പത്തനംതിട്ട, കോഴിക്കോട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം > കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ പത്തനംതിട്ട, കോഴിക്കോട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട
രണ്ടായിരത്തോളം ജനങ്ങൾ ജില്ലയിലെ പല താലൂക്കുകളിലായി സജ്ജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നതിനാലും, നിരവധി പാതകളിലും റോഡുകളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാലും പത്തനംതിട്ട ജില്ലയിലെ അംഗൻവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
കോഴിക്കോട്
ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടുള്ളതിനാലും നദീതീരങ്ങളിൽ വെള്ളം ഉയരുന്ന സാഹചര്യവും കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
കാസർകോഡ്
റെഡ് അലേർട്ട് തുടരുന്നതിനാൽ കാസർകോഡ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും കളക്ടർ അറിയിച്ചു.
സ്‌കൂളുകളിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ, ചുറ്റുമതിൽ, പഴയ ക്ലാസ്റൂമുകൾ തുടങ്ങിയവ പിടിഎ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ നാളെ തന്നെ വീണ്ടും പരിശോധിക്കുകയും അടുത്ത പ്രവൃത്തിദിനം സ്‌കൂളിൽ എത്തുന്ന കുട്ടികൾക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കി എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഇത് കൂടി കണക്കിലെടുത്താണ് നാളെ അവധി നൽകുന്നതെന്നും കളക്ടർ അറിയിച്ചു.









0 comments