ad
Deshabhimani

ധനകാര്യകമീഷൻ മാനദണ്ഡമാറ്റം: കേരളത്തിന് 16,000 കോടി രൂപ നഷ്ടമാകുമെന്ന് റിപ്പോർട്ട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 08, 2018, 04:14 AM | 0 min read

കൊച്ചി > പതിനഞ്ചാം ധനകാര്യ കമീഷൻ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തിയതുമൂലം കേരളത്തിന് കുറഞ്ഞത് 16,000 കോടി രൂപയുടെ നഷ്ടം വരുമെന്ന് പഠനറിപ്പോർട്ട്  2011 ലെ ജനസംഖ്യ ആധാരമാക്കുന്നതിലൂടെമാത്രം പതിനാലാം ധനകാര്യകമീഷന്റെ വകയിരുത്തൽ അടിസ്ഥാനമാക്കി കണക്കാക്കിയാൽ 7800 കോടി രൂപ നഷ്ടമാകും. വനവൽക്കരണം അടക്കമുള്ള പാരിസ്ഥിതികപ്രവർത്തനങ്ങൾ മുൻനിർത്തി പതിനാലാം ധനകമീഷൻ നൽകിയ വിഹിതവും കേരളത്തിന് നഷ്ടമാകുമെന്നാണ്  പരിഗണനാ വിഷയങ്ങൾ നൽകുന്ന സൂചന. ഇതുകൂടി സംഭവിച്ചാൽ 8,200 കോടി രൂപവരെ നഷ്ടമാകാം. മറ്റിനങ്ങളിലും നഷ്ടം വരാമെന്ന് കൊച്ചി സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ് ചെയർമാൻ ഡോ. കെ കെ ജോർജും ഫെലോ കെ കെ കൃഷ്‐ണകുമാറുംചേർന്ന് തയ്യാറാക്കിയ പഠനം ചൂണ്ടിക്കാട്ടുന്നു.

മാനദണ്ഡം മാറ്റുന്നതിലൂടെ  തമിഴ്നാടിന് 10,500 കോടി രൂപ നഷ്ടമാകും. ആന്ധ്രപ്രദേശിനും  തെലങ്കാനയ്ക്കുംകൂടി 6,500 കോടി രൂപയുടെയും കർണാടകത്തിന് 1,800 കോടി രൂപയുടെയും നഷ്ടമുണ്ടാകും. ഏറ്റവും നേട്ടം ഉത്തർപ്രദേശിനാണ്.  9,300 കോടി രൂപ. കഴിഞ്ഞ ധനകമീഷൻ ശുപാർശയേക്കാൾ കൂടുതലായി അവർക്ക് ലഭിക്കാം. രാജസ്ഥാൻ (7,000 കോടി രൂപ), ബിഹാർ (6800 കോടി രൂപ) എന്നിവയാണ് നേട്ടമുണ്ടാക്കുന്ന സംസ്ഥാനങ്ങളിൽ രണ്ടും മൂന്നും സ്ഥാനത്ത്.പതിനഞ്ചാം ധനകാര്യകമീഷന്റെ പരിശോധനാവിഷയങ്ങളിൽ ഒന്നായിട്ടാണ് കമീഷൻ ശുപാർശയ്ക്ക് 2011 ലെ ജനസംഖ്യാകണക്ക് ആധാരമാക്കാമെന്നു പറയുന്നത്. ജനസംഖ്യാ നിയന്ത്രണം പ്രോത്സാഹിപ്പിക്കാൻ കുടുംബാസൂത്രണം ആരംഭിക്കുന്നതിനുമുമ്പുള്ള 1971 ലെ ജനസംഖ്യയാണ് മുൻ ധനകമീഷനുകൾ ശുപാർശകൾക്ക് അടിസ്ഥാനമാക്കിയിരുന്നത്. ഇത് മാറ്റില്ലെന്ന് പാർലമെന്റിലും ഉറപ്പുകൾ നൽകിയിരുന്നു.

1971നും  2011നുമിടയിൽ ഏറ്റവും കുറഞ്ഞ ജനസംഖ്യാവളർച്ചയുണ്ടായ സംസ്ഥാനമാണ് കേരളം. ഇന്ത്യയിലാകെ ഇക്കാലയളവിലെ ജനസംഖ്യാവളർച്ച 120.8 ശതമാനമാണെങ്കിൽ കേരളത്തിന്റേത് 56.4 ശതമാനമാണ്. കേരളത്തിനൊപ്പം നഷ്ടംവരുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ അസമും ഹിമാചൽപ്രദേശും പോലെയുള്ള പ്രത്യേക പരിഗണന കിട്ടേണ്ട സംസ്ഥാനങ്ങളുമുണ്ട്. വരുമാനം കുറഞ്ഞ ഒഡീഷപോലുള്ള സംസ്ഥാനങ്ങൾക്കും വിഹിതം കുറയും. ഉയർന്ന വരുമാനമുള്ള സംസ്ഥാനങ്ങളായ ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര  എന്നിവ നേട്ടമുണ്ടാക്കുകയും ചെയ്യും. (പട്ടിക കാണുക).

