24 September Sunday

ജിഎസ്ടി വന്നു, ഇനിയെന്താകും?

പി ജി സുജUpdated: Sunday Jul 2, 2017

കാത്തിരിപ്പുകള്‍ക്ക് അറുതിവരുത്തി രാജ്യത്തെ പരോക്ഷനികുതിമേഖലയില്‍ അടിമുടി  മാറ്റങ്ങളുമായി ചരക്കുസേവനനികുതി (ജിഎസ്ടി) പ്രാബല്യത്തില്‍വന്നു. എന്നാല്‍ സാങ്കേതിക മുന്നൊരുക്കങ്ങള്‍ പൂര്‍ണമായും പൂര്‍ത്തിയായോ എന്നും അത് പിഴവില്ലാത്തതാണോയെന്നും ഉറപ്പുവരുത്താതെ ജിഎസ്ടി തിരക്കിട്ടു നടപ്പാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം രാജ്യത്തെല്ലായിടത്തും ഉയരുമ്പോഴാണ് അവയൊന്നും ദൂരീകരിക്കാന്‍ മെനക്കെടാതെ തിരക്കിട്ട് ജിഎസ്ടി നടപ്പാക്കിയത്.

ജിഎസ്ടി വന്നതോടെ ആഡംബര ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയുകയും അവശ്യ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം അസമത്വത്തിന് ഇടയാക്കുമെന്ന് ജിഎസ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനവേളയില്‍ മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. വിലവര്‍ധന ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ജിഎസ്ടി കണ്‍സള്‍ട്ടന്‍സി കമ്മിറ്റി രൂപീകരിക്കുമെന്നും  കേരളത്തില്‍ എന്‍ഐസിയും ഐടി മിഷനും ചേര്‍ന്ന് വ്യാപാരികള്‍ക്കായി ജിഎസ്ടി റെഡി സോഫ്റ്റ്വെയര്‍ വികസിപ്പിച്ച് രണ്ടുമാസത്തിനുള്ളില്‍ സൌജന്യമായി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  സംസ്ഥാനത്ത് ഉല്‍പ്പന്നങ്ങള്‍ക്കുണ്ടായ നികുതിമാറ്റം സംബന്ധിച്ച പട്ടിക  പുറത്തിറക്കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ക്ക് എംആര്‍പി നിരക്ക്  കുറയ്ക്കാന്‍ നടപടി എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. വില കുറയ്ക്കാന്‍ വ്യാപാര വാണിജ്യ സമൂഹം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടിയുമായി ബന്ധപ്പെട്ട് വിവിധതലങ്ങളിലുള്ളവര്‍ക്ക് ആശങ്ക തുടരുകയാണ്. എല്ലാവരും ഒരുമിച്ച് ഫയല്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സെര്‍വര്‍ തകരാറുകള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഇക്കൂട്ടത്തിലുണ്ടാകും. 10-15 ദിവസം കൂടുമ്പോള്‍ പലതരം ഫയലിങ് പൂര്‍ത്തിയാക്കേണ്ടതുണ്ട്്. ഉല്‍പ്പന്നം നിര്‍മിക്കുന്നതുമുതല്‍ വില്‍പ്പനയുടെ ഓരോഘട്ടത്തിലും ഡാറ്റ കൃത്യമായി ഫയല്‍ചെയ്യുകയാണെങ്കില്‍ മാത്രമേ ഓരോരുത്തര്‍ക്കും നികുതി ആനുകൂല്യം ലഭിക്കൂ എന്നതാണ് ജിഎസ്ടിയെ സങ്കീര്‍ണമാക്കുന്നത്. ഈ ശൃംഖലയുടെ ഓരോ കണ്ണിയിലുള്ള എല്ലാവരും തങ്ങള്‍ക്കു വന്ന മൊത്തം ചെലവിന്റെ മാത്രം നികുതി ഒടുക്കിയാല്‍ മതി എന്നതിനാല്‍ എല്ലാവരും കണ്ണിമുറിയാതെ  ഇതു പാലിച്ചാല്‍ മാത്രമേ ഉപഭോക്താവിനും അതിന്റെ നേട്ടം ലഭിക്കുകയുള്ളു.

നികുതിയുടെ പുറത്ത് നികുതി ഈടാക്കുന്ന പഴയ രീതിക്കു പകരം ജിഎസ്ടിയില്‍ ഉല്‍പ്പന്നം വാങ്ങുന്നവര്‍ നിര്‍മാതാവോ മൊത്ത-ചില്ലറ വിതരണക്കാരോ ഉള്‍പ്പെടെ ആരായാലും ഒരു ഉല്‍പ്പന്നത്തിന്് ഒരിക്കല്‍ മാത്രം നികുതികൊടുത്താല്‍ മതി. കണ്ണിയില്‍ ആദ്യമുള്ളവര്‍  ഇന്‍പുട്ട് ക്രെഡിറ്റ് ഉള്‍പ്പെടെയുള്ള വില്‍പ്പനയുടെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ പിന്നീടുള്ളവര്‍ക്ക് തങ്ങളുടെ നികുതിവിഹിതം കൃത്യമായി അടയ്ക്കാനാകൂ. അതിനു പാളിച്ച വന്നാല്‍ ജിഎസ്ടിയുടെ നേട്ടം കിട്ടണമെന്നില്ല. അതായത് ഓരോരുത്തരും ഏതെങ്കിലും ഘട്ടത്തില്‍ ഇതിന്റെ ഭാഗമാകേണ്ടതുണ്ട്. ഫയലിങ്സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും അത് കൃത്യമായി കൈകാര്യംചെയ്യാനാവുന്നതെങ്ങനെ എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ കണ്ണിയുടെ ഓരോ ഘട്ടങ്ങളിലും ആശയക്കുഴപ്പും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

ഇങ്ങനെ ആശയക്കുഴപ്പം നിലനില്‍ക്കുമ്പോള്‍ വ്യാപാരികള്‍ കുറച്ചു സ്റ്റോക് മാത്രമേ എടുത്തുവയ്ക്കാന്‍ സാധ്യതയുള്ളു. ജൂണ്‍വരെ ഉല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് ഏതു രീതിയില്‍ വില കണക്കാക്കുമെന്ന ആശങ്ക നിലനില്‍ക്കുമ്പോഴും പലരും ഉയര്‍ന്ന നികുതിയടിസ്ഥാനത്തിലുള്ള വിലയാണ് ഈടാക്കുന്നത്. ഇടനിലക്കാരും ചെറുകിടക്കാരുമൊന്നും ജിഎസ്ടി സ്വീകരിക്കാന്‍ പ്രാപതമായിട്ടില്ല. ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം വ്യാപാരികള്‍ കുറഞ്ഞ സ്റ്റോക്വച്ച് മാത്രം മുന്നോട്ടുപോകാനാണ് സാധ്യത. ഇത് മൊത്ത ആഭ്യന്തര ഉല്‍പ്പാദനം കുറയാനിടയാക്കും. നോട്ട് നിരോധത്തെത്തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന സമ്പദ്വ്യവസ്ഥക്കിത് വീണ്ടും ആഘാതമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top