ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി നിയന്ത്രണങ്ങൾക്ക് സുപ്രീം കോടതി സ്റ്റേ

ആന എഴുന്നള്ളിപ്പ് നിയന്ത്രണത്തിന് ഉത്തരവിട്ട് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. എന്നാൽ ഡിവിഷന്‍ ബെഞ്ചിലെ നടപടികൾ പൂർണ്ണമായും സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.
അതേസമയം ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. കേരള ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതിയെന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംഘടനയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വികാസ് സിങ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാർക്കെതിരെ ചില ആരോപണങ്ങൾ ഉയർത്തി. കേരളത്തിലെ നാട്ടാനകളുടെ കണെക്കെടുപ്പിന് ഹൈക്കോടതി ഉത്തരവിട്ടത് ആന എഴുന്നള്ളിപ്പ് തടയാനാണെന്ന് ചൂണ്ടികാട്ടി. ഇത് കോടതി അംഗീകരിച്ചില്ല.
ഈ സാഹചര്യത്തിൽ നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. ഇതോടെ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ട്രാൻസ്ഫർ പെറ്റീഷൻ ദേവസ്വങ്ങൾ പിൻവലിച്ചു.
ദേവസ്വങ്ങൾക്ക് തങ്ങളുടെ നിലപാട് കേരള ഹൈക്കോടതിയെ അറിയിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അല്ലെങ്കില്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ നിലവിലുള്ള ഹർജിയിൽ കക്ഷി ചേരാമെന്നും ബെഞ്ച് അറിയിച്ചു. കേസ് കേരളത്തില്‍ നിന്ന് പുറത്തേക്ക് മാറ്റുകയാണ് ദേവസ്വങ്ങളുടെ ലക്ഷ്യമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ നിലവില്‍ ഈ വിഷയം കേൾക്കാൻ തങ്ങൾക്ക് താത്പര്യം ഇല്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ വർഷവും സമാനമായ സ്റ്റേ
2024 ഡിസംബറിലും സമാനമായ ഹർജിയിൽ സുപ്രീം കോടതി മുൻപാകെ സ്റ്റേ വാങ്ങിച്ചിരുന്നു. 2012ലെ ചട്ടങ്ങള്‍ പ്രകാരമായിരിക്കണം ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കേണ്ടത്. ഈ ചട്ടത്തില്‍ ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കൃതൃമായ മാർഗ്ഗരേഖ നിർദ്ദേശിക്കുന്നുണ്ട്.. ഇതിന് വിരുദ്ധമായി നിർദ്ദേശങ്ങൾ നൽകാൻ ഹൈക്കോടതിക്ക് സാധിക്കില്ല എന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീംകോടതി അന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. പകല്‍ ഒൻപത് മുതല്‍ അഞ്ചുമണിവരെ എഴുന്നള്ളിപ്പ് പാടില്ല എന്നാണ് ഹൈക്കോടതി മാർഗ്ഗനിർദ്ദേശത്തിൽ മുഖ്യമായും പറഞ്ഞിരുന്നത്.
അന്നത്തെ നിരീക്ഷണം
2012ലെ ചട്ടങ്ങള്‍ പാലിക്കാന്‍ ദേവസ്വം ബോർഡുകൾ തയ്യാറാകണം. ചട്ടം പാലിച്ച് ദേവസ്വം ബോർഡുകൾക്ക് ആനകളെ എഴുന്നള്ളിക്കാം. ചട്ടത്തില്‍ ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കൃതൃമായ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. ഇതിന് വിരുദ്ധമായി നിർദ്ദേശങ്ങൾ നല്‍കാന്‍ ഹൈക്കോടതിക്ക് സാധിക്കില്ല എന്നായിരുന്നു അന്നത്തെ നിരീക്ഷണം. ഉത്സവത്തിന് ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്ന ഹൈക്കോടതി നിരീക്ഷണവും തള്ളിയിരുന്നു.









0 comments