വരുന്നൂ, കാർബൺ 14 ഡയമണ്ട് ബാറ്ററികൾ-

carbon batteries
avatar
സീമ ശ്രീലയം

Published on Feb 09, 2025, 02:34 AM | 2 min read


വർഷങ്ങളുടെ ആയുസ്സും ശേഷിയും... മെഡിക്കൽ ഉപകരണങ്ങളിൽ മുതൽ ബഹിരാകാശ ദൗത്യങ്ങളിൽവരെ വൻ മാറ്റങ്ങളുണ്ടാക്കാൻ കഴിയുന്ന ഒരു ബാറ്ററി! ബാറ്ററി രംഗത്ത് വിസ്മയം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് കാർബൺ -14 ഡയമണ്ട് ബാറ്ററികൾ. ഒരു ഡയമണ്ടിനുള്ളിൽ കാർബൺ -14 ഉള്ള ബാറ്ററി. ബ്രിസ്റ്റോൾ സർവകലാശാലയിലെയും യുകെ അറ്റോമിക് എനർജി അതോറിറ്റിയിലെയും ഗവേഷകരാണ്‌ അത്ഭുത ബാറ്ററി യാഥാർഥ്യമാക്കിയിരിക്കുന്നത്. സുരക്ഷിതവും സുസ്ഥിരതയുള്ളതുമായ ന്യൂക്ലിയർ ബാറ്ററി എന്ന സ്വപ്നമാണിതോടെ സാക്ഷാൽക്കരിക്കപ്പെടുന്നത്. ഏതാനും മില്ലീമീറ്റർമാത്രം നീളവും വീതിയുമുള്ള ഈ കുഞ്ഞു ബാറ്ററി റേഡിയോ ആക്റ്റീവ് മാലിന്യത്തിൽനിന്ന്‌ ക്ലീൻ എനർജി സാധ്യമാക്കുന്നുവെന്ന സവിശേഷത വേറെ. ഈ നേട്ടം ഊർജരംഗത്ത് പുതിയ യുഗപ്പിറവിക്ക്‌ തുടക്കം കുറിക്കുമെന്ന് ബ്രിസ്റ്റോൾ സർവകലാശാല ഗവേഷകർ അവകാശപ്പെടുന്നു.


ഉള്ളിലുണ്ട്‌ രഹസ്യങ്ങൾ

കാർബൺ -14 എന്ന്‌ കേൾക്കുമ്പോൾ ഫോസിലുകളുടെ കാലഗണനയ്ക്കുപയോഗിക്കുന്ന റേഡിയോ ആക്റ്റീവ് ഐസോടോപ് എന്ന കാര്യമാണ് പലരുടെയും ഓർമയിലെത്തുക. ഡയമണ്ട് ബാറ്ററിയിൽ കാർബൺ -14 ഐസോടോപ്പിന് റേഡിയോ ആക്റ്റീവ് ശോഷണം സംഭവിക്കുമ്പോൾ സ്വതന്ത്രമാവുന്ന ഊർജം പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്. സോളാർ പാനലുകൾ സൂര്യപ്രകാശത്തിലെ ഫോട്ടോണുകൾ ഉപയോഗപ്പെടുത്തുന്നതുപോലെ ഇവിടെ കാർബൺ -14 ശോഷണഫലമായുണ്ടാവുന്ന അതിവേഗ ഇലക്ട്രോണുകൾ ഉപയോഗപ്പെടുത്തും.


ബ്രിസ്റ്റോൾ സർവകലാശാല ഗവേഷകർ വികസിപ്പിച്ചെടുത്ത കൃത്രിമ ഡയമണ്ട് ഒരു റേഡിയോ ആക്റ്റീവ് ഫീൽഡിൽ വയ്ക്കുമ്പോൾ ചെറിയ തോതിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കും. ആദ്യം നിക്കൽ- 63 ഐസോടോപ് റേഡിയേഷൻ സ്രോതസായി ഉപയോഗിച്ചായിരുന്നു പരീക്ഷണം. പിന്നീടത് കാർബൺ 14ലേക്ക് തിരിയുകയായിരുന്നു.


ഒരു ഗ്രാം കാർബൺ 14 അടങ്ങിയിട്ടുള്ള ഡയമണ്ട് ബാറ്ററിയിൽനിന്ന്‌ ഒരു ദിവസം ലഭിക്കുന്ന ഊർജം പ്രതിദിനം 15 ജൂളാണ്. ഇത് ഒരു സ്റ്റാൻഡേഡ് എഎ ബാറ്ററിയെക്കാൾ കുറവാണെങ്കിലും ഡയമണ്ട് ബാറ്ററിയുടെ ആയുസ്സിലാണ് വിസ്മയ സാധ്യതകൾ ഒളിഞ്ഞിരിക്കുന്നത്. ഒരു സാധാരണ ആൽക്കലൈൻ എഎ ബാറ്ററി ഏറെ സമയം പ്രവർത്തിപ്പിച്ചാൽ ഏതാനും ദിവസത്തിനുള്ളിൽ ചാർജ് തീരും. എന്നാൽ കാർബൺ -14 ഐസോടോപ്പിന്റെ അർധായുസ്സ് 5730 വർഷമാണ്. ഇത്രയും വർഷങ്ങൾക്കുശേഷവും ആദ്യം എടുത്ത ഐസോടോപ്പിന്റെ പകുതി അവശേഷിക്കും. ആയിരക്കണക്കിന്‌ വർഷങ്ങൾ പ്രവർത്തിക്കുന്ന ബാറ്ററികളിൽ ഉപയോഗിക്കാൻ കഴിയുമെന്ന്‌ അർഥം.