വിഭജനത്തിനുള്ള ഫോർമുല തയ്യാറാക്കുമ്പോഴും സംസ്ഥാനങ്ങളുടെ പ്രതിശീർഷ ആഭ്യന്തര ഉൽപ്പാദനം തയ്യാറാക്കുമ്പോഴും ഏത് വർഷമാണ് ആധാരമാക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ വിഹിതത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങളുടെ സ്ഥാനത്തിൽ ഗണ്യമായ മാറ്റം വരും. പ്രതിശീർഷ ആഭ്യന്തര ഉൽപ്പാദനത്തിന്റെ കാര്യത്തിൽ 2011 ലെ ജനസംഖ്യ ആധാരമാക്കിയാൽ കേരളം എട്ടാം സ്ഥാനത്താണ്. എന്നാൽ, 1971 ലെ കണക്കെടുത്താൽ ഇത് താഴെ പതിനാറാംസ്ഥാനമാകും.ജൈവവ്യവസ്ഥയും പരിസ്ഥിതിയും കാലാവസ്ഥാവ്യതിയാനവും പരിഗണിച്ച് സംസ്ഥാനങ്ങൾക്ക്‐ പ്രത്യേകസഹായം നൽകുന്ന പദ്ധതി പതിനാലാം ധനകമീഷനാണ് ആരംഭിച്ചത്. എന്നാൽ, പതിനഞ്ചാം ധനകമീഷന്റെ പരിഗണനാവിഷയങ്ങളിൽ, ഈ വിഷയം പ്രത്യേകം പറയുന്നില്ല. കേരളംപോലെയുള്ള സംസ്ഥാനങ്ങൾക്ക് ഈ ഇനത്തിൽ കിട്ടേണ്ട വിഹിതം നഷ്ടമാകും.

ധന കമീഷനിൽ സംസ്ഥാനങ്ങളെ അടുത്തറിയാത്തവർ

കൊച്ചി > സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെപ്പറ്റി ധാരണയുള്ള ഒരാൾപോലും പതിനഞ്ചാം ധനകാര്യ കമീഷനിൽ ഇല്ലെന്ന് പഠനം കുറ്റപ്പെടുത്തുന്നു. ഒരാളൊഴികെ എല്ലാവരും നീതി ആയോഗ് പോലെയുള്ള കേന്ദ്ര സർക്കാർ സംവിധാനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചവരാണ്. ഒരംഗമായ അമേരിക്കയിലെ ജോർജ് ടൺ സർവകലാശാലയിലെ അഡ്ജൻക്ട് പൊഫസറായ ഡോ. അനൂപ് സിങ്ങിന് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുമായി വിദൂരബന്ധം മാത്രം. ധനകമീഷന്റെ രൂപീകരണ വിജ്ഞാപനത്തിലും പരിഗണനാവിഷയങ്ങളിലുംവന്ന പിശകുകളും അലസമായ സമീപനത്തിന്റെ സൂചനയാണെന്ന് പഠനം പറഞ്ഞു.

കേരളംപോലുള്ള സംസ്ഥാനങ്ങൾക്ക് ഒട്ടും ആത്മവിശ്വാസം വളർത്തുന്ന വിധത്തിലല്ല ധനകമീഷന്റെ പരിഗണനാവിഷയങ്ങൾക്ക് രൂപം നൽകിയിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ഭവനനിർമാണം, സാമൂഹ്യസുരക്ഷ, ജനസംഖ്യാനിയന്ത്രണം തുടങ്ങിയ രംഗങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമാണ് കേരളത്തിന്റെ പ്രശ്നങ്ങൾ. ഇതിനൊക്കെ സഹായം കിട്ടണം.

ഭരണഘടനാ സ്ഥാപനങ്ങളായ ധനകമീഷനുകളുടെ പ്രസക്തി നഷ്ടപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്നും അവ കേന്ദ്ര സർക്കാരിന്റെ താൽപ്പര്യപ്രകാരംമാത്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായി മാറിയെന്നും പഠനം പറയുന്നു.
 


 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home