ad
Deshabhimani

സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സ്ത്രീകള്‍ക്ക് വേണം "സ്വന്തം സമ്പാദ്യം'

women
avatar
കെ കെ ജയകുമാർ

Published on Apr 21, 2026, 12:07 PM | 3 min read

"ഇപ്പോൾ വേണ്ട, പിന്നെയാകാം' എന്ന മാറ്റിവയ്‌ക്കലാകരുത് ജീവിതം. സർക്കാർ ഉദ്യോഗസ്ഥയായാലും സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരോ സംരംഭകയോ വീട്ടമ്മയോ ആണെങ്കിലും സ്വന്തം നിലയ്ക്ക് സാമ്പത്തിക 
തീരുമാനങ്ങളുണ്ടാകണം.


അനുപമ: രാജീവ്, ഞാനും വേണ്ടെന്നുവച്ചിട്ടുണ്ട് ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ.

രാജീവ്: സ്വപ്നങ്ങളോ. എന്താ നിന്റെ സ്വപ്നം? എന്തു സ്വപ്നാ നീ വേണ്ടാന്ന് വച്ചത്. യുഡിസി പോസ്റ്റിൽനിന്ന് ജൂനിയർ സൂപ്രണ്ടിന്റെ പോസ്റ്റിലേക്ക് പോകണമെന്ന് എപ്പോഴെങ്കിലും നീ സ്വപ്നം കണ്ടിട്ടുണ്ടോ. സ്വപ്നം കാണാനും വേണം ഒരു മിനിമം ക്വാളിഫിക്കേഷൻ. മുടിയും കറുപ്പിച്ച് കോമാളിയെപ്പോലെ നടന്നിട്ട് സ്വപ്നം പോലും.


ഇത് "ഹൗ ഓൾഡ് ആർ യു' എന്ന സിനിമയില്‍ മഞ്ജുവാര്യരും ബോബൻ കുഞ്ചാക്കോയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണമാണ്. സിനിമയില്‍ മാത്രമല്ല ഇത്തരം സന്ദർഭങ്ങള്‍ മലയാളികളുടെ ജീവിതത്തിൽ പലയിടത്തും കാണാം. ഭാര്യ തനിക്കുമുണ്ട് സ്വപ്നങ്ങളും ജീവിത അഭിലാഷങ്ങളും എന്ന് പറയുമ്പോൾ ഇന്നും ഞെട്ടുകയും പുച്ഛിക്കുകയും ചെയ്യുന്ന ഭർത്താക്കന്മാർ ഏറെയുണ്ട്.


കുടുംബത്തിന്റെ ആവശ്യങ്ങൾ, കുട്ടികളുടെ പഠനം, ഭർത്താവിന്റെ ജോലി, മാതാപിതാക്കളുടെ ആരോഗ്യപ്രശ്നങ്ങൾ—ഇതെല്ലാം നിറവേറ്റുന്നതിനിടയിൽ സ്വന്തം ജീവിതം എവിടെയോ നിർത്തിയവരാണ് പല സ്ത്രീകളും. ആരോഗ്യം നോക്കാൻ സമയമില്ല. കൂട്ടുകാരുമൊത്ത് ഒരു യാത്ര പദ്ധതിയിടാൻപോലും ധൈര്യം ഇല്ല. സ്വപ്നങ്ങൾ യാഥാര്‍ഥ്യമാക്കല്‍ “ഇപ്പോൾ വേണ്ട, പിന്നെയാകാം” എന്നൊരു മാറ്റിവയ്‌ക്കലാണ് അവരുടെ ജീവിതം. ഇതില്‍ മാറ്റമുണ്ടാക്കുക അത്ര പ്രയാസമുള്ള കാര്യമല്ല. വരുമാനം ഉണ്ടോ ഇല്ലയോ എന്നത് ഇവിടെ പ്രധാനമല്ല. സർക്കാർ ഉദ്യോഗസ്ഥയായാലും, സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നവരായാലും, സംരംഭകയായാലും വീട്ടമ്മയാണെങ്കിലും —സ്വന്തം നിലയ്ക്ക് സാമ്പത്തിക തീരുമാനങ്ങൾ ഇല്ലെങ്കിൽ ജീവിതാവസ്ഥയിൽ വലിയ വ്യത്യാസമൊന്നും ഉണ്ടാകില്ല.

