09 February Thursday

ഹാർമോണിയത്തിലെ നാട്ടുഘരാന

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

1840 ആഗസ്‌ത്‌ 9ന്‌ ഫ്രാൻസിൽ അലിക്‌സാൻഡ്രെ ദിബൈൻ ഹാർമോണിയം രൂപകൽപ്പനചെയ്‌തു

കേരളത്തിന്റെ വികാരങ്ങൾക്കൊപ്പം  ശ്രുതിയിട്ട സംഗീതോപകരണമായിരുന്നു  ഹാർമോണിയം.  വേദികളിൽ കാഥികന്റെ കഥയ്‌ക്കനുസരിച്ച്‌ ഹാർമോണിയം  ചിരിച്ചപ്പോൾ മലയാളിയുടെ ചുണ്ടിലും ചിരി വിടർന്നു. ഹാർമോണിയം  കരഞ്ഞപ്പോൾ നമ്മളും കണ്ണീരണിഞ്ഞു.  ഹൈടെക്കായി  മാറിയതോടെ  വിവിധ തരം ആപ്പുകളും സോഫ്‌റ്റ്‌വെയറുകളും  സംഗീതോപകരണങ്ങളിലേക്ക്‌  കുടിയേറിയെങ്കിലും ഹാർമോണിയം ഇന്നും വേറിട്ടു നിൽക്കുന്നു

വർഷങ്ങൾക്ക്‌ മുമ്പുള്ള കഥയാണ്‌. കോഴിക്കോട്‌ ഉള്ള്യേരി ആതകശേരി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം. കഥാപ്രസംഗം കേൾക്കാൻ വൻ ജനാവലി. കാഥികൻ എത്തി ഏറെ സമയം കഴിഞ്ഞിട്ടും പരിപാടി തുടങ്ങിയില്ല. അൽപ്പം കഴിഞ്ഞപ്പോൾ സംഘാടകരിൽ ചിലർ വന്ന്‌ കടല  വിറ്റുകൊണ്ടിരിക്കുന്ന ഒരു പയ്യനെയും കൂട്ടി സ്‌റ്റേജിന്‌ പിന്നിലേക്ക്‌ പോയി.  കഥാപ്രസംഗത്തിന്‌ ഹാർമോണിയം വായിക്കേണ്ടയാൾ  വരാത്തതിനാൽ കടല  വിൽക്കുന്നവൻ ഹാർമോണിയം വായിക്കണമെന്നായിരുന്നു സംഘാടകരുടെ ആവശ്യം. 

പരിഭ്രമിച്ചെങ്കിലും അവൻ പിന്തിരിഞ്ഞില്ല.  കടലപ്പാത്രം സ്‌റ്റേജിന്‌ പിന്നിൽ വച്ച്‌  കാഥികനൊപ്പം സ്‌റ്റേജിൽ കയറി. കഥയിലെ സന്തോഷവും സങ്കടവും ഉദ്വേഗവും ആകാംക്ഷയുമെല്ലാം തന്റെ കുഞ്ഞുവിരലുകൾക്ക്‌  അറിയുന്ന വിധം ഹാർമോണിയത്തിലേക്ക്‌ ആവാഹിച്ചു.  ഒരു മണിക്കൂറോളം സ്‌റ്റേജിൽ ചെലവഴിച്ച ആ ഒമ്പതുകാരൻ തിരികെ പോകുമ്പോൾ കടലപ്പാത്രത്തിൽ നിറയെ സമ്മാനങ്ങളായിരുന്നു.

ആതകശേരി  അമ്പലത്തിൽനിന്നും വിരലുകളിൽ സംഗീതവുമായി ലണ്ടനിലെ മ്യൂസിക്‌ ഹാൾ വരെ നടന്നു കയറിയ ആ പ്രതിഭ പ്രകാശ്‌ ഉള്ള്യേരിയാണ്‌.  ഹാർമോണിയത്തിന്റെ കറുപ്പും വെളുപ്പും  കട്ടകളിൽ ഞൊടിയിടയിൽ   കർണാട്ടിക്കും ജുഗൽബന്ദിയും ഫ്യൂഷനുമെല്ലാം സൃഷ്‌ടിക്കുന്ന കലാകാരൻ.

