Deshabhimani

കേരളത്തിൽ 100 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ റിസ്റ്റോ

risto
വെബ് ഡെസ്ക്

Published on Nov 09, 2026, 03:53 PM | 1 min read

കൊച്ചി: സംസ്ഥാനത്തുടനീളം 100 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ റിസ്റ്റോ. പുനരുപയോഗ ഊർജമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി റിസ്റ്റോ ഇവി എന്ന പേരിലാണ് ഇലക്ട്രിക് വാഹന ചാർജിങ് രംഗത്തേക്ക് കടക്കുന്നത്. റിസ്റ്റോ ഇവിയുടെ ഔദ്യോഗിക പ്രഖ്യാപനവും കമ്പനിയുടെ പുതിയ ലോഗോ പ്രകാശനവും പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ മന്ത്രി എൻ എൻ ഷംസുദ്ദീൻ, ഹാരിസ് ബീരാൻ എംപി എന്നിവർ ചേർന്ന് നിർവഹിച്ചു.


ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ ചാർജിങ് സൗകര്യങ്ങൾ ഒരുക്കുകയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു. ഹരിത ഗതാഗതത്തിനുള്ള അടിസ്ഥാനസൗകര്യ വികസനത്തിനും പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷ.


അഞ്ച് വനിതാ സംരംഭകരുടെ നേതൃത്വത്തിൽ ആരംഭിച്ച റിസ്റ്റോ സൗരോർജ മേഖലയിലാണ് ആദ്യം പ്രവർത്തനം തുടങ്ങിയത്. 2016ൽ വാരീ സോളാറിന്റെ ചാനൽ പാർട്ണറായി പ്രവർത്തനമാരംഭിച്ച നെസ്ട്രോയുടെ സാങ്കേതിക പരിചയത്തിന്റെ പിൻബലത്തിൽ 2018ലാണ് റിസ്റ്റോ സോളാർ രൂപീകരിച്ചത്. പിന്നീട് കേരളത്തിൽ അദാനി സോളാറിന്റെ ആദ്യ ഔദ്യോഗിക ചാനൽ പാർട്ണറായും കമ്പനി മാറി.


വീടുകൾക്കും വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്കുമുള്ള ഓൺഗ്രിഡ്, ഓഫ്ഗ്രിഡ്, ഹൈബ്രിഡ് സൗരോർജ പ്ലാന്റുകളുടെ രൂപകൽപ്പനയും സ്ഥാപിക്കലുമാണ് കമ്പനിയുടെ പ്രധാന പ്രവർത്തനങ്ങൾ. സോളാർ പാനൽ വിതരണവും വിൽപ്പനാനന്തര സേവനങ്ങളും നൽകുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം 300 കോടി രൂപയിലധികം മൂല്യമുള്ള പദ്ധതികളുടെ നിർവഹണവും വിൽപ്പനയും നടത്തിയതായി കമ്പനി അറിയിച്ചു. കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെയും അനെർട്ടിന്റെയും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. സുസ്ഥിര ഊർജ സംവിധാനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി മാനേജ്മെന്റ് വ്യക്തമാക്കി.


റിസ്റ്റോ മാനേജിങ് ഡയറക്ടർ ഇബ്‌നുൽ വഫാ കെ ടി, ഡയറക്ടറും സിഇഒയുമായ അസ്ലം അൽ ലബീബ്, ഡയറക്ടറും സിഒഒയുമായ സതീശൻ കക്കാട് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home