തട്ടകം
നിറഞ്ഞ്
കലയുടെ
തോറ്റങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 12:46 AM | 0 min read

 കുന്നംകുളം

റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ മൂന്നാം നാൾ കുന്നംകുളത്തെ തോറ്റിയുണർത്തുകയായിരുന്നു കൗമാരപ്രതിഭകൾ. കുരുന്നുകളെങ്കിലും  പ്രതിഭാവിലാസത്തിന്റെ വലിയ വിളയാട്ടങ്ങളായിരുന്നു പല വേദികളിലും പല ഇനങ്ങളിലും കണ്ടത്‌. പ്രതിസന്ധികളോട്‌ പൊരുതി നേടിയ വിജയങ്ങളും കലോത്സവവേദിക്കപ്പുറം ഉത്സവവേദികളിലും പൊതുവേദികളിലും കൊട്ടിത്തെളിഞ്ഞവരും പാടിത്തെളിഞ്ഞവരുമുൾപ്പടെ വലിയ നിര ‘പ്രൊഫഷണൽസ്‌’ അരങ്ങിലെത്തി. പരിശീലകർ തുമ്പിയെക്കൊണ്ട്‌  കല്ലെടുപ്പിക്കും പോലെ കലോത്സവത്തിനുവേണ്ടി കാപ്‌സ്യൂൾ കലാപഠനം നടത്തിയവരല്ല, ചിലരെങ്കിലും. വർഷങ്ങളായി മേളത്തിലും നൃത്തത്തിലും സംഗീതത്തിലും അർപ്പിതപരിശീലനം നേടി അതുതന്നെ ജീവിതമാക്കാൻ കൊതിച്ചവരെയും കലോത്സവവേദിയിൽ കണ്ടു. ഹൈസ്‌കൂൾ വിഭാഗം നാടകമത്സരം രംഗപാഠങ്ങൾ കൊണ്ടും അരങ്ങുഭാഷകൊണ്ടും അഭിനയം കൊണ്ടും പതിവു പോലെ മികച്ച നിലവാരം പുലർത്തി. മലയപ്പുലയാട്ടവും മംഗലംകളിയും അറബനയും മോഹിനിയാട്ടവും ഭരതനാട്യവും തിരുവാതിരയുമെല്ലാമായി വേദികൾ സമൃദ്ധമായിരുന്നു. അതേസമയം പല ഇനങ്ങളും സമയത്തിന്‌ തീരാത്തതും തുടർന്ന്‌ വേദികൾ മാറ്റുന്നതും മത്സരാർഥികളെ വലച്ചു. വ്യാഴാഴ്‌ചയിലെ മത്സരങ്ങളിൽ ചിലത്‌ തീർന്നത്‌ വെള്ളി പുലർച്ചെ മൂന്നിനാണ്‌. തിരുവാതിര വേദിയിൽ വിധിനിർണയത്തെ ചൊല്ലിയുള്ള വിവാദവുമുണ്ടായി. ഇതുവരെ 102 അപ്പീലുകൾ വന്നിട്ടുണ്ട്.
 


deshabhimani section

Related News

View More
0 comments
Sort by

Home