LIC ക്ക് ഓഹരി നിക്ഷേപമുള്ള കമ്പനി
15 ലക്ഷം കോടി രൂപയുടെ ക്രമക്കേട്, രാജ്യത്തെ സ്വര്‍ണ്ണ കയറ്റുമതിക്കാരായ രാജേഷ് എക്സ്പോര്‍ടേഴ്സ് കുരുക്കിൽ

മുംബൈ: ശതകോടികളുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജേഷ് എക്സ്പോർട്ട്സിനും കമ്പനി ചെയർമാൻ രാജേഷ് മേത്തയ്ക്കുമെതിരെ സെബിയുടെ വിലക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ കയറ്റുമതിക്കാരായ കമ്പനിക്കും ചെയര്‍മാനും എതിരെ കോര്‍പ്പറേറ്റ് ലോകത്തെ ഞെട്ടിച്ച ഗുരുതരമായ കൃത്രിമങ്ങളാണ് മാർക്കറ്റ് റെഗുലേറ്ററായ സെബി കണ്ടെത്തിയിരിക്കുന്നത്. 15.15 ലക്ഷം കോടിയുടെ ഇല്ലാത്ത വരുമാനം കാണിച്ച് വിപണിയെ വഞ്ചിച്ചതായി അന്വേഷണ രേഖകൾ വ്യക്തമാക്കുന്നു.
കമ്പനിയുടെ വരുമാനത്തിൽ കാതലായ കൃത്രിമം കാണിക്കൽ, പ്രൊമോട്ടർമാരുമായി ബന്ധമുള്ള സ്ഥാപനങ്ങളിലേക്ക് കോടിക്കണക്കിന് രൂപ വകമാറ്റി വിടൽ, കോർപ്പറേറ്റ് ഗവേണൻസിലെ ഗുരുതരമായ വീഴ്ചകൾ എന്നിവയാണ് പുറത്തു വന്നിട്ടുള്ളത്. സെബി ഹോൾ ടൈം മെമ്പർ കമലേഷ് ചന്ദ്ര വർഷ്ണി പുറപ്പെടുവിച്ച 109 പേജുള്ള വിശദമായ ഉത്തരവിൽ ഞെട്ടിക്കുന്ന വെട്ടിപ്പ് വിവരങ്ങൾ അക്കമിട്ട് നിരത്തുന്നു. രാജേഷ് എക്സ്പോർട്ട്സിൽ പൊതുമേഖലാ സ്ഥാപനമായ എൽ ഐ സിക്ക് 10.80% ഓഹരി പങ്കാളിത്തമുണ്ട്.
ക്രിത്രിമം കണ്ടെത്തിയതോടെ രാജേഷ് എക്സ്പോർട്ട്സ് ചെയർമാൻ രാജേഷ് മേത്തയെ ഓഹരി വിപണിയിൽ നേരിട്ടോ അല്ലാതെയോ ഓഹരികൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ ഇടപാടുകൾ നടത്തുന്നതിനോ സെബി വിലക്കി. കമ്പനിയെ സെക്യൂരിറ്റീസ് മാർക്കറ്റിൽ പ്രവേശിക്കുന്നതിൽ നിന്നു തന്നെ തടഞ്ഞിട്ടുമുണ്ട്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഇൻഷൂറൻസ് സ്ഥാപനമായ എൽഐസിയുടെ ഓഹരി വിലയും ഒരു ശതമാനത്തിന് മുകളിൽ തകര്‍ച്ച നേരിട്ടു.
15.15 ലക്ഷം കോടിയുടെ
ഇല്ലാത്ത വരുമാനം
സെബിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് അനുസരിച്ച് 2021 സാമ്പത്തിക വർഷം മുതൽ 2025 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ കമ്പനി തങ്ങളുടെ കൺസോളിഡേറ്റഡ് വരുമാനത്തിൽ ഏകദേശം 15.15 ലക്ഷം കോടി രൂപയുടെ വൻ കൃത്രിമം കാണിച്ചു.
