എട്ട് ദിവസം; സംസ്ഥാനത്ത് ഒരുലക്ഷത്തിലേറെ പേർക്ക് പകർച്ചവ്യാധി

തിരുവനന്തപുരം: ഇൗ മാസം എട്ടു ദിവസം പിന്നിടുമ്പോൾ സംസ്ഥാനത്ത് 1.06 ലക്ഷം പേർക്ക് പകർച്ചവ്യാധി സ്ഥിരീകരിച്ചു. സർക്കാർ ആശുപത്രികളിൽമാത്രം ചികിത്സ തേടിയവരുടെ കണക്കാണിത്. പനി – 84,658, വയറിളക്കം –19,428, ഡെങ്കിപ്പനി – 834, ചിക്കൻപോക്സ് –675, ഇൻഫ്ലുവൻസ –661, മഞ്ഞപ്പിത്തം –197, എലിപ്പനി –113, മുണ്ടിനീര് – 81, മലമ്പനി – 56, ഷിഗല്ല –34, ടൈഫസ് –12, ചിക്കൻഗുനിയ –9, അമീബിക് മസ്തിഷ്കജ്വരം – 2 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. 30 പേർ ഒരാഴ്‌ചയ്‌ക്കിടെ മരിച്ചു. ബുധനാഴ്‌ച മാത്രം 96 പേർക്ക് ഡെങ്കിപ്പനിയും 24 പേർക്ക് മഞ്ഞപ്പിത്തവും 15 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
പകർച്ചവ്യാധികൾമൂലം ഒരാഴ്ചയ്ക്കിടെ 30 പേരാണ് മരിച്ചത്. കഴിഞ്ഞമാസം, 241 പേരാണ് പകർച്ചവ്യാധികളിൽ മരിച്ചത്. രോഗലക്ഷണങ്ങളോടെ മരിച്ച 71 പേരുടെ പരിശോധനഫലം വന്നിട്ടില്ല.
ഷിഗല്ല, മുണ്ടിനീര്, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ ബാധിച്ചവരിൽ അധികവും കുട്ടികളാണ്. ഒരു മാസത്തിനിടെ 306 പേർക്കാണ് സംസ്ഥാനത്താകെ മുണ്ടിനീര് സ്ഥിരീകരിച്ചത്.
ഷിഗല്ല ബാധിച്ച് കോഴിക്കോട്ടും മലപ്പുറത്തും ഒരുമാസത്തിനിടെ രണ്ട് കുട്ടികൾ മരിച്ചു. ഷിഗല്ലമൂലം തൃക്കുന്നപ്പുഴയിൽ സ്‌കൂൾ രണ്ടാഴ്‌ച വൈകിയാണ് തുറന്നത്. വയനാട് സുൽത്താൻ ബത്തേരിയിലെ വിദ്യാലയത്തിൽ 164 കുട്ടികൾ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയതിൽ 6 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
മഴക്കാല പൂർവശുചീകരണം സ്കൂളുകളിലും പാളിയതോടെ ഡെങ്കിപ്പനി വ്യാപനവും രൂക്ഷമാണ്. കുഞ്ഞുങ്ങളുടെ പ്രതിരോധ ശേഷിക്ക് അത്യന്താപേക്ഷിതമായ വൈറ്റമിൻ എ വിതരണവും മുടങ്ങി. ആശുപത്രികളിൽ കൃത്യമായി മരുന്നെത്തിക്കുന്നില്ല. പല ആശുപത്രികളിലും അവശ്യമരുന്നുകൾക്ക് ക്ഷാമം നേരിടുന്നുണ്ട്.










0 comments