ad
Deshabhimani

പുതിയ സംരംഭം തുടങ്ങണോ? 40 ലക്ഷം രൂപ സബ്‌സിഡി നൽകുന്ന സംരംഭക സഹായ പദ്ധതി ഇതാ

Samrambham

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 16, 2026, 05:20 PM | 3 min read

മികച്ച ആശയങ്ങൾ കൈയിലുണ്ടായിട്ടും ഒരു സംരംഭം തുടങ്ങാൻ മൂലധനം തികയാത്തതു കൊണ്ട് പകുതിവഴിയിൽ ഉപേക്ഷിച്ച സംരംഭകർ നമുക്കിടയിലുണ്ട്. കേരളത്തിലെ ഓരോ സംരംഭകരുടേയും സ്വപ്നങ്ങൾക്ക് പുതുജീവനേകാൻ സർക്കാർ ഒരുക്കുന്ന പദ്ധതിയാണ് സംരംഭക സഹായ പദ്ധതി. പുതിയ സംരംഭം തുടങ്ങാൻ ഒരുങ്ങുന്നവരോ നിലവിലുള്ള ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നരോ ആണെങ്കിൽ ഈ പദ്ധതി നിങ്ങൾക്കുള്ളതാണ്.


വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന ആകർഷകമായ പദ്ധതിയാണ് സംരംഭക സഹായ പദ്ധതി. ഉല്പാദന മേഖലയിൽ പ്രവർത്തിക്കുന്ന സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങൾക്ക് സ്ഥിര നിക്ഷേപത്തിനനുസരിച്ച് സഹായം നൽകാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യുവാക്കൾ, സ്ത്രീകൾ, പ്രവാസികൾ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ എന്നിവർക്ക് പ്രത്യേക പരിഗണനയും ഉയർന്ന സബ്‌സിഡിയും ഈ പദ്ധതി ഉറപ്പു നൽകുന്നു.


ബാങ്ക് വായ്പയെടുത്താൽ മാത്രമേ സബ്‌സിഡി ലഭിക്കൂ എന്ന തെറ്റായ ധാരണ പലർക്കുമുണ്ട്. എന്നാൽ സ്വന്തം സമ്പാദ്യം ഉപയോഗിച്ച് ബിസിനസ് തുടങ്ങുന്നവർക്കും സഹായം ലഭിക്കും എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.


സംരംഭം തുടങ്ങുന്നതിനായി വാങ്ങുന്ന ഭൂമി, പണിയുന്ന കെട്ടിടം, യന്ത്രസാമഗ്രികൾ, വൈദ്യുതീകരണം, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ, മറ്റു സ്ഥിര ആസ്തികൾ എന്നിവയ്ക്കായുള്ള നിക്ഷേപത്തിന് ഈ സബ്‌സിഡി ലഭ്യമാണ്.


പൊതു വിഭാഗത്തിലെ അപേക്ഷകർക്ക് സ്ഥിര നിക്ഷേപത്തിന്റെ 15 ശതമാനം അതായത് പരമാവധി 30 ലക്ഷം രൂപ സഹായം ലഭിക്കും.

യുവാക്കൾ (18-45 വയസ്സുള്ളവർ), വനിത, പട്ടികജാതി - പട്ടിക വർഗ്ഗ വിഭാഗം, വിദേശ മലയാളികൾ എന്നിവർക്ക് സ്ഥിര നിക്ഷേപത്തിന്റെ 25 ശതമാനം അതായത് പരമാവധി 40 ലക്ഷം രൂപ വരെ സഹായം ലഭിക്കും.


മുൻഗണനാ മേഖലയിലെ സംരംഭങ്ങൾക്ക് 10 ശതമാനം അതായത് പരമാവധി 10 ലക്ഷം രൂപ അധിക സബ്സിഡി ലഭിക്കും. റബർ അധിഷ്ഠിത വ്യവസായങ്ങൾ, കാർഷിക - ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ, റെഡിമെയ്ഡ് തുണിത്തരങ്ങൾ, പാരമ്പര്യേതര ഊർജോല്പാദനത്തിനു വേണ്ടിയുള്ള യന്ത്ര സാമഗ്രികളുടെ നിർമ്മാണം, ജൈവ സാങ്കേതികവിദ്യാധിഷ്ഠിതമായ വ്യവസായങ്ങൾ, കയറ്റുമതി യൂണിറ്റുകൾ, ജൈവപരമായ വിഘടിക്കുന്ന പ്ലാസ്റ്റിക് വ്യവസായങ്ങൾ, പ്ലാസ്റ്റിക് മാലിന്യ സംസ്കരണ വ്യവസായങ്ങൾ, ജൈവവള വ്യവസായങ്ങൾ, ഔഷധ - ആരോഗ്യ പരിപാലന ഉല്പന്ന വ്യവസായങ്ങൾ എന്നിവയാണ് മുൻ​ഗണനാ മേഖലകൾ.