കമ്പനി കണക്കിൽ കാണിച്ചിട്ടുള്ള ആകെ വരുമാനത്തിന്റെ 97% മുതൽ 99% വരെ വ്യാജമോ പർവ്വതീകരിച്ചതോ ആണെന്ന് സെബി നിരീക്ഷിക്കുന്നു. കോർപ്പറേറ്റ് ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള ഇത്തരം തിരിമറികൾ കമ്പനിയുടെ സാമ്പത്തിക റിപ്പോർട്ടുകളുടെ വിശ്വാസ്യതയെ പൂർണ്ണമായും തകർക്കുന്നതായി.
ഈ സാഹചര്യത്തിൽ കമ്പനിയുടെ അക്കൗണ്ട് പുസ്തകങ്ങൾ പൂർണ്ണമായി പുനഃപരിശോധിക്കാൻ ഒരു പുതിയ ഫോറൻസിക് ഓഡിറ്റിന് സെബി ഉത്തരവിട്ടിരിക്കയാണ്. 30 ദിവസത്തിനകം എല്ലാ രേഖകളും ഹാജരാക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശ സബ്സിഡിയറികളും പണം വകമാറ്റലും
ഇന്ത്യയിലെ സ്റ്റാൻഡ്-എലോൺ ബിസിനസിൽ ചെറിയ വരുമാനം മാത്രം കാണിക്കുമ്പോൾ, വിദേശത്തുള്ള സബ്സിഡിയറി കമ്പനികളിലൂടെയാണ് ഈ സ്വയം പര്‍വ്വതീകരണം നടത്തിയിരിക്കുന്നത്. എന്നാൽ ഇതിന്റെ വ്യക്തമായ അക്കൗണ്ട് വിവരങ്ങളോ രേഖകളോ പൊതുസമൂഹത്തിന് ലഭ്യമാക്കിയിരുന്നില്ല. മാത്രവുമല്ല, പ്രൊമോട്ടർമാരുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്കും ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലേക്കും യാതൊരുവിധ കണക്കുംകാര്യവും ഇല്ലാതെ പണം കൈമാറിയതായും സെബി കണ്ടെത്തി. ബിസിനസ് യുക്തിയില്ലാത്ത ഇടപാടുകൾ എന്നാണ് സെബി ഇതിനെ വിശേഷിപ്പിക്കുന്നത്. വിദേശത്തുള്ള സബ്സിഡിയറി കമ്പനികളായ REL സിംഗപ്പൂർ, സ്വിസ് റിഫൈനറിയായ വാൽകാമ്പി (Valcambi') തുടങ്ങിയ സ്ഥാപനങ്ങളുടെ പേരിലാണ് കൃത്രിമം നടത്തിയിട്ടുള്ളത്. വാൽകാമ്പി ലോകത്തെ തന്നെ ശ്രദ്ധേയമായ സ്വര്‍ണ്ണ റിഫൈനറി സ്ഥാപനമാണ്.
കമ്പനിയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും പണത്തിന്റെ യഥാർത്ഥ ഉപഭോക്താക്കളെക്കുറിച്ചും വ്യക്തമാക്കാൻ സെബി പലതവണ സമൻസ് അയച്ചിട്ടും കമ്പനി തൃപ്തികരമായ മറുപടി നൽകിയിരുന്നില്ല. കൂടാതെ, കമ്പനിയുടെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാരും ഓഡിറ്റ് വർക്കിംഗ് പേപ്പറുകൾ നൽകാം എന്ന് സമ്മതിച്ചതിനു ശേഷം ഒളിച്ചുകളി നടത്തിയതായും, ഇത് ബോധപൂർവ്വം വിവരങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമാണെന്നും സെബി കുറ്റപ്പെടുത്തുന്നു.
