ad
Deshabhimani

ആദായനികുതി റിട്ടേണ്‍; ‘സബ്മിറ്റ്’ അമര്‍ത്തുംമുമ്പ് 
ശ്രദ്ധിക്കണം ‘എഐഎസ്’

income

എ ഐ പ്രതീകാത്മക ചിത്രം

avatar
പി ജെ എബ്രഹാം

Published on May 26, 2026, 01:01 PM | 3 min read

ദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയമായിരിക്കുന്നു. ആധുനിക സാങ്കേതികവിദ്യയും നിര്‍മിതബുദ്ധി അധിഷ്ഠിത സംവിധാനങ്ങളും നികുതിദായകന്റെ ഉത്തരവാദിത്വം വലിയതോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. അതിനാല്‍ സാധാരണക്കാരും ശമ്പളവരുമാനക്കാരും നികുതി വകുപ്പുമായി ഇടപെടുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. പിഴവുകള്‍ അതിവേഗം കണ്ടെത്തുകയും മനപ്പൂർവമല്ലാത്ത ചെറിയ പിഴവുകൾക്കുപോലും നിയമനടപടികള്‍ നേരിടേണ്ടിവരുകയും ചെയ്യുമെന്നതാണ് ഇപ്പോള്‍ നികുതിദായകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ​


വകുപ്പ് എല്ലാം 
അറിയുന്നുണ്ട്


മുന്‍കാലങ്ങളില്‍ വ്യക്തിഗത നികുതിദായകര്‍ പലരും എച്ച്ആര്‍എ, സംഭാവനകള്‍, ഭവനവായ്പ മുതലായവ കൊടുക്കാത്തത് കൊടുത്തെന്ന് പറയുക, കൂടുതല്‍ തുക കൊടുത്തതായി കാണിക്കുക തുടങ്ങിയ ചില തെറ്റുകള്‍ ചെയ്തിരുന്നു. എന്നാല്‍, ഇനി അത്തരം തെറ്റുകള്‍ നിങ്ങളെ നിയമക്കുരുക്കിലേക്കും പിഴയിലേക്കും കൊണ്ടുപോകും. ഇപ്പോള്‍ സമർപ്പിക്കുന്ന റിട്ടേൺ (ഐടിആര്‍) വെറുമൊരു വരുമാന വിവരപ്പട്ടികയില്ല, മറിച്ച് ആദായനികുതി വകുപ്പിന്റെ കൈവശമുള്ള വിവരങ്ങളുമായുള്ള ഒരു ഒത്തുനോക്കല്‍ രേഖകൂടിയാണ് എന്ന് തിരിച്ചറിയണം. അതിനാല്‍ ഇൻകം ടാക്സ് പോർട്ടലിലെ "സബ്മിറ്റ്' ബട്ടൺ അമർത്തുന്നതിനുമുമ്പ് തെറ്റെന്തെങ്കിലും കടന്നുകൂടിയിട്ടുണ്ടോയെന്ന് രണ്ടാമതൊന്നുകൂടി ആലോചിക്കുന്നത് നല്ലതാണ്. എന്നാല്‍, "സബ്മിറ്റ്' ഓര്‍ത്ത് ‘പാനിക്' ആകേണ്ട കാര്യവുമില്ല. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പിന് വ്യക്തമായ ധാരണയുണ്ടെന്നത് ഓര്‍ത്താല്‍മതി. ​


എഐഎസ് – നിങ്ങളുടെ സാമ്പത്തിക ജാതകം


നികുതിദായകരുടെ വാർഷിക വിവര പ്രസ്താവന അഥവാ ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്‌മെന്റ് (എഐഎസ്) ആദായനികുതി റിട്ടേണ്‍ നല്‍കുന്നതില്‍ വളരെ പ്രധാനമാകുകയാണ്. നികുതിദായകന്റെ ഓരോ സാമ്പത്തിക വര്‍ഷത്തെയും പൂർണവിവരങ്ങൾ നൽകുന്ന ഈ പ്രസ്താവന സാമ്പത്തിക ജീവിതത്തിന്റെ ഡിജിറ്റൽ പ്രതിഫലനമായിരിക്കുന്നു. ബാങ്കുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, രജിസ്ട്രാർ ഓഫീസുകൾ തുടങ്ങി നിങ്ങൾ ഇടപ്പെട്ടിട്ടുള്ള എല്ലാ സാമ്പത്തിക സ്രോതസ്സുകളില്‍നിന്ന്‌ ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ചാണ് ആദായനികുതിവകുപ്പ് ഇത് തയ്യാറാക്കുന്നത്. അതിനാല്‍ താഴെപ്പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കണം. ​


പൊരുത്തക്കേടുകൾ ഒഴിവാക്കുക: നിങ്ങളുടെ എഐഎസിലുള്ള ലാഭവിഹിതമോ, പലിശയോ, ഓഹരിവിൽപ്പനയോ അങ്ങനെ എന്തുമാകട്ടെ അത് ഐടിആറിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ സിസ്റ്റം ഉടനടി തിരിച്ചറിയും. സ്വയമേവ നോട്ടീസ് അയക്കുകയും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്യാം.