സാമ്പത്തിക 
തിരിച്ചറിവിന്റെ പ്രാധാന്യം


പല സ്ത്രീകളും കുടുംബത്തിന്റെ പേരിൽ ഇൻഷുറൻസ് എടുത്തിട്ടുണ്ടാകും, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപം നടത്തിയിട്ടുണ്ടാകും. പക്ഷേ "എന്റെ ജീവിതത്തിനായി' മാറ്റിവച്ച ഒരു ഫണ്ട് ഉണ്ടോ എന്ന് ചോദിച്ചാല്‍ മിക്കവര്‍ക്കും മറുപടിയുണ്ടാകില്ല. സ്വന്തം ആരോഗ്യ ഇൻഷുറൻസ്, സ്വന്തം റിട്ടയർമെന്റ് കോർപസ് ഫണ്ട്—ഇവ പലപ്പോഴും വിട്ടുകളയുന്നു. ഇതിനെല്ലാം പങ്കാളിയെ ആശ്രയിക്കുകയാണ് ബഹുഭൂരിപക്ഷവും ചെയ്യുന്നത്. സ്വന്തമായി ഉണ്ടാക്കുന്ന വരുമാനംപോലും സ്വന്തമായി ചെലവഴിക്കാൻ സ്വാതന്ത്ര്യമില്ലാത്ത ധാരാളം സ്ത്രീകളുണ്ട്. പലരുടെയും എടിഎം കാർഡുപോലും ഭർത്താവിന്റെ നിയന്ത്രണത്തിലാണ്. ഇത് വ്യക്തിജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന കാര്യം തിരിച്ചറിയണം.


​വിദ്യാഭ്യാസത്തിലും ആരോഗ്യപരിപാലനത്തിലും മുന്നില്‍നില്‍ക്കുന്ന കേരളം സ്ത്രീകളുടെ വ്യക്തിപരമായ സാമ്പത്തിക സ്വാതന്ത്ര്യത്തിലും മുന്നേറേണ്ടതുണ്ട്.

​സാമ്പത്തിക സ്വാതന്ത്ര്യം എന്നത് കുറച്ച് വരുമാനമോ സമ്പത്തുണ്ടാക്കുന്നതോ മാത്രമല്ല. സ്വന്തം ലക്ഷ്യങ്ങൾ നിശ്ചയിച്ച്, അതിനായി സാമ്പത്തിക പദ്ധതി തയ്യാറാക്കി, അതിനുള്ള വരുമാനം ഉണ്ടാക്കി, അന്തസോടെ തല ഉയർത്തി ജീവിക്കാൻ കഴിയുന്ന ശേഷിയാണ്. കുടുംബത്തിന്റെ സാമ്പത്തിക തീരുമാനങ്ങളിൽ പങ്കാളിയാകാൻ ഇത് സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നൽകും.

തിരിച്ചറിയണം 
ഈ വ്യത്യാസം


​​കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള ഫണ്ട് കുടുംബത്തിന്റെ ലക്ഷ്യമാണ്. എന്നാൽ, സ്വന്തം റിട്ടയർമെന്റ് ഫണ്ട് വ്യക്തിപരമായ സുരക്ഷയാണ്. ഇതുരണ്ടും വേർതിരിച്ച് കാണേണ്ടതുണ്ട്. ഒരു സ്ത്രീയുടെ വ്യക്തിപരമായ സാമ്പത്തിക അടിത്തറ ആത്മവിശ്വാസം സൃഷ്ടിച്ചതിന് കൊച്ചിയില്‍നിന്ന് ഒരു ഉദാഹരണം പറയാം.

38 വയസ്സുള്ള മിഡിൽ ക്ലാസ് വീട്ടമ്മയായ ലതയ്ക്ക് ഭർത്താവിന്റെ ശമ്പളമാണ് പ്രധാന വരുമാനം. മാസച്ചെലവുകൾക്കുശേഷം ചെറിയ തുക ശേഷിക്കാറുണ്ടായിരുന്നു.


അഞ്ചു വർഷംമുമ്പ് ലത മാസത്തിൽ 1500 രൂപ എസ്ഐപിയായി മ്യൂച്വൽ ഫണ്ടിലും 1500 രൂപ ചിട്ടിയിലും നിക്ഷേപിക്കാൻ തുടങ്ങി. അഞ്ചു വർഷംകൊണ്ട് അവര്‍ക്ക് അതിലൂടെ സ്വന്തമായി ഏകദേശം മൂന്ന് ലക്ഷം രൂപയുടെ ഫണ്ട് ഉണ്ടാക്കാൻ കഴിഞ്ഞു. ഈ തുക ഉപയോഗിച്ച് ഒരു ഡിജിറ്റൽ മാർക്കറ്റിങ് കോഴ്‌സ് പൂർത്തിയാക്കി. ഇപ്പോൾ വീട്ടിൽനിന്നുതന്നെ പാർട്ട്-ടൈം ജോലി ചെയ്യുന്നു. സാമ്പത്തികമായും മാനസികമായും അവൾക്ക് ലഭിച്ച ആത്മവിശ്വാസം കുടുംബത്തിലും പ്രതിഫലിച്ചു. അവരിപ്പോള്‍ ഒരു വിദേശയാത്രയ്ക്ക് ഒരുങ്ങുകയാണ്.