LIC-ക്ക് വൻ തിരിച്ചടി,
ഓഹരി വിപണിയിൽ ഇടിവ്
സെബിയുടെ ഇടക്കാല ഉത്തരവ് പുറത്തുവന്നതോടെ രാജേഷ് എക്സ്പോർട്ട്സ് ഓഹരികൾ 5 ശതമാനത്തോളം ഇടിഞ്ഞ് ലോവർ സർക്യൂട്ടിലായി. ഇത് രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് പൊതുമേഖലാ സ്ഥാപനമായ എൽ ഐ സി -ക്കും വലിയ തിരിച്ചടിയാണ് നൽകിയത്. രാജേഷ് എക്സ്പോർട്ട്സിൽ എൽഐസിക്ക് 10.80% ഓഹരി പങ്കാളിത്തമുണ്ട്. ഈ ഓഹരി തകർച്ചയെ തുടർന്ന് എൽഐസിയുടെ സ്വന്തം ഓഹരി വിലയിലും 1 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.
ഇതിനുപുറമേ, കാനറ ബാങ്ക് തങ്ങൾക്ക് നൽകാനുള്ള 509 കോടിയുടെ കുടിശ്ശിക ഈടാക്കുന്നതിനായി ഡെറ്റ് റിക്കവറി നടപടികൾ ആരംഭിച്ചതും കമ്പനിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.
ആശയവിനിമയത്തിലെ പ്രശ്നം മാത്രമെന്ന്
രാജേഷ് മേത്ത കമ്പനി
സെബിയുടെ ആരോപണങ്ങൾ രാജേഷ് മേത്തയും കമ്പനിയും പൂർണ്ണമായി നിഷേധിക്കയാണ് ചെയ്തിട്ടുള്ളത്. ഇത് പരസ്പരമുള്ള ആശയവനിമിയത്തിലെ തകരാർ (Communication Gap) മൂലമുണ്ടായ ആശയക്കുഴപ്പമാണെന്ന് അവർ വാദിക്കുന്നു. തങ്ങളുടെ സ്വിസ് റിഫൈനറിയായ 'Valcambi'യുടെ ആഗോള വരുമാനത്തെ സെബി തെറ്റായി കണക്കാക്കിയതാണ് ഈ വലിയ തുക വരാൻ കാരണമെന്നാണ് വിശദീകരണം. കമ്പനി പൂർണ്ണമായും കടരഹിതമാണെന്നും വരും ദിവസങ്ങളിൽ സെബിക്ക് മുന്നിൽ കൃത്യമായ രേഖകൾ സമർപ്പിച്ച് നിരപരാധിത്വം തെളിയിക്കുമെന്നും കമ്പനി വക്താക്കൾ അവകാശപ്പെട്ടു. എന്നാൽ നേരത്തെ ഇവ ആവശ്യപ്പെട്ടപ്പോൾ എന്തു കൊണ്ട് ഹാജരാക്കിയില്ല എന്നതിൽ വ്യക്തതയില്ല. ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചത് എന്നാണ് സെബി വ്യക്തമാക്കുന്നത്.
ലോകത്തിലെ ഭീമൻമാരെ ഞെട്ടിച്ച
രാജേഷ് കമ്പനി
രാജേഷ് എക്സ്പോർട്ട്സ് ലിമിറ്റഡിന്റെ ആഗോള ബിസിനസ്സ് സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അന്താരാഷ്ട്ര അനുബന്ധ സ്ഥാപനങ്ങളാണ് REL സിംഗപ്പൂർ, വാൽകാമ്പി (Valcambi) എന്നിവ.
രാജേഷ് എക്സ്പോർട്ട്സ് ഇന്ത്യയിലെ ഒരു പ്രാദേശിക ആഭരണ നിർമ്മാതാവ് എന്ന നിലയിൽ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ്. ഇതിൽ നിന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ കമ്പനികളിലൊന്നായി മാറിയത് ഈ രണ്ട് വിദേശ സ്ഥാപനങ്ങളിലൂടെയാണ്. നിലവിലെ സെബി നടപടിയിൽ ഈ രണ്ട് സ്ഥാപനങ്ങളുടെ പേര് ഉയർന്നുവരാൻ കാരണം ഇതാണ്.
സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിലപിടിപ്പുള്ള ലോഹ ശുദ്ധീകരണശാലകളിൽ (Precious Metals Refinery) ഒന്നാണ് വാൽകാമ്പി. 2015 ജൂലൈയിലാണ് രാജേഷ് എക്സ്പോർട്ട്സ് വാൽകാമ്പിയെ 400 മില്യൺ ഡോളറിന് (അന്ന് ഏകദേശം 2,560 കോടി രൂപ) പൂർണ്ണമായും പണമായി നൽകി സ്വന്തമാക്കിയത്. ആഗോള സ്വർണ്ണ വിപണിയെ അത്ഭുതപ്പെടുത്തിയ ഒരു ഇന്ത്യൻ കമ്പനിയുടെ നീക്കമായിരുന്നു ഇത്.

ഇടപാട് മാത്രമല്ല ഇതിലെ ഞെട്ടലിന് കാരണമായത്. ലോകത്ത് പ്രതിവർഷം ശുദ്ധീകരിക്കുന്ന സ്വർണ്ണത്തിന്റെ വലിയൊരു പങ്ക് വാൽകാമ്പിയിലാണ് കൈകാര്യം ചെയ്യുന്നത്. പ്രതിദിനം ഏകദേശം 4.8 ടൺ സ്വർണ്ണവും വെള്ളിയും മറ്റ് ലോഹങ്ങളും ശുദ്ധീകരിക്കാനുള്ള ശേഷി വാൽകാമ്പിക്കുണ്ട്. അന്താരാഷ്ട്ര തലത്തിൽ ഗുണനിലവാരമുള്ള സ്വർണ്ണക്കട്ടകൾ നിർമ്മിക്കുന്നതിൽ ഇവർ മുൻപന്തിയിലാണ്. London Bullion Market Association - അംഗീകാരമുള്ള ഗോൾഡ് ബാറുകളാണ് വാൽകാമ്പിയിൽ വേര്‍തിരിക്കുന്നത്. സെബി കണ്ടെത്തിയ ഭീമമായ 15.15 ലക്ഷം കോടി വരുമാനം വാൽകാമ്പിയുടെ ആഗോള സ്വർണ്ണ വ്യാപാരവുമായി ബന്ധപ്പെട്ടതാണെന്നാണ് രാജേഷ് മേത്തയുടെ വാദം.
വാൽകമ്പിക്ക് പുറമെ രാജേഷ് എക്സ്പോർട്ട്സിന്റെ ആഗോള ട്രേഡിംഗ് ബിസിനസ്സ് നിയന്ത്രിക്കുന്നതിനായി സിംഗപ്പൂരിൽ സ്ഥാപിച്ചിട്ടുള്ള പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമാണിത് ആർ ഇ എൽ സിംഗപ്പൂർ
രാജ്യാന്തര തലത്തിലുള്ള സ്വർണ്ണ വ്യാപാരം, അസംസ്‌കൃത സ്വർണ്ണം വാങ്ങൽ, ധനസമാഹരണം, ആഗോള വിതരണം എന്നിവ എളുപ്പമാക്കാനാണ് സിംഗപ്പൂർ കേന്ദ്രമായി ഈ കമ്പനി പ്രവർത്തിക്കുന്നത്. സിംഗപ്പൂരിലെ അനുകൂലമായ നികുതി നിയമങ്ങളും സാമ്പത്തിക അന്തരീക്ഷവും ആഗോള വ്യാപാരത്തിന് കമ്പനിയെ സഹായിക്കുന്നു എന്നാണ് വിശദീകരണം.
രാജേഷ് എക്സ്പോർട്ട്സിന് അന്താരാഷ്ട്ര വിപണിയിൽ മേധാവിത്വം നൽകുന്ന രണ്ട് മറ കമ്പനികളാണ് വാൽകാമ്പിയും REL സിംഗപ്പൂരും. ഈ വിദേശ കമ്പനികളുടെ മറവിലാണ് വലിയ രീതിയിലുള്ള സാമ്പത്തിക ഒളിച്ചുകളികളും വരുമാന പർവ്വതീകരണവും നടന്നത്തിയിട്ടുള്ളത് എന്നാണ് ഇപ്പോൾ സെബി കണ്ടെത്തിയിട്ടുള്ളത്. 1989 ലാണ് രാജേഷ് എക്സ്പോര്‍ട്സ് ലിമിറ്റഡ് തുടങ്ങുന്നത്.










0 comments