തിനരുങ്ങുന്നു. സാറ്റലൈറ്റ് നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും വിദ്യാർഥിനികളെയും മന്ത്രി ആർ ബിന്ദു അഭിനന്ദിച്ചു. മൂന്നുവർഷത്തെ പ്രവർത്തനഫലമായാണ് വിസാറ്റ് എന്ന വിമൺ  എൻജിനീയേർഡ് സാറ്റലൈറ്റ് കോളേജിൽ നിർമിച്ചത്. അസി. പ്രൊഫസർ ഡോ. ലിസി എബ്രഹാമിന്റെ നേതൃത്വത്തിൽ കോളേജിലെ സ്പെയ്സ് ക്ലബ്ബിൽ അംഗങ്ങളായ വിദ്യാർത്ഥിനികളാണ് നിർമാണത്തിന് ചുക്കാൻ പിടിച്ചത്.

ക്യാമ്പസിൽ വച്ചായിരുന്നു പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണം. പിന്നീട് വിക്രം സാരാഭായി സ്‌പേസ് സെന്ററിൽ നിർമ്മാണം പൂർത്തീകരിച്ചു. ബഹിരാകാശത്തിലെയും അന്തരീക്ഷത്തിലെയും അൾട്രാവയലറ്റ് രശ്മികളുടെ തീവ്രത അളക്കുകയും  അത്തരം വികിരണങ്ങൾ കേരളത്തിന്റെ ഉഷ്‌ണതരംഗത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് മനസ്സിലാക്കുകയുമാണ് സാറ്റലൈറ്റിന്റെ ദൗത്യം. വിവരങ്ങൾ വിലയിരുത്തി നിഗമനങ്ങളിൽ എത്താൻ ക്യാമ്പസിൽ ഗ്രൗണ്ട് സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്. ഐഎസ്ആർഒയുടെ സുരക്ഷാ പരിശോധനകൾ പൂർത്തിയായാൽ നവംബറിൽ ശ്രീഹരി കോട്ടയിൽ നിന്ന് പിഎസ് എൽവി ദൗത്യത്തിന്റെ ഭാഗമായി "വിസാറ്റ്" കുതിച്ചുയരും.

വിദ്യാർഥികൾ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യത്തെ ഉപഗ്രഹം എന്ന വിശേഷണത്തിന് പുറമെ പൂർണമായും വനിതകളുടെ മേൽനോട്ടത്തിൽ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ സാറ്റലൈറ്റായ വിസാറ്റ് ലോകത്തിനു മുന്നിൽ മറ്റൊരു മാതൃക തീർക്കുകയാണെന്ന് മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home