പറന്നുയർന്നു കണ്ണൂർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2018, 08:31 PM | 0 min read


കണ്ണൂർ
ജനലക്ഷങ്ങളെ സാക്ഷിയാക്കി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം  മുഖ്യമന്ത്രി പിണറായി വിജയൻ നാടിന‌് സമർപ്പിച്ചു. വ്യോമയാന മന്ത്രി സുരേഷ‌്പ്രഭുവും  മുഖ്യമന്ത്രിയും ചേർന്ന‌് ചുവപ്പും വെള്ളയും കലർന്ന പതാക വീശിയപ്പോൾ, 185 യാത്രക്കാരുമായി എയർ ഇന്ത്യയുടെ ബോയിങ് വിമാനം അബുദബി ലക്ഷ്യമിട്ട‌് ആകാശനീലയിലേക്ക‌്  ഉയർന്നു. ഒപ്പം വികസനചക്രവാളം തുറക്കുന്ന കണ്ണൂർ വിമാനത്താവളം ഹൃദയത്തിൽ ഏറ്റുവാങ്ങിയ ജനസഞ്ചയത്തിന്റെ ആഹ്ലാദാരവങ്ങളും വാനോളമുയർന്നു.

മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാന മന്ത്രിയും മന്ത്രിമാരും അതിഥികളും ചേർന്ന‌് വിളക്ക‌് കൊളുത്തി പാസഞ്ചർ ടെർമിനൽ ഉദ‌്ഘാടനംചെയ‌്തു.  വടക്കേ മലബാറുകാരുടെ കാൽനൂറ്റാണ്ടു കാലത്തെ സ്വപ‌്നം യാഥാർഥ്യമായതോടെ കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം വ്യോമായാന ഭൂപടത്തിൽ  ഇടംപിടിച്ചു. 

കണ്ണൂരിൽ വിമാനത്താവളത്തിന‌് ബീജാവാപം നൽകിയ മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ പത്നി ശാരദ ടീച്ചറും കുടുംബവും,  മുൻകൈയെടുത്ത മുൻ വ്യോമയാന മന്ത്രി സി എം ഇബ്രാഹിമും ആഹ്ലാദനിമിഷത്തിൽ പങ്കാളികളായി. ഉദ‌്ഘാടന ദിവസമായ ഞായറാഴ‌്ച നായനാരുടെ ജന്മദിനമായിരുന്നുവെന്ന പ്രത്യേകതയുമുണ്ടായിരുന്നു.

പ്രശസ‌്ത വാദ്യ കലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ കേളികൊട്ടോടെയായിരുന്നു ചടങ്ങ‌് ആരംഭിച്ചത‌്. മിലിട്ടറി ബാന്റ‌്മേളത്തിന്റെ അകമ്പടിയിൽ മുഖ്യമന്ത്രി വിമാനത്താവളത്തിന‌് മുന്നിൽ ദേശീയ പതാക ഉയർത്തി. ഉദ‌്ഘാടന ഫലകത്തിന്റെ അനാച്ഛാദനവും നിർവഹിച്ചു. പാസഞ്ചർ ടെർമിനലിൽ അനുബന്ധ  സംവിധാനങ്ങളുടെ  ഉദ‌്ഘാടനം മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, ഇ ചന്ദ്രശേഖരൻ, എ കെ ശശീന്ദ്രൻ എന്നിവർ നിർവഹിച്ചു.

എയർ ട്രാഫിക‌് ടവറിന‌് സമീപത്തായി ഒരുക്കിയ വേദി രാവിലെ ഏഴോടെ കലകളുടെ സംഗമ ഭൂമിയായി. കളരിപ്പയറ്റും ഒപ്പനയും തിരുവാതിരയും മോഹിനിയാട്ടവും നാടൻപാട്ടും വാദ്യമേളങ്ങളും  അതിഥികൾക്ക‌് കലാവിരുന്ന‌് സമ്മാനിച്ചു.  ഉദ‌്ഘാടനച്ചടങ്ങിന‌് മണിക്കൂറുകൾക്കുമുമ്പ‌്  കടൽത്തിരപോലെ ജനപ്രവാഹം. വ്യവസായി എം എ  യൂസഫലിയടക്കമുള്ള സമൂഹത്തിന്റെ നാനാമേഖലയിലുമുള്ള പ്രമുഖരും വിമാനത്താവളത്തിനായി ആദ്യകാലത്ത‌് പ്രവർത്തിച്ചവരും വീടും സ്ഥലവും വിട്ടുനൽകിയവരും  എംഎൽഎമാരടക്കമുള്ള ജനപ്രതിനിധികളും  ചടങ്ങിന‌് സാക്ഷ്യം വഹിച്ചു. പ്രഥമ വിമാനത്തിലെ യാത്രക്കാരെ മന്ത്രിമാരായ ഇ പി ജയരാജനും കെ കെ ശൈലജയും  രാമചന്ദ്രൻ കടന്നപ്പള്ളിയും ചേർന്ന‌് വരവേറ്റു.

ഉദ‌്ഘാടനചടങ്ങിൽ മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനായി. കിയാൽ എംഡി വി തുളസീദാസ് വിമാനത്താവളം പ്രൊജക്ടിനെക്കുറിച്ച‌് വിശദീകരിച്ചു. മന്ത്രിമാരായ കെ കെ ശൈലജ, ഇ ചന്ദ്രശേഖരൻ, കെ കൃഷ‌്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, മുൻ മന്ത്രി കോടിയേരി ബാലകൃഷ‌്ണൻ, സി എം ഇബ്രാഹിം, എംപിമാരായ പി കരുണാകരൻ, പി കെ ശ്രീമതി, കെ കെ രാഗേഷ‌്, കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി ആർ എൻ  ചൗബെ, ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് കെ വി സുമേഷ‌്  എന്നിവരും സംസാരിച്ചു. കേരള ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതവും വിമാനത്താവളം എക്‌സിക്യൂട്ടീവ് ഡയറക്ടർ  കെ പി ജോസ് നന്ദിയും പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home