06 June Tuesday

കുരുമുളകു വിപണിയില്‍ ഉണര്‍വ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 28, 2016

കൊച്ചി > ഓണാവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് കാര്‍ഷികമേഖല പുതിയ റബര്‍ഷീറ്റ് വില്‍പ്പനയ്ക്കിറക്കിയ അവസരത്തില്‍ ടയര്‍ നിര്‍മാതാക്കള്‍ ഷീറ്റ്വില ഇടിച്ചു. വിളവെടുപ്പും കൊപ്ര സംസ്കരണവും പുരോഗമിക്കുന്നു. ഒരുമാസത്തെ തളര്‍ച്ചയ്ക്കുശേഷം കുരുമുളക് വിപണിയില്‍ ഉണര്‍വ്. സ്വര്‍ണവില കുറഞ്ഞു, ആഭരണവിപണികള്‍ സജീവം.

ഓണാവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് കാര്‍ഷികമേഖല റബറുമായി വിപണിയില്‍ എത്തിയപ്പോള്‍ വ്യവസായികള്‍ സംഘടിതരായി രംഗംവിട്ടു. വിലയിടിക്കാനുള്ള പതിവുതന്ത്രം ഉല്‍പ്പാദനമേഖലയ്ക്ക് കനത്ത പ്രഹരമായി. മാസങ്ങള്‍ നീണ്ട പ്രതിസന്ധിക്കൊടുവിലാണ് ഉല്‍പ്പാദകര്‍ കഴിഞ്ഞമാസം റബര്‍ ടാപ്പിങ്ങിനായി തോട്ടങ്ങളിലേക്ക് ശ്രദ്ധതിരിച്ചത്. വിപണിയിലെ താഴ്ന്ന വിലമൂലം പുതിയ ചരക്കിറക്കാതെ ഏതാനും ആഴ്ച അവര്‍ കൈവശംവച്ചങ്കിലും ഉത്സവദിനങ്ങള്‍ അടുത്തതിനാലാണ് ചെറുകിടക്കാര്‍ ചരക്കുമായി വിപണിയികളിലേക്കു തിരിഞ്ഞത്. ഓണവില്‍പ്പനയ്ക്ക് തുടക്കംകുറിച്ചുവെന്ന് വ്യക്തമായതോടെ പ്രമുഖ ടയര്‍കമ്പനികള്‍ പലതും ചരക്കുസംഭരണംതന്നെ നിര്‍ത്തി രംഗത്തുനിന്ന് പിന്മാറിയതിനാല്‍ നാലാം ഗ്രേഡ് 13,800ല്‍നിന്ന് 12,500 ലേക്ക് ഇടിഞ്ഞു. വാരാന്ത്യം നിരക്ക് 12,700ലാണ്. പുതിയ റബര്‍ഷീറ്റ് ഈ വാരവും ഉയര്‍ന്ന അളവില്‍ വില്‍പ്പനയ്ക്കെത്താന്‍ ഇടയുണ്ട്. വിപണിയെ തളര്‍ത്താന്‍ ടയര്‍ലോബി അവധിവ്യാപാരത്തില്‍ വില്‍പ്പനസമ്മര്‍ദം സൃഷ്ടിക്കാനുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടു വേണം ഉല്‍പ്പാദകര്‍ ചരക്ക് വിപണിയിലേക്കു നീക്കാന്‍.   

ചൈനീസ് മാര്‍ക്കറ്റില്‍ റബറിന് നേരിട്ട തളര്‍ച്ചയും ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതും റബറില്‍ സമ്മര്‍ദം ഉളവാക്കി. പ്രതികൂല വാര്‍ത്തകള്‍ ‘ഭയന്ന് നിക്ഷേപകര്‍ ടോക്കോം എക്സ്ചേഞ്ചില്‍ ബാധ്യതകള്‍ ഒഴിവാക്കാന്‍ തിടുക്കപ്പെട്ടതോടെ ആറാഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്ക് ഷീറ്റ് വില നീങ്ങി. ജൂലൈയില്‍ ചൈനയുടെ റബര്‍ ഇറക്കുമതിയില്‍ 46 ശതമാനം ഇടിവ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാളികേരോല്‍പ്പന്നങ്ങളുടെ വിളവെടുപ്പ് പുരോഗമിക്കുന്നു. പ്രദേശികതലത്തില്‍ വെളിച്ചെണ്ണ ഉയര്‍ന്ന വിലയ്ക്ക് കൈമാറിയതാണ് തിരക്കിട്ട് വിളവെടുപ്പിന് ഒരുവിഭാഗം കര്‍ഷകരെ പ്രേരിപ്പിച്ചത്. ആകര്‍ഷമായ വിലയ്ക്ക് പച്ചത്തേങ്ങയും കൊപ്രയും കൈമാറാനാവുമെന്ന വിശ്വാസം കൊപ്ര ഉല്‍പ്പാദകര്‍ക്കും ആവേശമായി. അടുത്തവാരം പുതിയ കൊപ്ര വരവ് ഉയരാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് കാങ്കയത്തെ മില്ലുകാര്‍ കരുതലോടെയാണ് നീക്കങ്ങള്‍ നടത്തുന്നത്. കൊച്ചിയില്‍ കൊപ്ര 6330ലും എണ്ണ 9300ലുമാണ്.

ഹൈറേഞ്ചിലെ പല ഭാഗങ്ങളിലും ഏലക്ക വിളവെടുപ്പ് ചെറിയ അളവില്‍ ആരംഭിച്ചു. ലേലകേന്ദ്രങ്ങളില്‍ വരവ് കുറഞ്ഞതിനാല്‍ വാങ്ങലുകാര്‍ ഉത്സാഹിച്ച് ചരക്ക് സംഭരിക്കുന്നുണ്ട്. ഉത്സവസീസണായതിനാല്‍ പ്രദേശിക വിപണികളില്‍ ഏലത്തിന് ഡിമാന്‍ഡ് വര്‍ധിച്ചു. കയറ്റുമതിക്കാര്‍ ലേലത്തില്‍ താല്‍പ്പര്യം നിലനിര്‍ത്തി.

കുരുമുളകുവിപണി തളര്‍ച്ചയുടെ ദിനങ്ങള്‍ക്ക് അവധി നല്‍കി വീണ്ടും തിരിച്ചുവരവ് കാഴ്ച്ചവച്ചു. ഏതാണ്ട് ഒരുമാസത്തോളം നിര്‍ജീവാവസ്ഥയില്‍ നീങ്ങിയശേഷം പിന്നിട്ടവാരം ഉല്‍പ്പന്നവില 600 രൂപ വര്‍ധിച്ചു. ആഭ്യന്തര–വിദേശ വ്യാപാരികള്‍ ചരക്ക് സംഭരിക്കാന്‍ രംഗത്തെത്തിയതോടെ ഗാര്‍ബിള്‍ഡ് കുരുമുളക് വില 72,600 രൂപയായി കയറി. രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ കുരുമുളകു വില ടണ്ണിന് 11,000–11,250 ഡോളറാണ്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 69,500 രൂപയില്‍ വിപണനം നടന്നു.    കേരളത്തില്‍ സ്വര്‍ണവില പവന് 200 രൂപ താഴ്ന്നു. പവന്റെ വില 23,480 രൂപയില്‍നിന്ന് 23,280 രൂപയായി. ലണ്ടനില്‍ ഒരൌണ്‍സ് സ്വര്‍ണം 1341 ഡോളറില്‍നിന്ന് 1321ലേക്ക് ഇടിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top