Deshabhimani

ഐഡിയയുണ്ടോ, വിദ്യാർഥികൾക്കും സംരംഭകരാകാം ; 25 കാമ്പസിൽ 
വ്യവസായപാര്‍ക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 01:27 AM | 0 min read


തിരുവനന്തപുരം
സംസ്ഥാനത്തെ 25 കാമ്പസുകളിൽ ഈ വർഷം വ്യവസായപാർക്ക് ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം. നിലവിൽ താൽപര്യം പ്രകടിപ്പിച്ച 80 സ്ഥാപനങ്ങളിൽ മികവുള്ള അമ്പതെണ്ണംവരെ പരി​ഗണിക്കും. പദ്ധതിയുടെ നിലവാരത്തിൽ വിട്ടുവീഴ്‌ചയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം റെസിഡൻസി ടവറിൽ കാമ്പസ് വ്യവസായ പാർക്ക് പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അക്കാദമിക്‌ മേഖലയും തൊഴിൽമേഖലയും തമ്മിലുള്ള അന്തരം കുറയ്‌ക്കാൻ പാർക്കുകൾ സഹായകരമാകും. ആർട്‌സ് ആൻഡ് സയൻസ് കോളജുകളിലും നവീന ആശയങ്ങളുടെ സാക്ഷാത്‌ക്കാരവും സംരംഭകത്വ പ്രോത്സാഹനവും സാധ്യമാക്കുകയാണ്‌ ലക്ഷ്യം. മെഡിക്കൽ കോളേജുകളിലും വ്യവസായപാർക്ക് ആരംഭിക്കുന്നത് ആലോചിക്കും. യുജിസി, എഐസിടിഇ മാനദണ്ഡപ്രകാരം വിദ്യാഭ്യാസ ആവശ്യം കഴിഞ്ഞ് അവശേഷിക്കുന്ന സ്ഥലമാണ് വ്യവസായ പാർക്കിനായി ഉപയോ​ഗിക്കുക. കോളേജിനോട് ചേർന്ന് സ്ഥലമില്ലെങ്കിൽ  കോളേജിനുകീഴിലുള്ള ഉചിതമായ സ്ഥലത്ത് പാർക്ക് ആരംഭിക്കാം. ഇൻഡസ്ട്രിയൽ പ്രോഡക്ട് ഓഫ് ദി റിസർച്ച് ഔട്ട്കം, പ്രൊജക്ട്സ് ഓഫ് ദി ഫാക്കൽറ്റി, പൂർവ വിദ്യാർഥികൾ എന്നിവർക്കാണ് പ്രഥമ പരി​ഗണന. ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ക്ലബ്ബ് കോർഡിനേറ്റർമാരുടെ സം​ഗമം ആ​ഗസ്‌ത്‌ 12ന് കൊച്ചിയിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് ഓൺലൈൻ പോർട്ടലും മന്ത്രി ഉദ്ഘാടനം ചെയ്‌തു.

ഐഡിയയുണ്ടോ, വിദ്യാർഥികൾക്കും സംരംഭകരാകാം
വിദ്യാർഥികളെ സംരംഭകരാക്കാനും വ്യവസായ–-- അക്കാദമിക ബന്ധം ശക്തിപ്പെടുത്താനുമുള്ള സംസ്ഥാന സർക്കാരിന്റെ ക്യാമ്പസ് വ്യവസായ പാർക്ക് പദ്ധതിയ്ക്ക് തുടക്കമായി. ചുരുങ്ങിയത് അഞ്ചേക്കർ ഭൂമി കൈവശമുള്ള സർവകലാശാലകൾ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കാമ്പസ് വ്യവസായ പാർക്ക് ആരംഭിക്കാനാകും. രണ്ടേക്കർ ഭൂമിയുള്ള ക്യാമ്പസുകളിൽ സ്റ്റാന്റേർഡ് ഡിസൈൻ ഫാക്ടറി സ്ഥാപിക്കാം. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് 30 വർഷത്തേക്കുള്ള ഡെവലപ്പർ പെർമിറ്റ്‌ അനുവദിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചുമതലപ്പെടുത്തുന്ന സംവിധാനങ്ങൾക്കും ഡെവലപ്പർ പെർമിറ്റിന് അപേക്ഷിക്കാം.  ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്' സഹിതം വിദ്യാഭ്യാസ സ്ഥാപനം ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. വ്യവസായം, ഉന്നത വിദ്യാഭ്യാസം, ധനം, റവന്യു, തദ്ദേശം, ജലവിഭവം, ഊർജം, പരിസ്ഥിതി വകുപ്പ്  പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെട്ട സംസ്ഥാനതല സെലക്ഷൻ കമ്മിറ്റി അപേക്ഷകളിൽ തീരുമാനമെടുക്കും.

ഇനി ‘വര്‍ക്ക് ഫ്രം കേരള'
365 ദിവസവും ജോലി ചെയ്യാനാകുന്ന അന്തരീക്ഷമാണ് കേരളത്തിന്റേതെന്നും അതിനാൽ ‘വർക്ക് ഫ്രം കേരള’ എന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും മന്ത്രി പി രാജീവ്. മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയവരെ തിരികെയെത്തിക്കാനുള്ള റിവേഴ്സ് മൈ​ഗ്രേഷൻ സാധ്യത ആലോചിക്കുന്നുണ്ട്. ഉയർന്ന വൈദഗ്ധ്യമുള്ള മാനവശേഷിയാണ് കേരളത്തിന്റെ പ്രത്യേകത.

കേരളത്തിൽ അറിവധിഷ്ഠിത വ്യവസായത്തിനാണ് സാധ്യത. ഇത്‌ കണക്കിലെടുത്ത് ​ഗ്രഫീൻ, റോബോട്ടിക്സ്, ലോജിസ്റ്റിക്സ്, ബി​ഗ് ഡാറ്റ അനാലിസിസ്, സ്പേസ്, നിർമിതബുദ്ധി തുടങ്ങി 22  മുൻ​ഗണനാ മേഖല നിശ്ചയിച്ച് വ്യവസായ നയം രൂപീകരിച്ചിട്ടുണ്ട്.  ഇത് അടിസ്ഥാനമാക്കി കോൺക്ലേവുകളും റൗണ്ട് ടേബിൾ കോൺഫറൻസും അന്താരാഷ്ട്ര റോഡ് ഷോയും സംഘടിപ്പിക്കും. ജനുവരിയിൽ കൊച്ചിയിൽ അന്താരാഷ്ട്ര നിക്ഷേപക സം​ഗമം നടത്തുമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home