ചെമ്പൈ സംഗീത കോളേജിൽ

അച്ഛൻ ഗോപാലപണിക്കരും ഫോക്‌ലോർ അവാർഡ്‌ ജേതാവ്‌ അമ്മ പി കെ മാധവിയുടെയും സംഗീത പാരമ്പര്യവുമായിട്ടായിരുന്നു 1988ൽ  പ്രകാശ്‌ പാലക്കാട്‌ ചെമ്പൈ സംഗീത കോളേജിൽ ചേർന്നത്‌. വോക്കലായിരുന്നു പാഠ്യവിഷയമെങ്കിലും കീബോർഡും ഹാർമോണിയവും പ്രകാശ്‌ താഴെ  വച്ചില്ല.  കോഴിക്കോടെന്ന പോലെ പാലക്കാട്ടും ഓർക്കസ്‌ട്രയും ബാന്റും തന്നെയായിരുന്നു പ്രകാശിന്റെ ജീവതാളം. പാലക്കാട്ടെ നാദം ഓർക്കസ്‌ട്രയിലുടെ നിരവധി സംഗീത പരിപാടികളിൽ പങ്കാളിയായി.

ആദ്യ വിദേശയാത്ര

ഗസൽ ഗായകൻ ഹരിഹരന്റെ കൂടെ സിങ്കപ്പൂരിലേക്കായിരുന്നു പ്രകാശിന്റ ആദ്യ വിദേശ യാത്ര. ഹരിഹരനുമായുള്ള സൗഹൃദമാണ്‌  സംഗീത ജീവിതത്തെ ഉയരങ്ങളിലെത്തിച്ചത്‌. രണ്ട്‌  പതിറ്റാണ്ടോളം അദ്ദേഹത്തിന്റെ സംഗീത പരിപാടികളിൽ ഗസലുകൾക്ക്‌ ഹാർമോണിയത്തിലും സിനിമാ ഗാനങ്ങൾക്ക്‌ കീബോർഡിലും രാഗവിസ്‌മയം തീർക്കാൻ പ്രകാശിന്‌ സാധിച്ചു. ഹരിഹരനിലേക്ക്‌ എത്തിയതിനു പിന്നിലും ഒരു കഥയുണ്ട്‌.  നാദം ട്രൂപ്പിലുള്ളവരെല്ലാം ഹരിഹരന്റെ കട്ട ഫാൻസ്‌ ആയിരുന്നു. എങ്ങിനെയെങ്കിലും ഹരിഹരനുമായി ചങ്ങാത്തം സ്ഥാപിക്കുകയെന്നതായിരുന്നു അവരുടെ സ്വപ്‌നം. അതിനായി ഒടുവിൽ അവർ ഒരു വഴി കണ്ടെത്തി.  അദ്ദേഹം പാടിയ രണ്ട്‌  ഗാനം പ്രകാശും കൂട്ടുകാരും  പാടി റെക്കോഡ്‌ ചെയ്‌ത്‌ മെയിൽ അയച്ചു.  ദിവസങ്ങൾക്കു ശേഷമാണ്‌ അഭിനന്ദനം അറിയിച്ചുള്ള ഹരിഹരന്റെ മറുപടി ലഭിച്ചത്‌. ആ വാക്കുകൾ  ഇവർക്ക്‌ നൽകിയത്‌  പുതിയൊരു ലോകത്തേക്കുള്ള ആരോഹണമായിരുന്നു.  ഒരു സ്വകാര്യ കമ്പനിയുടെ ലോഞ്ചിങ്ങിന്റെ ഭാഗമായി സംഗീതപരിപാടിക്ക്‌  ഹരിഹരൻ മുഖ്യാതിഥിയായി തിരുവനന്തപുരത്ത്‌ എത്തിയപ്പോൾ ഓർക്കസ്‌ട്ര ഒരുക്കിയത്‌ പ്രകാശും സംഘവുമായിരുന്നു.  അത്‌ വിജയമായതോടെയാണ്‌ ആദ്യ വിദേശയാത്രയ്‌ക്ക്‌ സിങ്കപ്പൂരിലേക്ക്‌ വാതിൽ തുറന്നത്‌. പിന്നീടങ്ങോട്ട്‌ അമേരിക്ക, ഫ്രാൻസ്‌, ജർമനി എന്നിങ്ങനെ യൂറോപ്യൻ രാജ്യങ്ങളിൽ പ്രകാശിന്റെ ഹാർമോണിയം നാദഗംഗ തീർത്തു. ഏതൊരു സംഗീതജ്ഞനും കൊതിക്കുന്ന വേദിയാണ്‌ ലണ്ടനിലെ റോയൽ ആൽബർട്ട്‌ ഹാൾ. അവിടെ പാടുകയോ ഉപകരണങ്ങൾ വായിക്കുകയോ ചെയ്യുന്നത്‌ സംഗീതജ്ഞനെ സംബന്ധിച്ച്‌ അമരത്വമുള്ള ഓർമയാണ്‌.  പ്രകാശിനും അതിന്‌ ഭാഗ്യമുണ്ടായി. ഹരിഹരന്റെ കൂടെയായിരുന്നു അതും. ഓസ്‌ട്രേലിയയിലെ വളരെ പുകൾപെറ്റ ഒപേറ ഹൗസിലും സംഗീതം അവതരിപ്പിക്കാൻ പ്രകാശിന്‌ സാധിച്ചു.

