ad
Deshabhimani

print edition ഗിച്ചാക്‌ നകാന കണ്ണില്ലാത്ത ഭൂഗർഭ മത്സ്യം

Fish
avatar
ഡോ. ഗംഗാപ്രസാദ് എ

Published on Apr 24, 2026, 11:11 AM | 2 min read

ഭൂമിയുടെ അടിത്തട്ടിലുള്ള ഗുഹകളും ജലസ്രോതസ്സുകളും അത്ഭുതങ്ങളാൽ നിറഞ്ഞതാണ്. മനുഷ്യരുടെ കണ്ണുകൾക്ക് കാണാനാകാത്ത ഈ പ്രദേശത്ത് ജീവിക്കുന്ന ജീവികൾ പലപ്പോഴും വിചിത്രമായ രൂപങ്ങളും സ്വഭാവങ്ങളും ഉള്ളവയാണ്. അടുത്തിടെ അസമിൽ കണ്ടെത്തിയ ഒരു അത്ഭുതമത്സ്യം ശാസ്ത്രജ്ഞരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഗോൽപാര ജില്ലയിൽ മേഘാലയ അതിർത്തിയോട് ചേർന്ന ഗ്രാമത്തിൽനിന്നാണ് ഈ മത്സ്യത്തെ ലഭിച്ചത്. അസമിലും കേരളത്തിലുമുള്ള ഗവേഷകരും ജർമനിയിലെയും സ്വിറ്റ്സർലൻഡിലെയും ഒരുകൂട്ടം ശാസ്ത്രജ്ഞരുമാണ്‌ ഈ മത്സ്യത്തെ തിരിച്ചറിഞ്ഞത്‌. ജേർണൽ ഓഫ് സയന്റിഫിക് റിപ്പോർട്ടിൽ ഈ മത്സ്യത്തെക്കുറിച്ചുള്ള പ്രബന്ധം അടുത്തിടെ പ്രസിദ്ധീകരിച്ചു.

പുതിയ ഇനം മത്സ്യത്തിന് ഗിച്ചാക്‌ നകാന (Gitchaknakana) എന്ന ശാസ്ത്രീയനാമം നൽകിയിട്ടുണ്ട്.


ഗിച്ചാക് എന്നാൽ ഗാരോ (Garo) ഭാഷയിൽ ചുവപ്പ് എന്നാണ്. നകാന എന്നാൽ കണ്ണില്ലാത്ത മത്സ്യം എന്നും. മറ്റുള്ള ഗുഹാ മത്സ്യത്തിന്‌ വിപരീതമായി ഈ കുരുടൻ മത്സ്യം ഭൂഗർഭ ജലസംഭരണിയിലാണ് കാണുന്നത്. ഏകദേശം 2.8 സെന്റീമീറ്റർ മാത്രം വലിപ്പമുള്ള ഈ മത്സ്യത്തിന് പിഗ്മെന്റ് ഇല്ലാത്തതു കാരണം ശരീരം ഭാഗീഗമായി വെളിച്ചം കടത്തിവിടുന്ന (transluclent) ശരീര പ്രകൃതിയാണുള്ളത്. ശരീരം സുതാര്യമാണ്. വെളിച്ചത്തിൽ ശരീരത്തിലൂടെ പ്രകാശം കടക്കുമ്പോൾ രക്തക്കുഴലുകൾ കാണുന്നതുകാരണം രക്തത്തിന്റെ ചുവപ്പ് നിറം പുറത്ത് കാണുന്നു. ഗവേഷകർ നടത്തിയ വിശദമായ പഠനത്തിൽ ഇത് ശാസ്ത്രലോകത്തിന് മുൻപ്‌ പരിചിതമല്ലാത്ത ഒരു ജനുസ്സും സ്പീഷിസുമാണെന്ന് തെളിഞ്ഞു.