ഫീഡ്‌ബാക്ക് നല്‍കണം: എഐഎസിലെ - വിവരങ്ങൾ തെറ്റാണെങ്കിൽ (ഉദാഹരണത്തിന് മറ്റൊരാളുടെ ഇടപാട് നിങ്ങളുടെ പേരിൽ വന്നാൽ) റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുമ്പുതന്നെ പോർട്ടലിലൂടെ ‘ഫീഡ്ബാക്ക്' നല്‍കണം. നിര്‍മിതബുദ്ധി (എഐ) അധിഷ്ഠിത സംവിധാനം ഈ ഫീഡ്‌ബാക്കിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. നിങ്ങളുടെ പേരിലുള്ള ഒരു വിവരം നിങ്ങൾ നിരാകരിക്കാത്തിടത്തോളം അത് നിങ്ങളുടെ ഇടപാടായി കണക്കാക്കും. അതിനാല്‍ റിട്ടേൺ ഫയൽ ചെയ്യുന്നതിനുമുന്പ്‌ എഐഎസ് വിശദമായി പരിശോധിച്ച് നിങ്ങളുടേതല്ലാത്ത ഇടപാടുകൾ ഒന്നും അതിൽ ഇല്ല എന്ന് ഉറപ്പുവരുത്തണം. ആദായനികുതി ഇ- ഫയലിങ് അക്കൗണ്ടിൽ ലോഗിൻ ചെയ്ത് എഐഎസ് എടുക്കാവുന്നതാണ്. ​


വീട്ടുവാടകയും 
സംഭാവനക്കെണിയും


നിങ്ങൾ അവകാശപ്പെടുന്ന ഓരോ ചെലവും കിഴിവും ആദായനികുതിവകുപ്പ് ഇപ്പോൾ മറ്റു സ്രോതസ്സുകളുമായി ഒത്തുനോക്കുന്നുണ്ട്. അതിനാൽ, അവകാശപ്പെടുന്നത് നിങ്ങൾക്ക് അര്‍ഹതപ്പെട്ടതാണെന്ന് ഉറപ്പാക്കി അതിനെ പിന്താങ്ങുന്ന രേഖകളുടെ സഹായത്തോടെമാത്രം റിട്ടേൺ ഫയൽ ചെയ്യുക. ഉദാഹരണത്തിന്, വീട്ടുവാടക വര്‍ഷം ഒരുലക്ഷത്തില്‍ കൂടുതലാണെങ്കില്‍ വീട്ടുടമയുടെ പാൻകൂടി നല്‍കിയാലേ ഇളവ് ലഭിക്കൂ. നിങ്ങളുടെ റിട്ടേണിലെ വിവരവും ഉടമസ്ഥന്റെ റിട്ടേണിലെ വാടകവരുമാനവുമായി സിസ്റ്റം ഒത്തുനോക്കും. ഇതില്‍ മാറ്റം കണ്ടാല്‍ നോട്ടീസ് ലഭിച്ചേക്കാം. സംഭാവനകളുടെ കാര്യത്തിലും ഈ കെണിയുണ്ട്. പുതിയ ചട്ടങ്ങൾപ്രകാരം, നിങ്ങളുടെ കൈയില്‍ രസീത് ഉണ്ടെങ്കിലും നിങ്ങൾ നൽകിയ സംഭാവനകൾ സ്വീകരിച്ച സ്ഥാപനങ്ങള്‍ ഫോം 10 ബിഡി ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍മാത്രമേ ഇളവ് ലഭിക്കൂ. ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും നിങ്ങളുടെ ​ഭവനവായ്പ പലിശ, ഇൻഷുറൻസ് ഇടപാടുകൾ നേരിട്ട് വകുപ്പിനെ അറിയിക്കുന്നുണ്ട്. അതിനാൽ ഐടിആറില്‍ ഭവനവായ്പ പലിശയിലോ ആരോഗ്യ ഇൻഷുറൻസിലോ തെറ്റായ കണക്കുകൾ കാണിക്കുന്നതും അപകടകരമാണ്. ​


അശ്രദ്ധമായി 
‘സബ്‌മിറ്റ്' ചെയ്താല്‍


സൂക്ഷ്മപരിശോധന നടത്താതെ ഐടിആര്‍ സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ തെറ്റായ വിവരങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെങ്കിൽ നിങ്ങൾ ന്യൂനതകളുള്ള റിട്ടേണ്‍ (ഡിഫക്ടീവ് റിട്ടേൺ) നല്‍കിയതായി സിസ്റ്റം കണക്കാക്കും. തിരുത്താന്‍ 15 ദിവസം അനുവദിക്കും. അതിനുള്ളില്‍ തിരുത്തിയ റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ മുമ്പ് നല്‍കിയത് അസാധുവാക്കി നിങ്ങൾ റിട്ടേൺ സമർപ്പിച്ചിട്ടില്ല എന്ന് കണക്കാക്കി നിയമനടപടികളിലേക്ക് കടന്നേക്കാം. കനത്ത പിഴയാണ് കാത്തിരിക്കുന്ന മറ്റൊരു പ്രത്യാഘാതം. വരുമാനം തെറ്റായി കാണിക്കുകയോ മറച്ചുവയ്‌ക്കുകയോ ഇല്ലാത്ത ഇളവുകളും കിഴിവുകളും അവകാശപ്പെടുകയോ ചെയ്താൽ, അടയ്ക്കേണ്ട നികുതിയുടെ 50 മുതൽ 200 ശതമാനംവരെ പിഴ ഈടാക്കിയേക്കാം. ​