ഹാർമോണിയത്തിലെ കച്ചേരി

തിളങ്ങുന്ന ആടയാഭരണങ്ങളുമായി കച്ചേരിക്കാരനും വയലിനും മൃദംഗവും തംബുരുവും ഉൾപ്പെടുന്ന വരേണ്യമായൊരു വേദി. ഇതാണ്‌  കർണാട്ടിക്കിലോ ഹിന്ദുസ്ഥാനിയിലോ സംഗീതക്കച്ചേരിയുടെ പൊതുചിത്രം.  കച്ചേരിയുടെ പക്കമേളത്തിൽ ഒരിടത്തും ഹാർമോണിയം ഉൾപ്പെട്ടിരുന്നില്ല. അത്‌ തിരുത്തിക്കുറിക്കുകയായിരുന്നു പ്രകാശ്‌.  ഹിന്ദോളം രാഗത്തിലുള്ള ത്യാഗരാജ കീർത്തനം ‘സാമജ വരഗമന’യും ഹംസധ്വനി രാഗത്തിലുള്ള ‘വാതാപി’യും ഹാർമോണിയത്തിലുടെ പുറത്തുവന്നപ്പോൾ   അത്‌ വേറിട്ട കേൾവിയായി.  ഗുരുവായൂർ ഏകാദശി സംഗീതോത്സവത്തിൽ എട്ടിലധികം തവണ ഇത്തരം  കച്ചേരി പ്രകാശ്‌ അവതരിപ്പിച്ചു. തിരുവനന്തപുരം സൂര്യ ഫെസ്‌റ്റിവലിലും പയ്യന്നൂർ തുരീയം ഫെസ്‌റ്റിലും കോഴിക്കോട്‌ സ്വാതി സംഗീത സഭയിലും വിവിധ രാജ്യങ്ങളിലും ഹാർമോണിയം കച്ചേരിക്ക്‌ ഏറെ ആസ്വാദകരുണ്ടായി.

ഫ്യൂഷൻ സംഗീതവും ജുഗൽബന്ദിയും

കേരളത്തിലും പുറത്തുമുള്ള നിരവധി സംഗീത പ്രതിഭകളുമായി ഫ്യൂഷൻ സംഗീതമൊരുക്കാൻ പ്രകാശിന്‌ സാധിച്ചു. പത്മഭൂഷൺ ഉമയാൾപുരം ശിവരാമൻ, മാൻഡലിൻ ശ്രീനിവാസൻ, പത്മശ്രീ കദ്രി ഗോപാൽനാഥ്‌, ശങ്കർ മഹാദേവൻ, ശിവമണി, പുർബയാൻ ചാറ്റർജി, മട്ടന്നൂർ ശങ്കരൻകുട്ടി എന്നിവർക്കൊപ്പം ഫ്യൂഷൻ സംഗീതവും  രവിചാരി ആകാശ്‌ ബോംബെ, പുണ്യശ്രീനിവാസ എന്നിവർക്കൊപ്പം ജുഗൽബന്ദിയും അവതരിപ്പിച്ച്‌ കയ്യടി നേടി. ഗസലിലെ മധുര ശബ്ദം   പങ്കജ്‌ ഉദാസിനൊപ്പമുള്ള ഗസലും ജീവിതത്തിൽ അനന്യമായ സന്തോഷം പകരുന്നതാണെന്ന്‌ പ്രകാശ്‌ പറയുന്നു.