പ്രധാന പ്രത്യേകത കണ്ണുകളുടെ അഭാവം തന്നെയാണ്. കണ്ണുകൾ ഇല്ലാത്തതിനാൽ ഇത് പൂർണമായും സ്പർശനവും ജലത്തിലെ തരംഗങ്ങളും ആശ്രയിച്ചാണ് ജീവിക്കുന്നത്. ഈ മത്സ്യത്തിന്റെ അത്ഭുതമായ സവിശേഷത അതിന്റെ തലച്ചോറാണ്. സാധാരണ മീനുകൾക്ക് തലച്ചോറിന് മുകളിൽ അസ്ഥികൂടം ഉണ്ടാകും. എന്നാൽ കണ്ണില്ലാത്ത ഈ മത്സ്യത്തിൽ തലച്ചോർ നേരിട്ട് ത്വക്കിന്‌ അടിയിലാണ്. ഭൂഗർഭ ഗുഹകളിലും വെള്ളച്ചാട്ടങ്ങളുടെ അടിയിലുമുള്ള സ്ഥലത്ത് ജീവിക്കുന്ന ജീവികൾക്ക് ചില പ്രത്യേക സവിശേഷതകളാണുള്ളത്. അതിൽ പ്രധാനപ്പെട്ടവ കണ്ണുകളുടെ അഭാവം, ശരീരത്തിൽ വർണങ്ങളുടെ കുറവ്, സ്പർശനശക്തി കൂടുതൽ, ഊർജം സംരക്ഷിക്കുന്ന ശാരീരിക ഘടന എന്നിവയാണ്. ഈ പ്രത്യേകതകൾ എല്ലാം അസമിൽനിന്നും കണ്ടെത്തിയ ഈ മത്സ്യത്തിലും കണ്ടു. ഗുഹകളിലും ചെറുതായ ഇടങ്ങളിലും സഞ്ചരിക്കാൻ അനുയോജ്യമാണ്‌ ശരീരഘടന. ശരീരത്തിലെ പ്രത്യേക സെൻസറി അവയവങ്ങൾ വഴി ജലത്തിലെ ചെറിയ ചലനങ്ങൾപോലും തിരിച്ചറിയാനുള്ള കഴിവുണ്ട്‌.


ചെറിയ ജീവികളും ജൈവാവശിഷ്ടങ്ങളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. ഇത്തരം ജീവികളിൽ വളരെ മന്ദഗതിയിലുള്ള ഉപാപചയ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പ്രകൃതിയുടെ പരിണാമശക്തിയുടെ മികച്ച ഉദാഹരണമാണ് ഇവ. ലക്ഷക്കണക്കിന് വർഷങ്ങൾ ഭൂഗർഭ അറകളിൽ ജീവിച്ചതുകൊണ്ടാകാം ഇവയുടെ കണ്ണുകൾ ഇല്ലാതായത്.


അസമിൽ മാത്രമല്ല ലോകത്തിന്റെ പലഭാഗങ്ങളിലും കണ്ണില്ലാത്ത ഭൂഗർഭ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. മെക്സിക്കോയിലെ ഗുഹകളിൽ കാണപ്പെടുന്ന മെക്സിക്കൻ ബ്ലയിന്റ് കേവ്ഷിപ്പ്, ചൈനയിലെ ഗുഹകളിലെ ഭൂഗർഭ മീനുകൾ, തായ്‌ലൻഡിലെ ചില ഗുഹകളിലെ ഭൂഗർഭ മീനുകൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഇവയെല്ലാം തന്നെ ഇരുട്ടിൽ ജീവിക്കാൻ അനുയോജ്യമായി പരിണമിച്ചവയാണ്.


ലോകത്ത് കണ്ടെത്തിയിട്ടുള്ള 37,500 മത്സ്യഇനങ്ങളിൽ ഏകദേശം ഒരുശതമാനം ഭൂഗർഭ അറകളിൽ വസിക്കുന്നതായാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഇന്ത്യയിൽ ഇതുവരെ 21 ഇനം ഭൂഗർഭ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 6 എണ്ണം വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിൽനിന്നും 13 എണ്ണം കേരളത്തിൽനിന്നുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home