ഇന്ന് കാണുന്നത് 
നാളെ മാറാം


എഐഎസിന് സ്ഥിരതയില്ല എന്ന കാര്യം മറക്കരുത്. അതില്‍ ഇന്ന് കാണുന്നത് നാളെ മാറിയേക്കാം, അല്ലെങ്കിൽ പുതിയവ കൂട്ടിച്ചേർക്കപ്പെടാം. ഇതിന് ആവശ്യമായ ഡാറ്റ സമർപ്പിക്കുന്നവർ അത് സമർപ്പിക്കുന്നതിനനുസരിച്ച് വിവരങ്ങൾ മാറിക്കൊണ്ടിരിക്കും. അതിനാൽ എഐഎസിൽ ഇല്ല എന്നതുകൊണ്ട് ഒരു വരുമാനവും ഒഴിവാക്കാതിരിക്കുക. ചിലപ്പോൾ നിങ്ങൾ ഫയൽ ചെയ്തതിന് ശേഷമായിരിക്കാം വിട്ടുകളഞ്ഞ വരുമാനം അതിലേക്ക് വരുന്നത്. അപ്പോള്‍ വരുമാനം മറച്ചുവച്ച് കുറച്ചുകാണിച്ചതായി വ്യാഖ്യാനിക്കപ്പെടുകയും വകുപ്പ് നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തേക്കാം. ചുരുക്കത്തിൽ, ഐടിആർ സമര്‍പ്പിക്കുമ്പോള്‍ എത്ര നികുതി ലാഭിക്കാം എന്നതിലുപരി നിങ്ങളുടെ സാമ്പത്തിക കണക്കുകൾ എത്ര കൃത്യമായി സർക്കാരുമായി പൊരുത്തപ്പെടുത്താം എന്നതിലാണ് ശ്രദ്ധിക്കേണ്ടത്. സുതാര്യതയാണ് ഏറ്റവും വലിയ നികുതി ആസൂത്രണം.


സ്വസ്ഥമായിരിക്കാന്‍ 5 നിര്‍ദേശങ്ങൾ


1. തിടുക്കം ഒഴിവാക്കുക: 2025–26 സാമ്പത്തിക വര്‍ഷത്തെ ഐടിആര്‍ ഫയലിങ് ഔദ്യോഗികമായി ആരംഭിച്ചെങ്കിലും സമര്‍പ്പിക്കാന്‍ തിരക്ക് പിടിക്കരുത്. ബാങ്കുകളും മറ്റും നിങ്ങളുടെ സാമ്പത്തിക ഇടപാട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനായി കാത്തിരിക്കുക. മെയ് 31 ആണ് അവർക്ക് വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 31 വരെ ഐടിആര്‍ സമര്‍പ്പിക്കാം. ​


2. വിവരങ്ങൾ ഉറപ്പുവരുത്തുക: അവകാശപ്പെടുന്ന ഇളവുകളുടെയും കിഴിവുകളുടെയും രേഖകൾ കൈവശം ഉണ്ടെന്നും അവ നൽകുന്ന കണക്കുകളുമായി ഒത്തുപോകുന്നുണ്ടെന്നും ഉറപ്പാക്കുക.


3. രേഖകൾ സൂക്ഷിക്കുക: ഡിജിറ്റൽ യുഗമാണെങ്കിലും, എല്ലാ രസീതുകളും സർട്ടിഫിക്കറ്റുകളും കുറഞ്ഞത് എട്ടുവർഷമെങ്കിലും സുരക്ഷിതമായി സൂക്ഷിക്കുക. ​


4. എഐഎസിലെ വിവരങ്ങള്‍ക്ക് മുന്‍ഗണന: ഫോം 26 എഎസും എഐഎസിലെ വിവരങ്ങളും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ എപ്പോഴും എഐഎസിലെ വിവരങ്ങൾക്ക് മുൻഗണന നൽകി പരിശോധിക്കുക.


5. വിദഗ്ധസഹായം: സങ്കീർണമായ ആദായനികുതി കേസുകളിൽ ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഉപദേശം തേടുന്നത് നല്ലതാണ്. പിഴവുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും.


(അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്. ജാക്ക്സ് ആന്‍ഡ് അസോസിയറ്റ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്സ് പാര്‍ട്ണറും ആലപ്പുഴ ശാഖാ മേധാവിയുമാണ് ലേഖകന്‍)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home