​​

ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം


​സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീയെ മാറ്റുകമാത്രമല്ല, കുടുംബത്തിന്റെ തീരുമാനപ്രക്രിയയെയും സ്വാധീനിക്കുന്നു. ചെലവുകൾ, നിക്ഷേപങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസം—ഇവയെക്കുറിച്ചുള്ള ചർച്ചകളിൽ സ്ത്രീകള്‍ക്ക് സജീവമായി പങ്കെടുക്കാനാകും. "ഞാനും സമ്പാദിക്കുന്നു' എന്നതിലുപരി, “ഞാനും തീരുമാനിക്കുന്നു” എന്ന ബോധം രൂപപ്പെടുകയും ചെയ്യും.

​സാമ്പത്തിക സ്വാതന്ത്ര്യം ഒരു ആഡംബരമല്ല. അത് സ്ത്രീയുടെ അടിസ്ഥാന അവകാശമാണ്. അതിലേക്ക് മുന്നേറാനുള്ള ആദ്യ ചുവടുവയ്‌പ്‌ ഇന്നുതന്നെ തുടങ്ങാം.



അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധവയ്ക്കാം​

​സ്ത്രീകളുടെ ജീവിതത്തിൽ പ്രകാശം പരത്താൻ സഹായിക്കുന്ന സാമ്പത്തിക പദ്ധതി 
വലുതോ സങ്കീർണമോ ആകേണ്ടതില്ല. അതിന് സ്ഥിരതയും ശാസ്ത്രീയതയും 
ഉണ്ടായാല്‍മതി. ഇതിന് താഴെ പറയുന്ന അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധവയ്ക്കാം.


എമർജൻസി ഫണ്ട്


കുറഞ്ഞത് ആറ് മാസത്തെ ചെലവിനൊത്ത തുക സ്വന്തം പേരിൽ ലിക്വിഡ് ഫണ്ടിലോ സേവിങ്സ് അക്കൗണ്ടിലോ സൂക്ഷിക്കുക. ഇത് ആത്മവിശ്വാസം കൈവരിക്കുന്നതിനുള്ള ആദ്യപടിയാണ്.

ഹെൽത്ത് 
ഇൻഷുറൻസ്


കുടുംബ പോളിസിയെ മാത്രം ആശ്രയിക്കാതെ, വ്യക്തിപരമായ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കണം. ആരോഗ്യപ്രശ്നങ്ങൾ വന്നാൽ സാമ്പത്തിക ആഘാതം കുറയ്ക്കാൻ ഇത് സഹായിക്കും.

റിട്ടയർമെന്റ് 
കോർപസ്


40 വയസ്സ് കഴിഞ്ഞശേഷം ആരംഭിക്കേണ്ട കാര്യമല്ല ഇത്. 30-കളിൽത്തന്നെ എസ്ഐപി വഴി മ്യൂച്വൽ ഫണ്ടുകളിൽ ചെറിയ തുകയെങ്കിലും നിക്ഷേപിക്കാൻ തുടങ്ങണം. മാസത്തിൽ നിക്ഷേപിക്കുന്ന 2000 രൂപപോലും 20 വർഷം തുടർന്നാൽ വലിയ സമ്പാദ്യമായി മാറും.

സ്വപ്ന ഫണ്ട്


ഒരു യാത്ര, ഒരു കോഴ്‌സ് പഠനം, ഒരു ഹോബി—എന്തായാലും അതിനായി പ്രത്യേക ഫണ്ട് സൃഷ്ടിക്കുക. ജീവിതം മുഴുവൻ "കുടുംബത്തിന്' മാത്രമല്ല, തനിക്കുവേണ്ടിക്കൂടിയാണ് എന്ന ബോധം ഇതിലൂടെ ശക്തമാകും.


നിക്ഷേപ 
വൈവിധ്യം


റെക്കറിങ് ഡിപ്പോസിറ്റ് (ആര്‍ഡി), മ്യൂച്വല്‍ ഫണ്ട് എസ്ഐപി, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ നിക്ഷേപമാര്‍ഗങ്ങളെല്ലാം ലക്ഷ്യാനുസരണം ഫണ്ടുണ്ടാക്കാന്‍ ഉപയോഗിക്കാം. ചെറിയ തുകകളിൽ തുടങ്ങുകയും വരുമാനം വർധിക്കുമ്പോൾ നിക്ഷേപം കൂട്ടുകയും വേണം.


(അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്. "സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട മ്യൂച്വല്‍ ഫണ്ട് രഹസ്യങ്ങള്‍' എന്ന പുസ്തകത്തിന്റെ രചയിതാവും പേഴ്‌സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ് മെന്ററുമാണ് ലേഖകൻ. ഇ–-മെയിൽ [email protected])



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home