പത്തനംതിട്ട, ഇടുക്കി, വയനാട്, കാസറഗോഡ് എന്നീ ജില്ലകളിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് 10 ശതമാനം (പരമാവധി 10 ലക്ഷം രൂപ) അധിക സബ്സിഡി ലഭിക്കും. അംഗീകൃത ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും നവീന സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നവർക്ക് 10 ശതമാനം (പരമാവധി 10 ലക്ഷം രൂപ) അധിക സബ്സിഡി ലഭിക്കും. എല്ലാ ഇനങ്ങളിലുമായി ഒരു സംരംഭത്തിന് ലഭിക്കുന്ന പരമാവധി സബ്സിഡി 40 ലക്ഷം രൂപയാണ്.


സേവന മേഖലയിലുള്ള സ്ഥാപനങ്ങൾ (ഫോട്ടോ സ്റ്റുഡിയോ, തയ്യൽ കടകൾ), മദ്യനിർമ്മാണ ശാലകൾ, മെറ്റൽ ക്രഷറുകൾ തുടങ്ങിയ ചില വിഭാഗങ്ങൾ നെഗറ്റീവ് ലിസ്റ്റിൽ ഉള്ളതിനാൽ ഇവയ്ക്ക് സഹായം ലഭിക്കില്ല.


യൂണിറ്റ് പ്രവർത്തനം തുടങ്ങുന്നതിന് മുൻപ് തന്നെ വായ്പ എടുത്തവർക്ക് സഹായം ലഭിക്കും. ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ നിന്നും മൂലധന വായ്പയെടുത്ത യൂണിറ്റുകൾക്ക് അർഹമായ സബ്‌സിഡിയുടെ ഒരു ഭാഗം ഉല്പാദനം ആരംഭിക്കുന്നതിനു മുൻപായി ലഭിക്കണമെന്നുണ്ടെങ്കിൽ പ്രാരംഭ സഹായത്തിന് അപേക്ഷിക്കാം. വായ്പ ലഭ്യമാകുന്നതനുസരിച്ച് അർഹമായ സബ്‌സിഡിയുടെ 50 ശതമാനം (പരമാവധി 3 ലക്ഷം രൂപ) പ്രാരംഭ സഹായമായി ലഭിക്കും. ബാക്കിവരുന്ന സബ്‌സിഡിക്ക് യൂണിറ്റ് പ്രവർത്തനം ആരംഭിച്ച ശേഷം അപേക്ഷ നൽകാം. പ്രാരംഭ സഹായം ആവശ്യമില്ലാത്ത യൂണിറ്റുകൾക്ക് പ്രവർത്തനം ആരംഭിച്ച ശേഷം മുഴുവൻ സബ്‌സിഡിക്കും അപേക്ഷ നൽകാം.


സംരംഭക യൂണിറ്റ് പ്രവർത്തനം ആരംഭിച്ച ശേഷമാണ് നിക്ഷേപ സഹായം നൽകുന്നത്. നിക്ഷേപ സഹായത്തിന് അപേക്ഷിക്കാൻ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പയെടുത്തിരിക്കണമെന്ന് നിർബന്ധമില്ല. പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനകം നിക്ഷേപ സഹായത്തിന് അപേക്ഷിച്ചിരിക്കണം. വിപുലീകരണം, വൈവിധ്യവത്ക്കരണം, ആധുനീകരണം എന്നിവ നടത്തിയ യൂണിറ്റുകൾക്ക് അധികമായി നടത്തിയ മൂലധന നിക്ഷേപത്തിന് സഹായം ലഭിക്കും.


വ്യവസായ - വാണിജ്യ വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷയും അനുബന്ധ രേഖകളും ഓൺലൈൻ ആയി സമർപ്പിയ്ക്കാം. ഒരു യൂണിറ്റിന് 1105 രൂപ അപേക്ഷ ഫീസായി നൽകണം. അപേക്ഷകൾ പരിശോധിച്ച് അർഹമായ തുക അനുവദിക്കും. പ്രാരംഭ സഹായത്തിന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരും, നിക്ഷേപ സഹായത്തിനു ജില്ലാ തല കമ്മിറ്റിയുമാണ് തുക അനുവദിക്കുന്നത്.


ഒരു സംരംഭം തുടങ്ങുക എന്നത് വെറുമൊരു വരുമാന മാർ​ഗമല്ല, മറിച്ച് ഒട്ടേറെപ്പേർക്ക് തൊഴിൽ നൽകാനും നാടിന്റെ സമ്പദ്‌വ്യവസ്ഥയെ കരുത്തുറ്റതാക്കാനുമുള്ള അവസരമാണ്. സംരംഭക വഴിയിൽ നിക്ഷേപത്തിന്റെ ഭാരം കുറയ്ക്കാനും ആത്മവിശ്വാസം പകരാനും ഈ പദ്ധതി ഓരോ സംരംഭകർക്കും സഹായമേകുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home