സ്വര്‍ണത്തിന്റെ ഭാവി ഇനിയെന്ത്?

സ്വര്‍ണത്തിന്റെ വിലയിലെ ചാഞ്ചാട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്വര്‍ണവില ആറുവര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വിലയായ 1077 ഡോളറിലെത്തുന്ന കാഴ്ച നാം കണ്ടു. ഈ ഘട്ടത്തില്‍ സ്വാഭാവികമായും സ്വര്‍ണത്തിന്റെ ഭാവി ഇനി എങ്ങോട്ടാണെന്ന ചോദ്യം സാധാരണക്കാരനെ വരെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. മിക്ക സൂചനകളും വിരല്‍ചൂണ്ടുന്നത് സ്വര്‍ണത്തിന്റെ വില ഇനിയും താഴേക്കെന്ന സാധ്യതയിലേക്കാണ്.
സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ ഇടിവിന്റെ കാരണമായി മിക്കവരും ചൂണ്ടിക്കാണിക്കുന്നത് യുഎസ് സാമ്പത്തികാവസ്ഥമെച്ചപ്പെടുന്നതിന്റെ സൂചനകളാണെങ്കിലും സ്വര്‍ണത്തിന്റെ ഡിമാന്‍ഡും കണക്കിലെടുക്കേണ്ടതുണ്ട്. സ്വര്‍ണ വിലയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പങ്ക് ഇവിടെയാണ്. സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ഉപയോക്താക്കളിലൊന്നാണ് ഇന്ത്യയെന്ന് പരക്കെ അറിയപ്പെടുന്നത്. ചൈനയാണ് മറ്റൊരു വലിയ ഉപയോക്താവ്. ഈ രണ്ടു വിപണികളിലും സ്വര്‍ണത്തിന്റെ ആവശ്യകത കുറഞ്ഞുവരുന്നതാണ് നിലവിലെ പ്രശ്നം. ചൈനയുടെ സ്വര്‍ണശേഖരം പ്രതീക്ഷിച്ചതിന്റെ പകുതിയോളം മാത്രമേയുള്ളൂവെന്നതാണ് റിപ്പോര്‍ട്ടിലെ സൂചന.
ഇത് സ്വാഭാവികമായും വിലയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയിട്ടുണ്ട്. ഒപ്പം തന്നെ ഈ വര്‍ഷം ഇന്ത്യയില്‍ വിവാഹദിനങ്ങളുടെ എണ്ണം കുറവായിരിക്കുമെന്ന വാര്‍ത്തയും സ്വര്‍ണവില കുറയ്ക്കാന്‍ ഇടയാക്കിയിട്ടുണ്ട്. രാജ്യത്ത് ഈ വര്‍ഷം വിവാഹദിനങ്ങളുടെ എണ്ണത്തില്‍ 40 ശതമാനം കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഇത് തീര്‍ച്ചയായും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കുകയും വരുന്ന കല്യാണസീസണില്‍ സ്വര്‍ണവ്യാപാരം കുറയാന്‍ ഇടയാക്കുകയുംചെയ്യും. അതേസമയം, വില ഇത്രയും കുറഞ്ഞുനില്‍ക്കുന്നത് ഭഭാവിയിലേക്ക് നിക്ഷേപത്തിനായി സ്വര്‍ണം വാങ്ങിവയ്ക്കാനുള്ള മികച്ച അവസരമായി കാണുന്നവരുണ്ട്. എന്നാല്‍, സ്വര്‍ണവില ഇനിയും ഇടിയുമെന്നതാണ് പ്രശ്നം.ഡിമാന്‍ഡ് കുറഞ്ഞതുകൂടാതെ യുഎസ് സാമ്പത്തികാവസ്ഥ കരുത്താര്‍ജിക്കുന്നതും ഒരു കാരണമാണ്. യുഎസ് സാമ്പത്തികാവസ്ഥ തുടര്‍ച്ചയായി മെച്ചപ്പെടുന്നത് യുഎസിന്റ സാമ്പത്തികതിരിച്ചുവരവ് ശക്തമായി തന്നെയാണെന്നതിന്റെ സൂചനയാണ്. സ്വര്‍ണം ഡോളറിനേക്കാള്‍ ശക്തിപ്പെട്ടുനില്‍ക്കുന്ന അവസരത്തില്‍ യുഎസ് സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള എന്തു സദ്വാര്‍ത്തയും സ്വര്‍ണത്തിന്റെ മൂല്യം കുറയ്ക്കാന്‍ ഇടയാക്കും.
തീര്‍ച്ചയായും യുഎസ് സമ്പദ്വ്യവസ്ഥയുടെ തുടര്‍ച്ചയായ മുന്നേറ്റവും അതിലുള്ള ആത്മവിശ്വാസവുംതന്നെയാണ് വര്‍ഷാദ്യത്തില്‍ 1300 ഡോളര്‍ വിലയുണ്ടായിരുന്ന സ്വര്‍ണത്തിന്റെ വിലയിടിക്കാന്‍ ഇടയാക്കിയത്. അവസാനമാസങ്ങളില്‍ സ്വര്‍ണവിലയില്‍ തിരിച്ചുവരവുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല, പക്ഷെ, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വ്യത്യാസപ്പെടുത്താതിരിക്കണമെന്നുമാത്രം. പക്ഷെ, മിക്കവരും പ്രതീക്ഷിക്കുന്നതുപോലെ ഈ വര്‍ഷംതന്നെ പലിശനിരക്ക് ഉയര്‍ത്തുമെന്നാണ് സൂചനകള്‍. അപ്രകാരം സംഭവിക്കുന്നപക്ഷം സ്വര്‍ണത്തിന് നഷ്ടംനികത്താന്‍ കൂടുതല്‍ ബുദ്ധിമുട്ടേണ്ടിവരും.
ഫോറെക്സ് ടൈം ഡോട്ട് കോമിന്റെ ചീഫ് മാര്‍ക്കറ്റ് അനലിസ്റ്റാണ് ലേഖകന്‍










0 comments