അഴകായൊഴുകി ഓണവില്ലിൻ പാട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 09, 2024, 12:20 AM | 0 min read

തൃശൂർ 
ആര്‍പ്പോയ്‌....  അവർ ഒന്നിച്ച്‌ വിളിച്ചോതി. തോളിലേന്തിയ ഓണവില്ലടിച്ച്‌  പാടിയപ്പോൾ തള്ള, കാട്ടാളൻ, ഹനുമാൻ മുഖങ്ങളണിഞ്ഞ്‌ കുമ്മാട്ടികൾ ചുവടുവച്ചു. ഓണപ്പാട്ടിനൊപ്പം തുമ്പിതുള്ളലും. തൃശൂരിന്റെ സാംസ്‌കാരിക അടയാളമായ കലാരൂപങ്ങൾ വീണ്ടെടുക്കുകയാണ്‌. കുമ്മാട്ടിക്കളിയുടെ ഈറ്റില്ലമായ കിഴക്കുംപാട്ടുകര തെക്കുമുറി വിഭാഗക്കാരാണ്‌ എസ്‌എൻഎ ഔഷധശാല അങ്കണത്തിൽ ഓണവില്ലടിച്ച്‌ പാട്ടും തുമ്പിതുള്ളലും അവതരിപ്പിച്ചത്‌. ആര്‍പ്പുവിളികളോടെയായിരുന്നു തുടക്കം. വിളക്ക്‌ തെളിച്ചശേഷം കുമ്മാട്ടികൾ നാളികേരമുടച്ചു. 
തൃശൂരിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്നതായിരുന്നു ആദ്യ പാട്ട്‌. ‘‘കുണ്ടൻ കിണറ്റിൽ കുറുവടി പോയാൽ.. കുമ്പിട്ടെടുക്കും കുമ്മാട്ടി... എത്താപൊക്കത്തെ  വാളൻപുളിങ്ങ എത്തിച്ചു പൊട്ടിയ്ക്കും കുമ്മാട്ടി... ഓണനാളിൽ വില്ലുകൊടുത്താൽ.. വന്നുകുലയ്‌ക്കും കുമ്മാട്ടി..  മേനോന്മാരെ മാന്യന്മാരെ കുമ്മാട്ടിക്കൊരു മുണ്ടുകൊട്.. കുമ്മാട്ടിക്കൊരു മുണ്ടു കൊടുത്താൽ മുണ്ടിനായി മുട്ടുവരില്ല’’ എന്നീ വരികൾ പാടിയപ്പോൾ കുമ്മാട്ടികൾ തുള്ളിച്ചാടി. തുടർന്നായിരുന്നു തുമ്പിതുള്ളൽ പാട്ട്‌.  ‘‘എന്താ തുമ്പി തുള്ളാത്തെ പൂവു പോരാഞ്ഞോ, പൂക്കില പോരാഞ്ഞോ..  എന്തേ തുമ്പീ തുള്ളാത്തൂ കിണ്ണത്തിൽ എണ്ണ കുറവായോ'' തുടങ്ങിയ വരികളുമായതോടെ പോയകാല സ്‌മരണകൾ പടർന്നു.  
പഴയകാലങ്ങളിൽ കുമ്മാട്ടികളിറങ്ങുമ്പോൾ ഓണവില്ലടിച്ച്‌ പാട്ട്‌ ഒപ്പമുണ്ടാവാറുണ്ട്‌. ‘‘തള്ളേ തള്ളേ എങ്ങട്ട് പോണൂ, ഭരണിക്കാവിൽ നെല്ലിനു പോണൂ..അവിടുത്തെ തമ്പ്രാൻ എന്ത് പറഞ്ഞു, തല്ലാൻ വന്നു കുത്താൻ വന്നു’’ എന്നിങ്ങനെ ഹാസ്യാത്മകമായി പോയകാല സ്‌മൃതികൾ പങ്കുവയ്‌ക്കും. എന്നാൽ ഇപ്പോൾ വാദ്യങ്ങളാണ്‌.  ആ ബഹളത്തിനിടെ വില്ലടിച്ച്‌ പാട്ട്‌ പാടിയാലും ആരും കേൾക്കില്ല. അതിനാൽ ആ പാട്ടുകൾ വിസ്‌മൃതിയിലാവുകയാണ്‌. ഈ കലാരൂപം വീണ്ടെടുക്കാനാണ്‌ കിഴക്കുംപാട്ടുകര തെക്കുമുറി  വിഭാഗക്കാർ വീണ്ടും അവതരിപ്പിച്ചത്‌. സ്‌ത്രീകൾ വട്ടംകൂടിയിരുന്നാണ്‌  തുമ്പി തുളളുക. ഒരാൾ പൂക്കുലപിടിച്ച്‌  നടുവിലിരിക്കും.  ചുറ്റും നിൽക്കുന്നവർ  ആർപ്പും കുരവയുമായി  പാടും. പാട്ടിൻ വേഗത കൂടുന്നതിനനുസരിച്ച്  നടുവിലിരിക്കുന്ന സ്‌ത്രീ  തുമ്പിയെ പോലെ തുള്ളാൻ തുടങ്ങും. തെക്കുമുറി വിഭാഗക്കാരാണ്‌ കുമ്മാട്ടിക്കളിക്ക്‌ തുടക്കം കുറിച്ചത്‌. തുടർച്ചയായി 84–-ാം വർഷത്തിലേക്ക്‌ കടക്കുകയാണ്‌.


deshabhimani section

Related News

View More
0 comments
Sort by

Home