സിനിമ സംഗീതത്തിലും

നിരവധി അവാർഡുകൾ നേടിയ ആദാമിന്റെ മകൻ അബു, നടൻ, അങ്കമാലി ഡയറീസ്‌, അന്യർ തുടങ്ങി നിരവധി സിനിമകളുടെ സംഗീത സംവിധാനത്തിൽ പ്രകാശിന്റെ ഹാർമോണിയം വേറിട്ട ശബ്ദമായി. ഔസേപ്പച്ചൻ, രമേശ്‌ നാരായണൻ, എം ജയചന്ദ്രൻ തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പം   പ്രവർത്തിച്ചു. നടനിലെ ഗാനങ്ങൾക്ക്‌ സംസ്ഥാന അവാർഡ്‌ ലഭിച്ചതിൽ പ്രകാശിന്റെ ഹാർമോണിയത്തിന്റെ മാന്ത്രികത എടുത്തുപറയേണ്ടതാണെന്ന്‌ സംഗീതജ്ഞൻ ഔസേപ്പച്ചൻ പറയുന്നു. കലയെ സ്‌നേഹിക്കുന്ന കലാകാരന്മാർ ഏറെയുണ്ടെന്നും എന്നാൽ കലാകാരന്മാരെ സ്‌നേഹിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്ന അപൂർവം സംഗീതജ്ഞരിൽ ഒരാളൊണ്‌ പ്രകാശെന്നും ഔസേപ്പച്ചൻ ഓർക്കുന്നു.

ഹരിഹരൻ പറയുന്നു

ചെറിയ പ്രായത്തിൽ തന്നെ സ്വപ്രയത്നത്തിൽ വലിയാരു സംഗീത പ്രപഞ്ചം സൃഷ്ടിക്കാൻ പ്രകാശിന്‌ കഴിഞ്ഞു. മുന്നേ പോയവർ വെട്ടിയ വഴിയിലുടെ മാത്രം സഞ്ചരിക്കാതെ പുതുവഴികൾ കണ്ടെത്താൻ  പ്രകാശ്‌ എല്ലായ്‌പ്പോഴും ശ്രമിച്ചു. പരീക്ഷണങ്ങളോടുള്ള അദമ്യമായ ആഗ്രഹമാണ്‌  നാല്‌ പതിറ്റാണ്ട്‌ പിന്നിട്ടിട്ടും ഇന്നും സജീവമായി സംഗീതത്തിൽ  വിഹരിക്കാൻ പ്രകാശിന്‌  കഴിയുന്നത്‌. 25 വർഷത്തിലേറെയായി എന്റെ സംഗീതപരിപാടികളിലെ അവിഭാജ്യ   ഘടകമാണ്‌  പ്രകാശ്‌. ഒരിക്കൽപ്പോലും  ഈ ബന്ധത്തിൽ അപശ്രുതിയുണ്ടായിട്ടില്ല.

ചരിത്രത്തിൽ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ്‌  ഹാർമോണിയം ഇന്ത്യയിൽ പ്രചാരത്തിൽ വരുന്നത്. വിദേശ മിഷണറിമാരിലൂടെയും സൈനികോദ്യോഗസ്ഥരിലൂടെയും മറ്റും ഇറക്കുമതി ചെയ്യപ്പെട്ട ഈ യൂറോപ്യൻ വാദ്യോപകരണത്തെ  ഇന്ത്യക്കാർ സ്വന്തം പാട്ടുപെട്ടിയാക്കി . കാലുകൊണ്ട് പെഡലിൽ ചവിട്ടി കാറ്റ്‌പമ്പുചെയ്യുകയും ഇരുകരങ്ങൾകൊണ്ടും കട്ടകളമർത്തി വായിക്കുകയും ചെയ്യുന്ന "ചവിട്ടുഹാർമോണി'യമായിരുന്നു  ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.   1884ൽ കൽക്കത്തയിലെ ദ്വാരക് നാഥ് ഘോഷ് ചവിട്ടുഹാർമോണിയത്തെ നിലത്തുവച്ച് ഒരു കൈകൊണ്ട് കാറ്റടിക്കുകയും മറുകൈകൊണ്ട് വായിക്കുകയും ചെയ്യാൻ കഴിയുന്നതായി വികസിപ്പിച്ചു. 

രണ്ടോ മുന്നോ വിരലുകൾ ഉപയോഗിച്ച് ഒന്നിലേറെ കട്ടകളെ ഒരുമിച്ചമർത്തി "കോഡു'കൾ സൃഷ്ടിക്കുന്ന പാശ്ചാത്യ സംഗീതശൈലി ആവിഷ്കരിക്കാൻ  ഇന്ത്യൻ ഹാർമോണിയത്തിന് കഴിഞ്ഞു.   

