27 July Saturday
യോഗ്യതയിൽ മാറ്റം വരുത്തി , റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചില്ല

കെ സുരേന്ദ്രന്റെ മകന് 
അനധികൃത നിയമനം ; സംഭവം ഒളിപ്പിക്കാൻ ഡൽഹിയിലേക്ക്‌ മാറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Sep 3, 2022


തിരുവനന്തപുരം  
ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ മകനെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിയമിക്കാൻ വിദ്യാഭ്യാസയോഗ്യതയിൽ മാറ്റം വരുത്തി. കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിന്‌ കീഴിലെ തിരുവനന്തപുരം രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ  (ആർജിസിബി) ടെക്‌നിക്കൽ ഓഫീസറായാണ്‌ സുരേന്ദ്രന്റെ മകൻ കെ എസ് ഹരികൃഷ്‌ണനെ വിദ്യാഭ്യാസയോഗ്യതയിൽ മാറ്റം വരുത്തി അനധികൃതമായി നിയമിച്ചത്‌.  ശാസ്‌ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക്‌ മാത്രം നിയമനം നൽകിയിരുന്ന തസ്‌തികയാണിത്‌. കഴിഞ്ഞ വർഷം ഡിസംബർ എട്ടിനാണ് ടെക്‌നിക്കൽ ഓഫീസറടക്കം മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചത്‌. പതിവ്‌ തെറ്റിച്ച്‌ ബി ടെക് മെക്കാനിക്കൽ ഇൻസ്ട്രുമെന്റേഷനിൽ 60 ശതമാനം മാർക്കാണ് അടിസ്ഥാന യോഗ്യതയായി നിർദേശിച്ചത്. സുരേന്ദ്രന്റെ മകനുവേണ്ടിയാണ്‌ അടിസ്ഥാനയോഗ്യതയിൽമാറ്റം വരുത്തിയതെന്നാണ്‌ ആരോപണം.

അപേക്ഷിച്ച 48 ഉദ്യോഗാർഥികൾക്ക്‌ ഏപ്രിൽ 25ന്‌ ആദ്യഘട്ടമായ ഒഎംആർ പരീക്ഷരാവിലെയും അതിൽനിന്ന്‌ തെരഞ്ഞെടുത്ത്‌ 25പേർക്ക്‌ രണ്ടാംഘട്ട എഴുത്തുപരീക്ഷയും നടത്തി. ഒരുദിവസംകൊണ്ട്‌ എഴുത്തുപരീക്ഷയുടെ മൂല്യനിർണയം നടത്തി ഹരികൃഷ്‌ണൻ ഉൾപ്പെടെ നാലുപേരെ പ്രാക്ടിക്കൽ പരീക്ഷക്ക്‌ തെരഞ്ഞെടുത്തു. ഇവർക്ക്‌ തൊട്ടടുത്ത ദിവസമായ 26ന്‌ പ്രാക്ടിക്കലും നടത്തി.  ഇതിനുശേഷം മറ്റ്‌ ഉദ്യോഗാർഥികൾക്ക്‌ ഒരറിയിപ്പും നൽകിയില്ല. റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചതായി  അറിയിച്ചുമില്ല.  അതിനിടെ ഹരികൃഷ്‌ണനെ നേരിട്ട്‌ നിയമിക്കുകയുംചെയ്‌തു. പിന്നാക്ക വിഭാഗത്തിന്‌ സംവരണം ചെയ്തതായിരുന്നു തസ്തിക.
സംഭവം ഒളിപ്പിക്കാൻ വിദഗ്ധപരിശീലനം എന്ന വ്യാജേന ഹരികൃഷ്‌ണനെ ഡൽഹിയിലെ കേന്ദ്ര ശാസ്‌ത്ര സാങ്കേതിക സ്ഥാപനത്തിലേക്ക്‌ അയയ്‌ക്കുകയും ചെയ്‌തു. അടിസ്ഥാന ശമ്പളം ഉൾപ്പെടെ 70,000 രൂപയാണ്‌ വേതനം.

നിയമനം രഹസ്യമാക്കി 
ആർജിസിബി
ദിവസങ്ങൾ നീളുന്ന പതിവ്‌ നിയമന നടപടിക്രമം ഉപേക്ഷിച്ചാണ്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ മകൻ കെ എസ്‌ ഹരികൃഷ്‌ണന്‌ ആർജിസിബിയിലെ ടെക്‌നിക്കൽ ഓഫീസറായി തിരക്കിട്ട്‌ നിയമനം നൽകിയത്‌. ഒരു മാസത്തിനുള്ളിൽ എല്ലാ നടപടിയും പൂർത്തിയാക്കി. ആർജിസിബിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ജീവനക്കാരുടെ ഫോട്ടോയടക്കം പ്രസിദ്ധീകരിക്കുന്ന ഭാഗത്ത്‌ മൂന്നുമാസം മുമ്പ്‌ നിയമിച്ച ഹരികൃഷ്‌ണന്റെ വിവരങ്ങൾ ഇല്ലാത്തത്‌ നിയമനവിവരം പരമാവധി മറച്ചുവയ്ക്കാനുള്ള നീക്കമാണ്‌. ലാബ്‌ പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർഥികൾ ആർജിസിബിയെ ബന്ധപ്പെട്ടപ്പോൾ ആരെയും നിയമിച്ചിട്ടില്ലെന്നായിരുന്നു പ്രതികരണം. എന്നാൽ, ഈ തസ്‌തികയിൽ നിയമനം നടന്നിട്ടുണ്ടെന്ന് ആർജിസിബി ചീഫ് കൺട്രോളർ എസ് മോഹനൻനായർ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ബയോടെക്‌നോളജി സ്ഥാപനത്തിൽ യോഗ്യതയിൽപോലും മാറ്റംവരുത്തി സുതാര്യതയില്ലാതെ നടത്തിയ നിയമനത്തിൽ വൻ പ്രതിഷേധമുയരുന്നുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top