01 April Saturday

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വ്യവസായ വകുപ്പിന് കുതിപ്പ് നൽകുന്ന ബജറ്റ്‌: മന്ത്രി പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

തിരുവനന്തപുരം > കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വ്യവസായ വകുപ്പിന് കുതിപ്പ് നൽകുന്ന ബജറ്റാണ് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചിരിക്കുന്നതെന്ന്‌ മന്ത്രി പി രാജീവ്‌. കെ എസ് ഐ ഡി സി, കിൻഫ്ര, പരമ്പരാഗത വ്യവസായങ്ങൾ, കശുവണ്ടിമേഖല, കയർ മേഖല, ഖാദി, കൈത്തറി തുടങ്ങി എല്ലാ മേഖലകളും പരിഗണിക്കപ്പെട്ടു. വകുപ്പിൻ്റെ അഭിമാനപദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതിനാവശ്യമായ സഹായവും ലഭ്യമാക്കാൻ ബജറ്റിലൂടെ ശ്രമിച്ചിട്ടുണ്ട്. 10000 കോടി രൂപയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങളും കൊണ്ടുവരുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി, ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ഗ്ലോബൽ ഇൻ്റസ്ട്രിയൽ ഫിനാൻസ് ആൻ്റ് ട്രേഡ് സിറ്റി, പുതുതായി പ്രഖ്യാപിച്ച വിഴിഞ്ഞം വ്യവസായ ഇടനാഴി, പെട്രോ കെമിക്കൽ വ്യവസായങ്ങൾ എന്നീ ബൃഹത്ത് പദ്ധതികൾക്ക് തുക വകയിരുത്തിയിട്ടുണ്ട്.

2022-23 സാമ്പത്തിക വർഷത്തിൽ വ്യവസായ മേഖലയുടെ ആകെ ബജറ്റ് വിഹിതം 1259.66 കോടി രൂപയാണ്. ഇന്ത്യയിലെ ആദ്യത്തെ ഗ്രഫീൻ ഇന്നവേഷൻ സെൻ്ററിന് സഹായം നൽകിയതിനൊപ്പം കേരളം പ്രധാന ലക്ഷ്യസ്ഥാനമായി കരുതുന്ന ഇലക്ട്രിക് വെഹിക്കിൾ മേഖലയ്ക്ക് ഊന്നൽ നൽകാനും ബജറ്റ് ശ്രദ്ധിച്ചു. സെമികണ്ടക്റ്റർ ടെസ്റ്റിങ്ങ് ആൻ്റ് അസംബ്ലിങ്ങ്, പ്രിൻ്റഡ് സർക്യൂട്ട് ബോർഡ് നിർമ്മാണം തുടങ്ങി കേരളത്തിന് വിജയം കൈവരിക്കാൻ സാധിക്കുന്ന പുതിയ മേഖലകളിലേക്കും സഹായം ലഭ്യമായി. ഇതിനൊപ്പം തന്നെ വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഉൽപാദന രംഗത്ത് ലോകത്തിലെ പ്രമുഖ ബ്രാൻ്റുകളുടെ ലക്ഷ്യസ്ഥാനമായി മാറുന്നതിനും 1000 കോടി രൂപയുടെ ‘മേക്ക് ഇൻ കേരള’ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തെ കൂടുതൽ നിക്ഷേപസൗഹൃദമാക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും സ്വകാര്യ വ്യവസായ പാർക്ക് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനും തുക വകയിരുത്തി.

വ്യാവസായിക വളർച്ച ഗണ്യമായി വർധിപ്പിക്കുന്നതിന് 2023ലെ ബജറ്റ് കേരളത്തിന് മുതൽക്കൂട്ടാകും. കിൻഫ്ര, കെ എസ് ഐ ഡി സി എന്നീ സ്ഥാപനങ്ങൾക്കായി 450ലധികം കോടി രൂപ ലഭ്യമാക്കിക്കൊണ്ട് ഭാവികേരളം വ്യവസായ സൗഹൃദ കേരളമായിരിക്കും എന്ന് ഉറപ്പ് നൽകുകയാണ് ഇത്തവണത്തെ ബജറ്റ്. ഇതിനൊപ്പം തന്നെ പരമ്പരാഗത വ്യവസായ മേഖലയ്ക്കും പ്ലാൻ്റേഷൻ മേഖലയ്ക്കുമുൾപ്പെടെ സർക്കാരിൻ്റെ കരുതൽ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കയർ, കൈത്തറി, കശുവണ്ടി മേഖലയിൽ ആധുനീകരണവും വൈവിധ്യവൽക്കരണവും ലക്ഷ്യം വെക്കുന്നതിനൊപ്പം പരമ്പരാഗത വ്യവസായങ്ങളെ മത്സരക്ഷമമാക്കാനും പദ്ധതികൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഭാവികേരളത്തിൽ വ്യവസായ വകുപ്പിൻ്റെ പങ്ക് എത്രമാത്രം വലുതാണെന്ന യാഥാർത്ഥ്യബോധം ഉൾക്കൊള്ളുന്നതാണ് ഇത്തവണത്തെ ബജറ്റ്. സംരംഭക വർഷം പദ്ധതിക്കായി കഴിഞ്ഞ ബജറ്റിൽ 120 കോടി ലഭ്യമാക്കുമ്പോൾ ധനകാര്യവകുപ്പ് വ്യവസായ വകുപ്പിൽ അർപ്പിച്ച വിശ്വാസത്തോട് കൂറ് പുലർത്താൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. 1,29,000 സംരംഭങ്ങളും 7,800 കോടി രൂപയുടെ നിക്ഷേപവും 2,78,000 തൊഴിലും ലഭ്യമാക്കാൻ 10 മാസക്കാലയളവിൽ ഞങ്ങൾക്ക് സാധിച്ചു. തുടർന്നും വ്യവസായമേഖലയിൽ വിപ്ലവസമാനമായ വളർച്ച കൈവരിക്കാനും കേരളസമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ വലിയ പങ്ക് വഹിക്കാനും കേരളത്തിൻ്റെ വ്യവസായ വകുപ്പിന് സാധിക്കും. അനുവദിക്കപ്പെട്ടിട്ടുള്ള തുക ഉപയോഗപ്പെടുത്തി എത്രയും പെട്ടെന്ന് പദ്ധതികൾ യാഥാർത്ഥ്യമാക്കും - രാജീവ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top