കരിപ്പൂര്‍ വിമാനത്താവളം: കാറ്റഗറിയില്‍ മാറ്റം വരുത്തിയ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് കോടിയേരി

കോഴിക്കോട് > കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കാറ്റഗറിയില്‍ മാറ്റം വരുത്തിയ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സ്ഥാനം നേരത്തെയുണ്ടായിരുന്ന കാറ്റഗറി 9 ല്‍ നിന്ന് 7 ആയി കുറച്ചിരിക്കുകയാണ്. ഇതുമൂലം ഇനിമുതല്‍ 180 പേര്‍ക്ക് യാത്രചെയ്യാവുന്ന എയര്‍ ക്രാഫ്റ്റുകള്‍ക്ക് മാത്രമേ കരിപ്പൂരില്‍ സര്‍വ്വീസ് നടത്താന്‍ അനുമതി ലഭിയ്ക്കുകയുള്ളു.
ബോയിംഗ് 747 ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍ക്ക് ഈ വിമാനത്താവളത്തില്‍ ഇനിയിറങ്ങാന്‍ സാധിക്കുകയില്ല. ഇത് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്നും കോടിയേരി പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും മലബാര്‍ മേഖലയിലുള്ളവരാണ്. കരിപ്പൂര്‍ വിമാനത്താവളത്തോട് വൈരനിര്യാതനബുദ്ധിയോടെയുള്ള നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. മലബാര്‍ മേഖലയുടെ വികസനത്തിന് ആക്കം കൂട്ടിയിരുന്ന വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.
ഇതിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും, വിമാനത്താവളത്തിന്റെ കാറ്റഗറി 9 ആയി നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും കോടിയേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.








0 comments