20–--ാം നൂറ്റാണ്ടിൻെറ ആദ്യദശകത്തിൽ തുമ്‌രി, ഗസൽ തുടങ്ങിയ അർധ ശാസ്ത്രീയ സംഗീതാവിഷ്കാരങ്ങൾക്ക് ഹാർമോണിയം മുഖ്യ അകമ്പടിയായി . സാരംഗിയെ പിന്തള്ളി ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതവേദികളിലും ഹാർമോണിയം വന്നു. വേദിയുടെ മുൻപിൽ തന്നെ ഒരു ചവിട്ടുഹാർമോണിയത്തെ പ്രതിഷ്‌ഠിച്ചുകൊണ്ടായിരുന്നു ആദ്യകാലത്ത് നാടകം അരങ്ങേറിയത്.

പൊന്നാനിയിലെ ഗുൽമുഹമ്മദ് സാഹിബ്, ചങ്ങനാശ്ശേരി ഉസ്മാൻ സാഹിബ്, ആൻസലി ഫെർണാണ്ടസ് തുടങ്ങിയ ഹാർമോണിയം വാദകർ മലയാള സംഗീത നാടകവേദിയെ ജനപ്രിയമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. ഇതിൽ ഗുൽമുഹമ്മദ് സാഹിബ്  ""നാക്കുകൊണ്ടും മൂക്കുകൊണ്ടും ഹാർമോണിയം വായിക്കുന്ന'' ആൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇവരെ പിന്തുടർന്ന്‌ കൊട്ടാരം ശങ്കുണ്ണി നായർ, മലബാർ ഗോപാലൻ നായർ തുടങ്ങിയ സംഗീതകാരന്മാർ ഹാർമോണിയത്തെ തങ്ങളുടെ സർഗാവിഷ്കാരത്തിനുള്ള മുഖ്യ ഉപാധിയാക്കി മാറ്റി.  

വിലക്ക്‌

ബ്രിട്ടീഷ് ഭരണകാലത്ത് പ്രതിസന്ധിയുടെ ആരോഹണത്തിലെത്തിയ  കഥയും  ഹാർമോണിയത്തിന് പറയാനുണ്ട്‌.   1940ൽ  രാജ്യത്തിന്റെ റേഡിയോ നിലയങ്ങളിൽ  ഹാർമോണിയത്തിന് വിലക്ക്  ഏർപ്പെടുത്തി.  അന്നത്തെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് നിരോധിച്ചത്. ഹാർമോണിയത്തിന്‌ ഗമകങ്ങളോ ശ്രുതികളോ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി ഇല്ലെന്നായിരുന്നു നിരോധിക്കാനുള്ള കാരണമായി കണ്ടെത്തിയത്.  മൂന്ന് പതിറ്റാണ്ട്‌  നിരോധനം നീണ്ടു. 1972ലാണ്‌ വിലക്ക്‌ നീങ്ങിയത്‌.

എം എസ്‌ ബാബുരാജും ശരത്‌ചന്ദ്ര മറാഠെയും ഹാർമോണിയത്തിൽ പകർന്നു നൽകിയ ഈണങ്ങൾ മുലപ്പാല്‌ പോലെ രുചിച്ചവരാണ്‌ പഴയ തലമുറ. ഹാർമോണിയമില്ലാത്ത ബാബുരാജിന്റെ ചിത്രം സങ്കൽപ്പിക്കാൻ തന്നെ പ്രയാസമാണ്‌. സംഗീതം പഠിപ്പിക്കാൻ മഹാരാഷ്‌ട്രയിൽനിന്ന്‌ കോഴിക്കോട്‌  എത്തിയ ശരത്‌ചന്ദ്ര മറാഠെ ഓരൊ വീടുകളിലുംപോയി ഹാർമോണിയം പഠിപ്പിച്ചു.

കോഴിക്കോട്‌ കൗമുദി തിയറ്റേഴ്‌സിന്റെ നാടകത്തിന്‌ ആദ്യമായി സംഗീതം നിർവഹിക്കാനെത്തിയ എം കെ അർജുനൻ മാഷും കോഴിക്കോടെത്തിയത്‌  ഹാർമോണിയവും കൊണ്ടായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top