മാലിന്യത്തിൽനിന്ന്‌ ഊർജം

കാർബൺ 14 ഐസോടോപ്പിനെ ഡയമണ്ടിനുള്ളിൽ ഒതുക്കി ബാറ്ററിയാക്കുന്നതോടെ റേഡിയോ ആക്റ്റീവ് മാലിന്യത്തിൽനിന്ന്‌ സുസ്ഥിര ഊർജമെന്ന സ്വപ്ന സാക്ഷാൽക്കാരം കൂടിയാണ് യാഥാർഥ്യമായിരിക്കുന്നത്. ആണവമാലിന്യ മാനേജ്മെന്റിലും പുതുവഴിത്തിരിവാണിത്. ആണവ നിലയങ്ങളിൽ മോഡറേറ്ററായി ഉപയോഗിക്കുന്ന ഗ്രാഫൈറ്റ് ബ്ലോക്കുകളുടെ ഉപരിതലത്തിലാണ് കൂടുതലായി കാർബൺ -14 രൂപംകൊള്ളുന്നത്. പ്രതിവർഷം യുകെയിൽമാത്രം കാർബൺ -14 അടങ്ങിയ 95,000 ടൺ ഗ്രാഫൈറ്റ് ബ്ലോക്കുകളാണ് ആണവ മാലിന്യമായി ഉണ്ടാവുന്നത്. ഇതിൽനിന്ന്‌ വൻ തോതിൽ കാർബൺ -14 വേർതിരിച്ചെടുക്കുന്നതോടെ ഈ ഗ്രാഫൈറ്റ് ബ്ലോക്കുകളിൽനിന്നുള്ള റേഡിയേഷൻ ഭീഷണി കുറയുകയും ആണവമാലിന്യ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാവുകയും ചെയ്യും. സിന്തറ്റിക് ഡയമണ്ട് ഘടന വികസിപ്പിക്കാനായി യുകെ അറ്റോമിക് എനർജി അതോറിറ്റിയുടെ കൾഹാം ക്യാമ്പസിൽ നൂതന പ്ലാസ്മാ ഡിപ്പോസിഷൻ റിഗ് സ്ഥാപിച്ചു. ഫ്യൂഷൻ ഗവേഷണരംഗത്തെ വിദഗ്ധർ കൂടി കൈകോർത്തതോടെ ഡയമണ്ട് ബാറ്ററി യാഥാർഥ്യമായി.


ആശങ്ക വേണ്ട

റേഡിയോ ആക്റ്റീവ് മൂലകമെന്ന്‌ കേൾക്കുമ്പോഴേ റേഡിയേഷൻ സംബന്ധിച്ച ആശങ്കകൾ ഉണ്ടാവുക സ്വാഭാവികം. എന്നാൽ പ്രകൃതിയിലെ ഏറ്റവും കാഠിന്യമുള്ള പദാർഥമായ ഡയമണ്ടിനുള്ളിലാണ് കാർബൺ -14 ഉൾക്കൊള്ളിക്കുന്നത്. ഈ ഐസോടോപ് ഉൽസർജിക്കുന്ന ഷോർട്ട് റേഞ്ച് വികിരണങ്ങൾ പൂർണമായും ഡയമണ്ട് കവചം ആഗിരണം ചെയ്യുമെന്നതുകൊണ്ടു തന്നെ സുരക്ഷയെപ്പറ്റി ആശങ്ക വേണ്ട. ബാറ്ററി ഉപേക്ഷിക്കേണ്ടി വരുന്ന ഘട്ടത്തിൽ പുനഃചംക്രമണവും സാധ്യം.


സാധ്യതകൾ അനന്തം

പേസ്മേക്കർ പോലുള്ള മെഡിക്കൽ ഇംപ്ലാന്റുകൾ, ശ്രവണ സഹായികൾ, നേത്ര ഉപകരണങ്ങൾ എന്നിവയിലൊക്കെ ഡയമണ്ട് ബാറ്ററികൾ ഉപയോഗിക്കാൻ തുടങ്ങിയാൽ പിന്നെ ബാറ്ററി ഇടയ്ക്കിടെ മാറ്റേണ്ട ആവശ്യം വരില്ല. ബഹിരാകാശ പേടകങ്ങളിലും ഉപഗ്രഹങ്ങളിലും ഡ്രോണുകളിലും ട്രാക്കിങ് ഉപകരണങ്ങളിലും കാലാവസ്ഥാ സെൻസറുകളിലുമൊക്കെ ഡയമണ്ട് ബാറ്ററിയുടെ സാധ്യതകൾ വിസ്മയിപ്പിക്കുന്നതാണ്. അതീവ ദുഷ്കര സാഹചര്യങ്ങളിലും അതിവിദൂര പ്രദേശങ്ങളിലും ഈ മൈക്രോ പവർ ടെക്നോളജിയുടെ സാധ്യതകൾ അനന്തമാണെന്ന് ഗവേഷകർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home